കുഞ്ഞുങ്ങള്‍ക്കൊപ്പം ആയിരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍

    സ്വന്തം കുട്ടികള്‍ക്കൊപ്പം ആയിരിക്കുമ്പോള്‍ അവര്‍ക്കായി എന്തൊക്കെ ചെയ്യണം, അവരുടെ ഇഷ്ടങ്ങള്‍ എന്തൊക്കെയാണ്, അവരുടെ ശീലങ്ങള്‍ എന്താണ് തുടങ്ങിയ കാര്യങ്ങള്‍ നമുക്ക് വ്യക്തമായി അറിയാം. എന്നാല്‍, മറ്റൊരാളുടെ കുട്ടിയ്ക്ക് ഒപ്പമായിരിക്കുമ്പോള്‍ അവരുടെ ശീലങ്ങളെക്കുറിച്ച് നമുക്ക് വ്യക്തമായ ധാരണകള്‍ ഉണ്ടാകാന്‍ സാധ്യതയില്ല. ചില സമയങ്ങളില്‍ നമുക്ക് ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ഒക്കെ കുട്ടികളെ നോക്കേണ്ടതായ അവസരങ്ങള്‍ ഉണ്ടായേക്കാം. ഇത്തരം അവസരങ്ങളില്‍ കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യും അല്ലെങ്കില്‍ ആ സമയത്ത് ശ്രദ്ധിക്കേണ്ട മൂന്നു കാര്യങ്ങള്‍ ഇതാ:

    1. കുട്ടികള്‍ക്കൊപ്പം കളിക്കുക

    നിങ്ങളെക്കാള്‍ പ്രായത്തില്‍ ഒരുപാട് താഴ്ന്ന കുഞ്ഞിനൊപ്പം കളിക്കുക അത്ര എളുപ്പമല്ലയെങ്കിലും നിങ്ങളാല്‍ ആകുംവിധം അത് സാധ്യമാക്കുക. തന്റെയൊപ്പം കളിക്കുന്ന ഒരാളെയാണ് കുട്ടികള്‍ക്കാവശ്യം. അവര്‍ക്ക് നിങ്ങളുടെ ശ്രദ്ധ ആവശ്യമുണ്ട്. അവര്‍ നിങ്ങളെ മുതിര്‍ന്ന ഒരാളായല്ല കാണുന്നത്. അവരുടെ സമപ്രായക്കാരായ – അവര്‍ക്കൊപ്പം കളിക്കുന്ന ഒരാളായാണ് അവര്‍ നിങ്ങളെ കണക്കാക്കുന്നത്. അതിനാല്‍ കഴിയുന്നിടത്തോളം കുട്ടികള്‍ക്കൊപ്പം കളിക്കുവാനും മറ്റും ശ്രമിക്കുക.

    2. അവര്‍ക്കായി എന്തെങ്കിലും കയ്യില്‍ കരുതുക

    കുട്ടികളെ കാണാന്‍ ചെല്ലുമ്പോള്‍ അവര്‍ക്കായി എന്തെങ്കിലും കയ്യില്‍ കരുതുക. ഭക്ഷണസാധനങ്ങളെക്കാള്‍ അവരുടെ മനസിന് ഉല്ലാസം നല്‍കുന്ന കളിസാധനങ്ങള്‍, കളര്‍ പെന്‍സിലുകള്‍, കളറിംഗ് ബുക്കുകള്‍, തുടങ്ങിയവ കൊണ്ടുപോകാം. അത് അവരെ കൂടുതല്‍ പ്രവര്‍ത്തന നിരതരാകുവാനും ഒപ്പംതന്നെ അവരുടെ മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്കും സഹായിക്കും.

    3. സുരക്ഷിതമായ സ്വാതന്ത്ര്യം നല്‍കാം

    കുഞ്ഞുങ്ങളെ പിടിച്ചുവച്ച് വളര്‍ത്തുന്നതും നോക്കുന്നതും അവരില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കാം. അതിനാല്‍ സുരക്ഷിതമായ സ്വാതന്ത്ര്യം അനുവദിക്കാം. കളിക്കുന്നതിനിടയില്‍ അവര്‍ക്ക് ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനുമൊക്കെ കൃത്യമായി സമയം നല്‍കുക.

    കുട്ടികള്‍ കളിച്ചുവളരുന്ന പ്രായമാണ് ശൈശവവും ബാല്യവും. ഈ സമയം അവര്‍ പരമാവധി കളിച്ചുതന്നെ വളരട്ടെ. കുഞ്ഞുങ്ങളുടെ കൂടെയിരിക്കുന്നവര്‍ അവര്‍ക്ക് സുരക്ഷിതമായി കളിക്കുന്നതിനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുക. അല്ലാതെ ഭക്ഷണം കഴിക്കുവാനും മറ്റുമായി ടിവിക്ക് മുന്നില്‍ കൊണ്ടിരുത്തരുത്.