സാത്താനെ അകറ്റി നിര്‍ത്താനും ആട്ടിപ്പായിക്കാനും ഈ ‘കല്ലുകള്‍’ ഉപയോഗിക്കാം 

വിശുദ്ധരുടേതിന് സമാനമായ ജീവിതം നയിക്കാന്‍ ആഗ്രഹിക്കാത്തവരില്ല. എന്നാല്‍, പലപ്പോഴും പലവിധ പ്രലോഭനങ്ങളില്‍ പെട്ട്, പാപം ചെയ്ത് നാം ആ വിശുദ്ധിയില്‍ നിന്ന് അകന്നുമാറി പോവുകയാണ് പതിവ്. സാത്താന്റെ പിടിയില്‍ നിന്ന് രക്ഷപെടാന്‍ എന്താണ് വഴി എന്ന് ചിന്തിക്കാത്തവരും ഉണ്ടാവില്ല. എന്നാല്‍ എങ്ങനെയാണ് സാത്താനെ തോല്പിക്കേണ്ടതെന്ന് പലര്‍ക്കും അറിഞ്ഞുകൂടാ.

സാത്താനെ എറിഞ്ഞോടിക്കാന്‍ ശക്തമായ കല്ലുകളുണ്ടെന്നും ആ കല്ലുകള്‍ പ്രയോഗിച്ചാല്‍ സാത്താനെ ഓടിക്കാമെന്നും വ്യക്തമാക്കുകയാണ് നോബര്‍ട്ടൈന്‍ വൈദികനായ ഫാ. ചാര്‍ബെല്‍ ഗര്‍ബാവാക്. ദാവീദ് ഗോലിയാത്തിനെ എറിഞ്ഞോടിച്ചതുപോലെ സാത്താനെ എറിഞ്ഞോടിക്കാനുള്ള പ്രധാനപ്പെട്ട അഞ്ച് കല്ലുകള്‍ ഏതൊക്കെയെന്ന് നോക്കാം…

1. കുമ്പസാരം

പശ്ചാത്താപത്തോടെയും അനുതാപത്തോടെയുമുള്ള കുമ്പസാരം നമ്മുടെ ആത്മാവിനെ വിശുദ്ധീകരിക്കുന്നു. ഓരോ കുമ്പസാരത്തിലൂടെയും നമ്മുടെ ഹൃദയം നിര്‍മ്മലമാക്കപ്പെടുന്നു. സാത്താനെ അകറ്റി നിര്‍ത്താനുള്ള ഒരു മാര്‍ഗ്ഗമിതാണ്.

2. ദിവ്യകാരുണ്യം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് പുറപ്പെടുന്ന ചുവന്ന രശ്മികള്‍ കൊണ്ട് മനസും ശരീരവും ആത്മാവും നിറയപ്പെടുന്നതായി സങ്കല്പിക്കുക. അങ്ങനെ നിറയപ്പെടുന്ന ഒരു വ്യക്തിയെ സമീപിക്കാന്‍ പോലും സാത്താനാവില്ല.

3. തിരുവചനം

അനുദിനമുള്ള തിരുവചനവായന അശുദ്ധമായ വിചാരങ്ങളില്‍ നിന്നും ചിന്തകളില്‍ നിന്നും നമ്മെ അകറ്റിനിര്‍ത്തും. നമ്മുടെ ഓര്‍മ്മയെ വിശുദ്ധീകരിക്കും. അശുദ്ധമായ വിചാരങ്ങള്‍ അകലുമ്പോള്‍ സാത്താനും അകന്നുപോകും.

4. തിരുഹൃദയത്തോടുള്ള പ്രാര്‍ത്ഥന

ഈശോയുടെ തിരുഹൃദയത്തോടും മാതാവിന്റെ ദുഖാര്‍ത്തമായ ഹൃദയത്തോടും പ്രാര്‍ത്ഥിക്കുക. ജപമാല ചൊല്ലുക. ദൈവത്തോട് ഹൃദയം കൊണ്ട് സംസാരിക്കുക. സാത്താന്‍ ഏറ്റവും ഭയപ്പെടുന്ന പ്രാര്‍ത്ഥനയാണ് ‘നന്മ നിറഞ്ഞ മറിയമേ..’

5. ഉപവാസം

ബുധനാഴ്ചകളിലും വെള്ളിയാഴ്ചകളിലും ഉപവസിച്ചു പ്രാര്‍ത്ഥിക്കുക. ത്യാഗത്തോടെയുള്ള പ്രാര്‍ത്ഥന സാത്താനെ നമ്മില്‍ നിന്ന് അകറ്റും.