രക്ഷകജനനത്തിന്റെ നാൾവഴികളിലൂടെ: പതിനൊന്നാം ദിവസം

ജിന്‍സി സന്തോഷ്‌

“ദൂതന്‍ മറുപടി പറഞ്ഞു: ഞാന്‍ ദൈവസന്നിധിയില്‍ നില്‍ക്കുന്ന ഗബ്രിയേല്‍ ആണ്‌. നിന്നോടു സംസാരിക്കാനും സന്തോഷകരമായ ഈ വാര്‍ത്ത നിന്നെ അറിയിക്കാനും ഞാന്‍ അയക്കപ്പെട്ടിരിക്കുന്നു” (ലൂക്കാ 1:19).

വാർദ്ധക്യത്തിൽ ഒരു കുഞ്ഞു പിറക്കുമെന്ന സ്വർഗത്തിന്റെ ദൂത് സഖറിയായെ അറിയിച്ച ഗബ്രിയേൽ മാലാഖ, രക്ഷകജനനത്തെക്കുറിച്ചുള്ള സ്വർഗത്തിന്റെ ദൂത് മറിയത്തെ അറിയിച്ച ഗബ്രിയേൽ മാലാഖ, യൗസേപ്പിന്റെ മുമ്പിൽ അവനെ വലിയ ഉത്തരവാദിത്വങ്ങൾ ഭരമേല്പിക്കാൻ സ്വർഗത്തിന്റെ ദൂതുമായി ഗബ്രിയേൽ മാലാഖ, നസ്രത്തിലേക്ക് വഴി മാറി പോകണമെന്ന
സൂചനയുമായി ജോസഫിന്റെ സ്വപ്നത്തിൽ സ്വർഗത്തിന്റെ ദൂതുമായി വീണ്ടും ഗബ്രിയേൽ മാലാഖ…

ജീവിതവഴികളിലെ കെണികളെക്കുറിച്ചുള്ള സൂചന നൽകാൻ, ദുരിതവേളകളിൽ സ്വർഗത്തിന്റെ ആശ്വാസം പകരാൻ, പ്രലോഭനങ്ങളെ അതിജീവിക്കാൻ, ജീവിതം വച്ചുനീട്ടുന്ന സഹനത്തിന്റെ പാനപാത്രം മട്ടോളം കുടിച്ചുതീർക്കാനുള്ള ശക്തിയാർജ്ജിക്കാൻ നമുക്ക് മാലഖയുടെ കൂട്ട് വേണം. മറ്റാരേയുംകാൾ നിന്നെ
പരിപൂർണ്ണമായി അറിയുന്ന, നിന്റെ ജീവിത ദിനരാത്രങ്ങളിൽ സംരക്ഷണവലയമൊരുക്കുന്ന, സദാ ദൈവസന്നിധിയിൽ നിനക്കു വേണ്ടി മാദ്ധ്യസ്ഥം യാചിക്കുന്ന സ്വർഗ്ഗത്തിന്റെ സംരക്ഷണ ദൂതൻ.

ദൈവസ്നേഹത്തിൽ നിന്ന് നീ കുതറിമാറിയ വേളകളെ ഓർത്ത്, അനുതപിക്കുന്ന നിന്റെ തിരിച്ചുവരവിൽ സ്വർഗം സന്തോഷിക്കുമ്പോൾ നിനക്ക് സംരക്ഷണമൊരുക്കിയ സ്വർഗത്തിന്റെ ദൂതന്മാരെ വിസ്മരിക്കരുത്. ജീവിതയാത്രയിൽ പ്രതിസന്ധികളുടെ ഇടവഴികളിലെന്നും നിന്നെയും കാത്ത് നിനക്കു മുമ്പേ വഴിതെളിച്ച് അവനുണ്ടാകും, സ്വർഗത്തിന്റെ ദൂത് അറിയിക്കാൻ ദൈവസന്നിധിയിൽ നിന്ന് ഒരു മാലാഖ.

“കർത്താവിന്റെ ദൂതൻ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു”(സങ്കീ. 34:7).

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.