ക്രിസ്തുമസിനൊരുങ്ങാന്‍ യൗസേപ്പിതാവ് പഠിപ്പിക്കുന്ന മൂന്നു വഴികൾ

ക്രിസ്തുമസ് കാലം ഏറ്റവും ഫലപ്രദമാക്കിത്തീർക്കുവാൻ നമ്മെ സഹായിക്കാൻ കഴിയുന്ന വിശുദ്ധനാണ് വി. യൗസേപ്പിതാവ്. ഉണ്ണീശോയെ വളർത്തിയ ആ പുണ്യപിതാവിന്, തന്റെ മകനിലേയ്ക്ക് നമ്മെ അടുപ്പിക്കുവാൻ കഴിയും. ഈശോയുടെ ജനനത്തിനായി നാം ഒരുങ്ങുമ്പോൾ  യൗസേപ്പിതാവിൽ അസാധാരണമായി വിളങ്ങിനിന്ന മൂന്നു പുണ്യങ്ങളെ നമുക്ക് അറിയാം. ഈ പുണ്യങ്ങളാൽ നമുക്കും നിറയാം…

1. നിശബ്ദത: വിശുദ്ധ ഗ്രന്ഥത്തിൽ വി. ജോസഫിന്റേതായി ഒരു വാക്കു പോലും നാം കേൾക്കുന്നില്ല. വാചലമായ മൗനമാണ് ജോസഫിന്റേത്. ആഴമേറിയ പ്രാർത്ഥനയ്ക്കു വേണ്ട അടിസ്ഥാന മനോഭാവം നിശബ്ദതയുടേതാണെന്ന് ജോസഫിന്റെ മൗനം നമ്മെ പഠിപ്പിക്കുന്നു. വി. യൗസേപ്പിതാവിൽ നിന്നും നാം സ്വായത്തമാക്കേണ്ട ആദ്യത്തെ പുണ്യം നിശബ്ദതയാണ്.

2. ആഴമേറിയ പ്രാർത്ഥന: ക്രിസ്തുവിന്റെ ആഗമനത്തിനായി ഒരുങ്ങുന്ന നാം വിശുദ്ധ യൗസേപ്പിതാവിനെപ്പോലെ പ്രാർത്ഥനയുടെ മനുഷ്യരായി മാറണം. രക്ഷാകരചരിത്രത്തിലെ ഒരു പ്രധാന പങ്കു വഹിക്കാൻ ജോസഫിനെ യോഗ്യനാക്കിയത് ആഴമേറിയ പ്രാർത്ഥനയായിരുന്നു. ഈശോയെ പ്രാർത്ഥിക്കാൻ പഠിപ്പിച്ച യൗസേപ്പ് നമ്മളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കുമെന്നതിൽ തർക്കമില്ല. വി. യൗസേപ്പ് പിതാവേ എന്നെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ എന്നു നമുക്കും പ്രാർത്ഥിച്ചു തുടങ്ങാം.

3. ധൈര്യം: അടുത്തതായി യൗസേപ്പിതാവിന്റെ ജീവിതത്തിൽ നിന്നും നാം സ്വീകരിക്കേണ്ട പുണ്യം ധൈര്യത്തിന്റേതാണ്. ഉണ്ണിയേശുവിനെ രക്ഷിക്കാനായി അതിരാവിലെ ഉണർന്ന് ഈജിപ്തിലേയ്ക്കു പലായനം ചെയ്തു. ബുദ്ധിമുട്ടുകളെ ധൈര്യപൂർവ്വം അഭിമുഖീകരിച്ച യൗസേപ്പ് പിതാവ് ആധുനിക കാലത്തിലെ പുരുഷന്മാർക്കുള്ള ഉദാത്തമാതൃകയാണ്.

തനിക്കുവേണ്ടി ചിന്തിക്കാതെ, തന്നെ എൽപിച്ചിരുന്ന കുടുംബവും അവരുടെ സംരക്ഷണവുമായിരുന്നു യൗസേപ്പ് പിതാവിന്റെ ജീവിതലക്ഷ്യം. ക്രിസ്തുമസിനോട് അടുക്കുമ്പോൾ നമ്മുടെ ആത്മീയജീവിതത്തെ സംരക്ഷിക്കുവാനും നയിക്കുവാനും വി. യൗസേപ്പിനോട് നമുക്കു പ്രാർത്ഥിക്കാം. ഓർക്കുക, ശരിയായ കുടുംബസ്നേഹത്തിലേയ്ക്കും മാതൃവണക്കത്തിലേയ്ക്കും നമ്മെ നയിക്കുന്ന പാലമാണ് വി. യൗസേപ്പ്. ആ പുണ്യം നമ്മുടെ ജീവിതത്തിലും പകർത്തേണ്ടതു തന്നെ.

ഈശോയെയും മാതാവിനെയും യൗസേപ്പിതാവിനെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്താലെ നമ്മുടെ കുടുംബങ്ങളും ഈ ക്രിസ്തുമസ് കാലത്ത് തിരുക്കുടുംബമാവുകയുള്ളൂ. അതിനുള്ള ഉത്തമ പാഠപുസ്തകമാണ് വി. യൗസേപ്പ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.