ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട ആകുലത അലട്ടുന്നുണ്ടോ..? ഈ മൂന്ന് വിശുദ്ധ അമ്മമാരുടെ ജീവിതം ആശ്വാസം പകരും

കത്തോലിക്കാ സഭ അന്നും ഇന്നും എന്നും തുടര്‍ന്നുവരുന്ന വലിയ പോരാട്ടമാണ് ഗര്‍ഭഛിദ്രത്തിനെതിരെയുള്ളത്. പല രാജ്യങ്ങളിലും ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന ചര്‍ച്ചകളില്‍ സഭ, തന്റെ നയം വ്യക്തമാക്കുകയും ഗര്‍ഭസ്ഥശിശുക്കളുടെ ജീവനു വേണ്ടി പോരാട്ടം നടത്തുകയും ചെയ്തുവരുന്നു.

പല കാരണങ്ങളുടെ പേരില്‍ ഗര്‍ഭഛിദ്രം നടത്തേണ്ടി വരികയും പിന്നീട് അതേക്കുറിച്ച് നിരാശയില്‍ കഴിയുകയും ചെയ്യേണ്ടി വരുന്ന സ്ത്രീകളുണ്ട്. എന്നാല്‍ അവര്‍ക്ക് ആശ്വാസം പകരാന്‍ കഴിയുന്ന മൂന്ന് വിശുദ്ധജീവിതങ്ങളുണ്ട്. സമാനമായ പ്രതിസന്ധികളെ ക്രിസ്തീയചൈതന്യത്തോടെ നേരിട്ടവര്‍. അവരുടെ ജീവിതം അറിയുകയും അവരോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത് ഈ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നവര്‍ക്ക് ആശ്വാസം നല്‍കും.

1. വിശുദ്ധ ജിയാന്ന ബറേത്ത മോള്ള

ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധയായിരുന്നു ജിയാന്ന. ഒരു ഡോക്ടറായിരുന്ന അവള്‍ ആറ് കുട്ടികളുടെ അമ്മയുമായിരുന്നു. തന്റെ അവസാനത്തെ കുട്ടിക്ക് ജന്മം നല്‍കിയതു വഴിയാണ് അവള്‍ തന്റെ ജീവിതത്തിന് വീരോചിതമായ സാക്ഷ്യം നല്‍കിയത്. 1961-ല്‍, ഗര്‍ഭിണിയായിരുന്ന അവളെ ചികിത്സിച്ചിരുന്ന ഡോക്ടര്‍മാര്‍ അവളുടെ ഗര്‍ഭാശയത്തില്‍ ഒരു മുഴ ഉണ്ടെന്നും അത് പ്രസവത്തെ ബാധിക്കുമെന്നും അവളോട് പറഞ്ഞു. കുഞ്ഞിനെ ഗര്‍ഭഛിദ്രം ചെയ്തുകൊണ്ട് അവളുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ അവളോട് ആവശ്യപ്പെട്ടു.

എന്നാല്‍ ‘പ്രസവത്തില്‍ കുഴപ്പം ഉണ്ടാവുകയാണെങ്കില്‍ എന്റെ ജീവന്‍ കാര്യമാക്കേണ്ട, ദൈവം എനിക്ക് നല്‍കിയ എന്റെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കണം’ എന്നായിരുന്നു അവള്‍ തന്റെ ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കിയതിനു ശേഷം ഒരാഴ്ച കഴിഞ്ഞപ്പോള്‍ അവളുടെ ആരോഗ്യനില വഷളാവുകയും അവള്‍ മരണമടയുകയും ചെയ്തു.

2. വിശുദ്ധ സെലി മാര്‍ട്ടിന്‍

സാധാരണക്കാരിയായ ഒരമ്മയായിരുന്നു സെലി. ഒരു സാധാരണ കുടുംബിനിയും തുന്നല്‍ക്കാരിയുമായിരുന്നു അവള്‍. സംഭവബഹുലമല്ലാത്ത ഒരു വിവാഹമായിരുന്നു അവളുടേത്. പക്ഷേ, ദൈനംദിന ജീവിതത്തില്‍ വിശ്വാസത്തിനുള്ള മൂല്യത്തിന്റേയും മാതൃത്വമെന്ന ദൈവനിയോഗത്തിന്റേയും പ്രകടനമായിരുന്നു അവളുടെ വിശുദ്ധി. ഒരമ്മയുടെ ലളിതമായ സ്‌നേഹം മക്കളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും. വാസ്തവത്തില്‍ ഇതാണ് മുഴുവന്‍ ലോകത്തിലേയ്ക്കും വച്ച് ഏറ്റവും വലിയ ശക്തി എന്നുള്ള കാര്യം.

