കുഞ്ഞുങ്ങളെ ഭയം കൂടാതെ സ്ക്കൂളില്‍ അയയ്ക്കാന്‍ മൂന്നു മാർഗ്ഗങ്ങൾ 

    സ്കൂൾ തുറന്നു. ക്ലാസുകൾ മുന്നോട്ട് നീങ്ങുകയാണ്. പഠനവിഷയങ്ങളുമായുള്ള മൽപ്പിടിത്തത്തിൽ കുട്ടികൾ മുഴുകിയിരിക്കുന്ന സമയമാണ് ഇത്. മുതിർന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം പഠനത്തിന്റെ ചൂടിലേയ്ക്ക് കടക്കുന്ന സമയമാണ് ഇതെങ്കിൽ കൊച്ചുകുട്ടികളെ സംബന്ധിച്ചിടത്തോളം അൽപം മടിയുടെയും പേടിയുടെയുമൊക്കെ സമയമാണ്.

    കൊച്ചുകുഞ്ഞുങ്ങളിൽ കണ്ടുവരുന്ന സ്കൂളിൽ പോകുവാനുള്ള മടിയും ഭീതിയും അകറ്റി സ്വസ്ഥതയോടെ സ്കൂളിലേയ്ക്ക് അയക്കുവാന്‍ മാതാപിതാക്കളെ സഹായിക്കുന്ന മൂന്നു മാർഗ്ഗങ്ങൾ ഇതാ…

    1. സംസാരിക്കുന്നതിനേക്കാൾ കൂടുതൽ കുട്ടികളെ കേൾക്കുക

    മുതിർന്നവർ എന്ന നിലയിൽ മാതാപിതാക്കൾക്കും മറ്റുള്ളവർക്കും ധാരാളം അനുഭവസമ്പത്തുണ്ട്. കുട്ടികളെ സംബന്ധിച്ചിടത്തോളം അവർ നേരിടുന്ന വലിയ പ്രതിസന്ധികളാകാം അവരുടെ ക്ലാസും പഠനവും ഒക്കെ. ഈ അവസ്ഥയിൽ കുട്ടികളെ ഉപദേശിക്കുന്നതിനു പകരം അവരെ കേൾക്കുക എന്നതാണ് പ്രധാനപ്പെട്ടത്. കുട്ടികളുടെ പ്രശ്‍നങ്ങളും അവരുടെ ധാരണകളും മുഴുവൻ ശാന്തതയോടെ കേൾക്കുക. ഇപ്പോൾ മാത്രമേ അവർക്കു ശരിയായ തിരുത്തലുകൾ നൽകുവാനും ആവശ്യമായ പ്രോത്സാഹനം നൽകുവാനും കഴിയുകയുള്ളു.

    2. അവരുടെ വികാരങ്ങൾ കണക്കിലെടുക്കാം 

    കുട്ടികളുടെ വികാരങ്ങളെ കണക്കിലെടുത്തു കൊണ്ടു വേണം അവരോടു സംവദിക്കുവാൻ. ആശങ്കകൾ നമ്മെ ഒരു സ്ഥലത്ത് തടഞ്ഞുനിർത്തുകയേ ഉള്ളൂ എന്ന് പറഞ്ഞു മനസിലാക്കുക. അത് ഒരിക്കലും കുട്ടികളുടെ വികാരങ്ങളെ ഒഴിവാക്കി കൊണ്ടാകരുത്. കുട്ടികളോട് സ്നേഹത്തോടെ പെരുമാറണം. എങ്കിലേ അവർക്ക് പറയാനുള്ള കാര്യങ്ങൾ അവർ തുറന്നു പറയുകയുള്ളൂ. അവരുടെ ആശങ്കകൾ ശ്രദ്ധിക്കുകയും അംഗീകരിക്കുകയും ചെയ്തതിനു ശേഷം മാത്രമേ നിർദ്ദേശങ്ങൾ നൽകാവൂ.

    3. ഭയത്തെ അഭിമുഖീകരിക്കാൻ പഠിപ്പിക്കുക

    സാധ്യമായ എല്ലാ രീതിയിലും കുട്ടികളെ സഹായിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. വിജയങ്ങൾ നമുക്ക് സന്തോഷം പകരുന്നുവെന്നും അതിനു പിന്നിൽ പ്രതിസന്ധികൾ ഉണ്ട് എന്നും പറഞ്ഞു മനസിലാക്കുക. അവരുടെ പ്രശ്‌നങ്ങൾക്ക് പെട്ടന്ന് ഒരു പരിഹാരം നൽകാതെ അവരെ ആ പ്രതിസന്ധിയെ അതിജീവിക്കുവാൻ സഹായിക്കുക. ഘട്ടംഘട്ടമായി അവരെക്കൊണ്ട് അതിനെ അതിജീവിക്കുവാൻ സഹായിക്കാം. എന്നാൽ, ഗുരുതരമായ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ മാറിനിൽക്കാതെ അവർക്കൊപ്പം ആയിരിക്കുക എന്നത് മാതാപിതാക്കളുടെ കടമയാണ്.

    ഈ മൂന്നു മാർഗ്ഗങ്ങളിലൂടെ കുട്ടികളുടെ ഭയത്തെ അതിജീവിക്കുവാനും സ്കൂൾ ജീവിതത്തെ സ്നേഹിക്കുവാനും മാതാപിതാക്കൾക്ക് അവരെ സഹായിക്കാം.