സാമൂഹ്യ മാധ്യമങ്ങളെ മികച്ച രീതിയിൽ സുവിശേഷവൽക്കരണത്തിനായി ഉപയോഗിക്കുവാൻ മൂന്നു മാർഗ്ഗങ്ങൾ

കോവിഡും ലോക്ഡൗണും വന്നതോട് കൂടി ലോകത്തിനു മുന്നിൽ സുവിശേഷവൽക്കരണത്തിന്റെ പുതുവഴികൾ തുറന്നു തന്നത് സാമൂഹ്യ മാധ്യമങ്ങൾ ആണ്. ഒരുപക്ഷെ ഏറ്റവും കൂടുതൽ ആളുകളിലേക്ക് കടന്നുചെല്ലുവാൻ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സുവിശേഷവൽക്കരണം കൂടുതൽ ഫലപ്രദമാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെടുന്ന ചെറിയ അനുഭവങ്ങൾ, വചനം ഇതൊക്കെ നമ്മെ എത്രത്തോളം സ്വാധീനിക്കുന്നുണ്ട് എന്ന് ചിന്തിച്ചാൽ തന്നെ അതിനുള്ള തെളിവ് നമുക്ക് ലഭിക്കും. ഇത്തരത്തിൽ സാമൂഹ്യമാധ്യമങ്ങളെ കൂടുതൽ ഫലപ്രദമായി സുവിഷേശവൽക്കരണ ഉപാധികളാക്കി മാറ്റുവാൻ മൂന്നു മാർഗ്ഗങ്ങൾ പങ്കുവയ്ക്കുകയാണ് ഇവിടെ.

1. സ്വന്തം ആശയങ്ങൾ പങ്കുവയ്ക്കാം

പലപ്പോഴും പല വലിയ ആളുകളുടെ വാക്കുകളും മറ്റും പങ്കുവച്ചുകൊണ്ട് നമ്മുടെ എഴുത്തുകൾ തുടങ്ങുന്നതായി കാണാം. എന്നാൽ നമ്മുടെ പാണ്ഡിത്യം വെളിപ്പെടുത്താതെ നമ്മുടെ ദൈവാനുഭവങ്ങൾ വളരെ ലളിതമായി പങ്കുവയ്ക്കപ്പെടുമ്പോൾ അത് കൂടുതൽ ആളുകളിലേക്ക്‌ എത്തും. ഒപ്പം ആ ആശയത്തെ സാധൂകരിക്കുന്ന പടങ്ങളോ, ലിങ്കുകളോ ചേർക്കുകയാണെങ്കിൽ അത് കൂടുതൽ ആളുകളെ ആകർഷിക്കും. ചില വാക്കുകളേക്കാൾ ചിത്രങ്ങൾ ആളുകളെ കൂടുതൽ ആകർഷിക്കുന്നത് കാണുവാൻ കഴിയുന്നത് പോലെ തന്നെ.

2. ഒരു നിർദ്ദിഷ്ട വ്യക്തിയെക്കുറിച്ച് ചിന്തിക്കുക

നാം എഴുതുന്ന ഒരു കാര്യം അല്ലെങ്കിൽ പോസ്റ്റ് ചെയ്യുന്ന ഒരു ചിത്രം. അത് ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയെ മനസ്സിൽ കണ്ടുകൊണ്ട് ചെയ്യുക. നമ്മുടെ മുന്നിൽ ഉള്ള ഒരു വ്യക്തി ഒരുപക്ഷെ അയാളെപ്പോലെ ഉള്ള അനേകം ആളുകളുടെ പ്രതീകമായി മാറാം. അങ്ങനെ ചെയ്യുമ്പോൾ അത് അനേകരുടെ ജീവിതവുമായി ബന്ധപ്പെട്ടതാകും. ഇത്തരത്തിൽ ഉള്ള ചിത്രങ്ങളും ആശ്വാസ വചനങ്ങളും ചെറു എഴുത്തുകളും പങ്കുവയ്ക്കുമ്പോൾ അത് അനേകരിലേയ്ക്ക് എത്തുക തന്നെ ചെയ്യും.

3. വ്യക്തിപരമായ അനുഭവങ്ങളും വചനവും സംയോജിപ്പിച്ച പോസ്റ്റുകൾ തയ്യാറാക്കാം

വചനത്തെ പങ്കുവയ്ക്കാതെ ഉള്ള ഒരു സുവിശേഷവൽക്കരണവും സാധ്യമല്ല. അതിനാൽ വചനം എന്നത് നമ്മുടെ പങ്കുവയ്ക്കപ്പെടുന്ന ആശയങ്ങളുടെ അടിസ്ഥാനം ആയിരിക്കണം. ജീവിതാനുഭവങ്ങൾ മാത്രം പങ്കുവയ്ക്കുന്നത് കൊണ്ടും കാര്യമില്ല. ആയതിനാൽ വചനവും ഒപ്പം അനുഭവങ്ങളും കൂട്ടിയോജിപ്പിക്കുമ്പോൾ അത് ജീവിതബന്ധിയായി മാറും. കൂടുതൽ ആളുകൾ അതിലേയ്ക്ക് ആകർഷിക്കപ്പെടും. അവർക്കും അവരുടെ ജീവിതാനുഭവങ്ങളോട് ചേർന്ന് നിൽക്കുന്ന കാര്യങ്ങളായി നിങ്ങൾ പങ്കുവയ്ക്കുന്ന ആശയങ്ങൾ തോന്നപ്പെടും. ഇത്തരത്തിൽ പോസ്റ്റുകളും ആശയങ്ങളും തയ്യാറാക്കാം. പോസ്റ്റുകൾ തയ്യാറാകുമ്പോൾ നിങ്ങളുടെ ജീവിതങ്ങളെ കുറിച്ചു കൂടി വിശകലനം ചെയ്യണം. നിങ്ങളുടെ ആശയങ്ങളും ജീവിതവും തമ്മിൽ പൊരുത്തം ഉണ്ടെങ്കിൽ മാത്രമേ ആളുകൾ അത് സ്വീകരിക്കൂ എന്നതും പ്രധാനം ആണ്.

മരിയ ജോസ്

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.