ഈ അമ്മയുടെ ത്യാഗവും സ്‌നേഹവും പ്രാര്‍ത്ഥനയും മൂലം അവളുടെ ഭര്‍ത്താവും (വി. ലൂയിസ് മാര്‍ട്ടിന്‍) മകളും (വി. കൊച്ചുത്രേസ്യ) വിശുദ്ധരായി മാറി. കത്തോലിക്കാസഭ വിശുദ്ധരായി പ്രഖ്യാപിച്ച ആദ്യത്തെ ദമ്പതികളാണ് വി. ലൂയിസ് മാര്‍ട്ടിനും വി. സെലി മാര്‍ട്ടിനും.

3. സ്വീഡനിലെ വിശുദ്ധ കാതറിന്‍

ഗര്‍ഭഛിദ്രത്തിന്റെ ദുഖം വ്യക്തിപരമായി അനുഭവിച്ചിട്ടില്ലെങ്കിലും സമാനദുരന്തം നേരിട്ടവരെ ശുശ്രൂഷിച്ചിരുന്ന വ്യക്തിയാണ് വി. കാതറിന്‍. നെരീസിയായിലെ രാജകുമാരന്റെയും സ്വീഡനിലെ വി. ബ്രിജീത്തിന്റെയും മകളായി സ്വീഡനില്‍ ജനിച്ചു. ചെറുപ്പത്തിലെ തന്നെ ആത്മീയകാര്യങ്ങളിലും ഭക്ത്യാനുഷ്ഠാനങ്ങളിലും ശ്രദ്ധയുള്ളവളായിരുന്നു കാതറീന്‍. ഏഴാമത്തെ വയസില്‍ കാതറീന്‍, റിസ്ബര്‍ഗിലെ കോണ്‍വെന്റില്‍ ചേരുകയും അവിടുത്തെ സന്യാസിനികളുടെ കീഴില്‍ ആത്മീയകാര്യങ്ങള്‍ പഠിക്കുകയും ചെയ്തു.

തന്റെ പിതാവിന്റെ പ്രേരണയാല്‍ വിവാഹിതയായെങ്കിലും കന്യകാത്വത്തിലും വിശുദ്ധിയിലും കാരുണ്യപ്രവൃത്തികളിലുമാണ് കാതറിന്‍ ജീവിതം നയിച്ചത്. തുടര്‍ന്ന് പിതാവിന്റെ മരണശേഷം അമ്മയോടൊപ്പം റോമിലെ തീര്‍ത്ഥാടനകേന്ദ്രങ്ങളും കല്ലറകളും കാതറിന്‍ സന്ദര്‍ശിക്കുകയുണ്ടായി. പിന്നീട് ഭര്‍ത്താവിന്റെ മരണശേഷം ധാരാളം വിവാഹാലോചനകള്‍ വരികയും കാതറീന്‍ അവയെല്ലാം ഒഴിവാക്കുകയും ചെയ്തു.

തന്റെ മരണം വരെ അവര്‍ കന്യകാത്വത്തിലും വ്രതങ്ങളിലും അനുസരിച്ചു മാത്രമാണ് ജീവിച്ചത്. 1373-ല്‍ അമ്മയുടെ മരണത്തോടെ ഭൗതികാവശിഷ്ടങ്ങള്‍ സംസ്‌കരിക്കുന്നതിനുവേണ്ടി കാതറിന്‍ സ്വീഡനിലേയ്ക്ക് മടങ്ങിയെത്തി. തുടര്‍ന്ന് വാട്‌സാനിലെ ആശ്രമത്തില്‍ അവര്‍ അംഗമായി ചേര്‍ന്നു. 1381 മാര്‍ച്ച് 24-ന് സ്വീഡനില്‍ വച്ച് അന്തരിച്ചു.