ദൈവികസ്നേഹം പകര്‍ന്നു നല്കുന്നതിന് മൂന്ന് സരണികള്‍ നിർദ്ദേശിച്ച് ഫ്രാൻസിസ് പാപ്പാ

ദൈവികസ്നേഹം പകര്‍ന്നു നല്കുന്നതിന് മൂന്ന് സരണികള്‍ നിർദ്ദേശിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ. യേശുവിന്‍റെയും മറിയത്തിന്‍റെയും സന്യാസിനീ സമൂഹത്തിന്റെയും മുപ്പത്തിയേഴാം പൊതുസംഘത്തില്‍ പങ്കെടുക്കാനെത്തിയ സന്യാസിനിമാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാരുണ്യഭരിതമായ ദൈവികനന്മയ്ക്ക് സാക്ഷ്യമേകുക, സാഹോദര്യത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും ജീവിതം നയിക്കുക, വിവേചനബുദ്ധിയും അതിരുകള്‍ക്കപ്പുറം കടക്കാനുള്ള ധൈര്യവും പുലര്‍ത്തുക എന്നിവയാണ് പാപ്പാ നിര്‍ദ്ദേശിച്ച മൂന്നു പാതകള്‍.

ക്ഷമിക്കുന്ന കാരുണ്യവാനായ ദൈവത്തിന്‍റെ നന്മയെക്കുറിച്ചുള്ള അറിവ് ഈ സന്യാസിനീ സമൂഹത്തിന്‍റെ സ്ഥാപകയായ വി. ക്ലൗദീന തേവ്നെറ്റിന്‍റെ മൗലികമായ അനുഭവമായിരുന്നുവെന്ന്, ‘ദൈവികനന്മയ്ക്ക് സാക്ഷ്യമേകുക’ എന്ന ഒന്നാമത്തെ പാതയെക്കുറിച്ചു വിശദീകരിക്കവെ പാപ്പ അനുസ്മരിച്ചു. ഭയവും മുന്‍വിധികളുമില്ലാത, ദൈവം നോക്കുന്നതുപോലെ തന്നെയാണ് നമ്മളും ലോകത്തെ സഹാനുഭൂതിയോടെ നോക്കേണ്ടത്. സാഹോദര്യത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെറെയും ജീവിതം നയിക്കുകയെന്നത് ഇന്നത്തെ ലോകത്തിൽ പ്രധാനപ്പെട്ട ഒന്നാണ് – പാപ്പാ ചൂണ്ടിക്കാട്ടി.