രക്ഷകജനനത്തിന്റെ നാള്‍വഴികളിലൂടെ: പന്ത്രണ്ടാം ദിവസം

ജിന്‍സി സന്തോഷ്‌

സർവ്വത്തിന്റെയും ഉടയവനായ സൃഷ്ടാവായ ദൈവം കാരുണ്യപൂർവ്വം മനുഷ്യകുലത്തെ നോക്കിയതു മൂലം ഉണ്ടായ ദൈവപുത്രന്റെ മനുഷ്യാവതാരം. എല്ലാം മാറ്റിമറിക്കാൻ കഴിവുണ്ടായിട്ടും ഒരു മാറ്റവും വരുത്താതിരുന്നവന്‍, എല്ലാ സമ്പത്തിനും ഉടയവനായിരുന്നിട്ടും ഒന്നും സ്വന്തമായി ഇല്ലാതിരുന്നവൻ, താൻ സ്നേഹിച്ചവരെല്ലാം പൂർണ്ണമായും തന്റേതു മാത്രമാവാൻ, അവർ തന്നെ മാത്രം ഓഹരിയും പാനപാത്രവുമായി ദാഹം കൊള്ളാൻ സമ്പന്നനായവൻ ദരിദ്രനായി. ലോകത്തിന്റെ നശ്വരതകൾക്കു നടുവിൽ അനശ്വരതയെ പുൽകാൻ ക്രിസ്തു എളിമയുടെ, സ്വയം ശൂന്യമാക്കപ്പെടലിന്റെ വഴിവിളക്കായി കാലിത്തൊഴുത്തിൽ. സമൃദ്ധിക്കും സുഖഭോഗങ്ങൾക്കും നടുവിൽ ക്രിസ്തുവിനെ മറന്ന് നമ്മൾ.

‘ഞാൻ’, ‘എന്റെ’ എന്ന ഭാവം ഉപേക്ഷിച്ച് എളിമയുടെ തലത്തിലേക്ക് സ്വർഗം നമ്മെ ക്ഷണിക്കുന്നു. ദൈവത്തിന് മനുഷ്യനോടു തോന്നിയതു പോലെയുള്ള കരുതലുള്ള കാരുണ്യം സഹജീവിതങ്ങളോട് കാണിക്കാൻ ദൈവപുത്രന്റെ പിറവി ലോകത്തോട് പ്രഘോഷിക്കുന്നു. “അവനെ പിള്ളക്കച്ച കൊണ്ട് പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തി. കാരണം, സത്രത്തിൽ അവർക്ക് സ്ഥലം ലഭിച്ചില്ല” (ലൂക്കാ 2:7).

ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട കാര്യമായി പരിഗണിക്കാതെ മനുഷ്യസാദൃശ്യത്തിൽ ആയിത്തീർന്ന് ഉപേക്ഷിക്കലിന്റെ പരമകോടി പ്രഘോഷിച്ച ക്രിസ്തുവിന്റെ അനുയായികൾ അവനെപ്രതി ഉപേക്ഷിച്ചവയെ, ഉച്ചിഷ്ടങ്ങളെ വിശിഷ്ടങ്ങളായി കരുതരുത്.

ഉപേക്ഷകൾ എന്നും വേദനാജനകമാണ്. ഉപേക്ഷിക്കുകയെന്നാൽ ഒരു പുഴയാകുക എന്നർത്ഥം. അരുവി പുഴയായി, പുഴ നദിയായി, നദി കടലായി വളരുന്നതിൽ ഉപേക്ഷിക്കലുകളുടെ നീണ്ട ഒരു നിര തന്നെയുണ്ട്. ഉറവിടത്തെ ഉപേക്ഷിച്ച് യാത്രയാകുന്നതിന്റെ ചങ്കൂറ്റം. ക്രിസ്തുവിനു വേണ്ടി നമ്മുടെ ചെറിയ ഉറവിടങ്ങളെ അകറ്റിനിർത്താനാവണം നമുക്ക്. ചില വഴിവിട്ട ബന്ധങ്ങളിലേക്ക് നയിച്ച, ചില ദുശ്ശീലങ്ങളിലേക്ക് നമ്മെ നയിച്ച, ചില തഴക്കദോഷങ്ങളുടെ അടിമത്വത്തിന് കാരണമായ ഉറവിടങ്ങളെ ഉപേക്ഷിക്കാനാവണം.

ഉറവിടങ്ങൾ താൽക്കാലിക സുഖങ്ങൾ നൽകുന്നവയാണ്. ജീവിക്കാൻ ഇത്രയേറെ കൂടുകളൊന്നും നമുക്കാവശ്യമില്ല. കാരണം കലവറകൾ വർദ്ധിക്കുന്തോറും പതിരുകളും വർദ്ധിക്കും. സ്ഥാപനങ്ങളുടെ, സ്ഥാനമാനങ്ങളുടെ സംരക്ഷണത്തിനുള്ള അമിതാവേശം കെട്ടടങ്ങട്ടെ. ദൈവവുമായുള്ള സമാനത പരിഗണിക്കാതെ മനുഷ്യനെ സ്നേഹിച്ച് മാനവനായ ക്രിസ്തുവിനെപ്പോലെ, ക്രിസ്തുവിനെപ്രതി സർവ്വവും ഉച്ചിഷ്ടമായി കണ്ട പൗലോസിനെപ്പോലെ…

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.