കുഞ്ഞുങ്ങൾക്കൊപ്പം പ്രാർത്ഥിക്കുവാൻ മൂന്ന് വഴികൾ 

  കുഞ്ഞുങ്ങളെ പ്രാർത്ഥനാനുഭവത്തിലേയ്ക്ക് – ദൈവവുമായുള്ള ആഴമായ ബന്ധത്തിലേയ്ക്ക് കൈപിടിച്ച് നടത്തുവാൻ കടമപ്പെട്ടവരാണ് മാതാപിതാക്കൾ. കുഞ്ഞുങ്ങളെ പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിനും ആ ചൈതന്യത്തിലേയ്ക്ക് നയിക്കുന്നതിനും വിവിധ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ മാതാപിതാക്കൾക്ക് കഴിയും. ഈയൊരു ലക്ഷ്യത്തോടെ മാതാപിതാക്കൾക്ക് ഉപയോഗപ്പെടുത്താൻ കഴിയുന്ന സമയമാണ് കുട്ടികൾ ഉറങ്ങുന്നതിനു മുമ്പുള്ള സമയം.

  സന്ധ്യയ്ക്ക് പ്രാർത്ഥിക്കാറുണ്ട്. അത് പൊതുവായ പ്രാർത്ഥനയുടെ സമയമാണ്. അതിനുമപ്പുറം ഈശോയുമായി വ്യക്തിപരമായ ഒരു ബന്ധം വളർത്തിയെടുക്കുവാൻ കിടക്കുന്നതിനു മുമ്പുള്ള സമയം കുഞ്ഞുങ്ങൾക്ക് പരിശീലനം നൽകാം. അതിന് മാതാപിതാക്കളെ സഹായിക്കുന്ന മൂന്ന് മാര്‍ഗ്ഗങ്ങൾ ഇതാ…

  1. കുഞ്ഞുങ്ങൾക്കൊപ്പം പ്രാർത്ഥിക്കാം; അവരെ അനുഗ്രഹിക്കാൻ

  കുട്ടികളോട് പ്രാർത്ഥിക്കണം എന്നു പറഞ്ഞാൽ മാത്രം പോരാ. അവർക്കൊപ്പം ആയിരുന്നുകൊണ്ട് അവരെ പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുക കൂടി വേണം. കുഞ്ഞുങ്ങൾക്കൊപ്പം ആയിരുന്നുകൊണ്ട് ചെറിയ സ്വയംപ്രേരിത പ്രാർത്ഥനകളോടെ അവരെ പ്രാർത്ഥനയിലേയ്ക്ക് കൊണ്ടുവരണം. അവസാനം അവരെ അനുഗ്രഹിച്ചുകൊണ്ട് പ്രാർത്ഥിച്ച് അവസാനിപ്പിക്കാം. ഇത് പതിവായി ചെയ്യുകയും കുട്ടികളിൽ ഒരു ശീലമാക്കി വളർത്തിയെടുക്കുകയും ചെയ്യാം.

  2. മൂന്ന് കാര്യങ്ങൾക്ക് നന്ദിപറഞ്ഞു പ്രാർത്ഥിക്കാം

  ഓരോ ദിവസവും പ്രാർത്ഥിക്കുമ്പോൾ അന്നേദിവസം നടന്ന ഏറ്റവും അനുഗ്രഹീതമായ മൂന്ന് കാര്യങ്ങളെയോർത്ത് പ്രത്യേകം നന്ദി പറയുന്ന ശീലം കുഞ്ഞുങ്ങളിൽ വളർത്തിയെടുക്കാം. അത് അവരിൽ ദൈവം നൽകിയ നിരവധിയായ അനുഗ്രഹങ്ങളെ കണ്ടെത്തുവാനും ദൈവത്തോടുള്ള കൃതജ്ഞതയിൽ വളരുവാനും സഹായിക്കും. ഒപ്പംതന്നെ, നമുക്ക് ലഭിക്കണം എന്ന് ആഗ്രഹമുള്ള കാര്യങ്ങളെയോർത്ത് നന്ദിപറഞ്ഞു പ്രാർത്ഥിക്കുന്ന ശീലവും കുട്ടികളിൽ വളർത്തിയെടുക്കാം. അപ്പോൾ കുട്ടികൾ പ്രത്യാശയോടെ ദൈവത്തിൽ അടിയുറച്ച് വളരും.

  3. ഈശോയ്ക്ക് ഭരമേൽപ്പിക്കാം

  നമ്മുടെ ഏത് പ്രതിസന്ധികളും എടുത്തുമാറ്റാൻ കഴിയുന്ന ഉറ്റസുഹൃത്തായി ഈശോയെ കുട്ടികൾക്കു മുന്നിൽ അവതരിപ്പിക്കുക. പ്രതിസന്ധികളിൽ മാതാപിതാക്കളോടെന്ന പോലെ ഈശോയോട് സംസാരിക്കുവാനുള്ള പാഠങ്ങൾ പകർന്നുകൊടുക്കണം. അന്നേദിവസം കുഞ്ഞുങ്ങൾ നേരിട്ട പ്രശ്നങ്ങൾ, അവർ അനുഭവിച്ച വേദനകൾ, അവരുടെ ചിന്തകൾ അങ്ങനെയെല്ലാം വിശദമായി ഈശോയോട് കുഞ്ഞുങ്ങൾ സംസാരിക്കട്ടെ. അത് അവരുടെ ഹൃദയസമാധാനം വർദ്ധിപ്പിക്കുകയും അടുത്തുള്ള ഈശോയുടെ സാന്നിധ്യം അനുഭവിക്കുവാൻ തക്കവിധത്തിലുള്ള ഒരു ബന്ധത്തിലേക്ക് വളരുകയും ചെയ്യും.

  നല്ല ആത്മീയജീവിതം കുട്ടികളെ സംബന്ധിച്ചിടത്തോളം അവർ നേരിടുന്ന ധാരാളം പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ്. അതൊരിക്കലും സമയം പാഴാക്കലല്ല എന്ന് തിരിച്ചറിഞ്ഞ് അനുദിനം ഈശോയോടൊപ്പം വളരുവാൻ മാതാപിതാക്കൾ കുഞ്ഞുങ്ങളെ പ്രേരിപ്പിക്കണം.

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

  അഭിപ്രായങ്ങൾ