തൃശൂര്‍ അതിരൂപത ‘ഹരിത സാന്ത്വനം’ നാളെ തുറക്കും

അതിരൂപതയുടെ ആഭിമുഖ്യത്തില്‍ കാര്‍ഷികോത്പന്ന വിപണനകേന്ദ്രം ‘ഹരിതസാന്ത്വനം’ തുടങ്ങുന്നു. ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ തന്നെയാണ് വിപണനകേന്ദ്രം തുടങ്ങുന്നത്. ലോക പരിസ്ഥിതിദിനമായ വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും.

അതിരൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ ‘സാന്ത്വന’ത്തിന്റെ നേതൃത്വത്തിലാണ് ഈ പദ്ധതി തയ്യാറാക്കിയത്. വിഷരഹിത പച്ചക്കറി ജനങ്ങള്‍ക്കു ലഭ്യമാക്കാനുള്ള സംരംഭമാണിത്. കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്കു നല്ല പച്ചക്കറികള്‍ ലഭ്യമാക്കുകയാണു ലക്ഷ്യം. എല്ലാ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെ പത്തു മുതല്‍ വൈകുന്നേരം നാലു വരെ ഈ വിപണനകേന്ദ്രം പ്രവര്‍ത്തിക്കും.

കര്‍ഷകര്‍ ഉല്‍പന്നങ്ങള്‍ രാവിലെ പത്തിനു മുമ്പ് വിപണനകേന്ദ്രത്തില്‍ എത്തിക്കണം. വിഷരഹിത പച്ചക്കറികള്‍ മാത്രമേ സ്വീകരിക്കൂ. ഉല്‍പന്നങ്ങളില്‍ കര്‍ഷകന്റെ പേരും വിലാസവും ഉണ്ടാകും. നേരത്തെ അട്ടപ്പാടിയിലെ കര്‍ഷകരില്‍ നിന്നു ശേഖരിച്ച നേന്ത്രക്കായ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി, സാന്ത്വനം വിപണനം നടത്തിയിരുന്നു.

അതിരൂപത തന്നെ നടത്തറിയിലെ പത്ത് ഏക്കര്‍ സ്ഥലത്ത് പച്ചക്കറി കൃഷി തുടങ്ങിയിട്ടുണ്ട്. ഇടവകകളിലും ഓരോ കുടുംബങ്ങളിലും ഹരിതസാന്ത്വനം പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്യുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9567830908

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.