മനസ്സിൽ സന്തോഷം നിറയ്ക്കാൻ മൂന്നു കാര്യങ്ങൾ

പ്രതീക്ഷയും സന്തോഷവും അനുഭവിക്കാൻ സാധിക്കാത്ത ഒരു സാഹചര്യത്തിലൂടെ ആയിരിക്കും ചിലപ്പോൾ നാം കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. ഈ കോവിഡ് കാലഘട്ടം സാമ്പത്തികമായും മാനസികമായും ആരോഗ്യപരമായും നമുക്ക് നഷ്ടങ്ങൾ സമ്മാനിച്ചിട്ടുണ്ടാകാം. ഈയൊരു സാഹചര്യത്തിലും സന്തോഷത്തിൽ ജീവിക്കുവാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഈ മൂന്ന് കാര്യങ്ങൾ ജീവിതത്തിൽ കാത്തുസൂക്ഷിക്കുക.

1. നന്ദി പറയുവാൻ പരിശീലിക്കുക

ജീവിതത്തിൽ ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങൾക്ക് നന്ദി പറയുക. ജീവിതത്തിൽ സംഭവിച്ചിട്ടുള്ള നഷ്ടങ്ങളിലേക്ക് മാത്രം നോക്കിയിരിക്കാതെ അനുഗ്രഹങ്ങളെയോർത്ത് ദൈവത്തിന് നന്ദി പറയുക; ഒപ്പം മനുഷ്യർക്കും. ഒട്ടേറെപ്പേർ നമ്മുടെ ജീവിതത്തിൽ അനുഗ്രഹമായി മാറിയിട്ടുണ്ട്. മറ്റുള്ളവർക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ടുള്ള കാര്യങ്ങൾ പങ്കുവയ്ക്കുകുകയും നന്മയുള്ള ഒരു ഹൃദയം കാത്തുസൂക്ഷിക്കുകയും ചെയ്യുക. അത് നമ്മുടെ മനസിനെ സന്തോഷമുള്ളതാക്കും. നന്ദി പറയുമ്പോൾ അത് കേൾക്കുന്നവനിലും പറയുന്നവനിലും ഒരുപോലെ സന്തോഷം പകരുന്നു.

2. മറ്റുള്ളവരിൽ നിന്ന് ജ്ഞാനം അന്വേഷിക്കുക

ജീവിതത്തിൽ സംഭവിക്കുന്ന സഹനങ്ങളിൽ നിന്നും വേദനകളിൽ നിന്നും പല നല്ല കാര്യങ്ങളും പഠിക്കാമെന്ന് മനസിലാക്കുക. അവ പിന്നീട് നമ്മെ കൂടുതൽ പക്വതയുള്ളവരാക്കും. എന്നാൽ, നാം ശ്രദ്ധിക്കേണ്ടത് ഒന്നുമാത്രം – ആ ജീവിതസാഹചര്യങ്ങളെയൊക്കെ നാം ഏതു തരം മനസോടെയാണ് സ്വീകരിക്കുന്നത് എന്നത്. കാരണം വളരെ നെഗറ്റീവ് ആയിട്ടാണ് ഒരു കാര്യം നാം സ്വീകരിക്കുന്നതെങ്കിൽ അത് പിന്നീട് നമുക്ക് ഉപകാരവും ചെയ്യുകയില്ല. അതിനാൽ ഏതു സംഭവങ്ങളിൽ നിന്നും നല്ല കാര്യങ്ങൾ പഠിക്കുവാൻ ശ്രദ്ധിക്കുക. അത് നമ്മെ കൂടുതൽ ജ്ഞാനമുള്ളവരാക്കും. ഒപ്പം, വിവേകപൂർണ്ണവും വിശ്വസനീയവുമായ ഉറവിടങ്ങളിൽ നിന്ന് ഉപദേശം തേടുക.

3. മനസിന് സന്തോഷം നൽകുന്ന കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുക

എപ്പോഴും പ്രശ്നങ്ങളെയും പ്രതിസന്ധികളെയും കുറിച്ച് ചർച്ച ചെയ്യാതെ, ചിന്തിക്കാതെ മനസിന് ഉന്മേഷം നൽകുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക. നമ്മെ സമീപിക്കുന്നവർക്കും പോസിറ്റീവ് കാര്യങ്ങൾ പകരുന്ന മാലാഖമാരാകുക. അത് നമ്മെ സമീപിക്കുന്നവർക്കും ആശ്വാസം പകരും.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.