വികാരങ്ങളെ നിയന്ത്രിക്കാൻ മൂന്ന് ചോദ്യങ്ങൾ

    നമ്മുടെ ആവശ്യങ്ങളും വികാരങ്ങളും തമ്മിലുള്ള ശരിയായ ബന്ധമാണ് ഒരു ദിവസത്തെ നമ്മുടെ മാനസികാവസ്ഥയെ ബാലന്‍സ് ചെയ്യിക്കുന്നത്. പലപ്പോഴും നാം മനസിലാക്കാത്ത ഒരു കാര്യമാണ് ഇത്. നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യണമെന്നുണ്ടെങ്കിലും ചില സമയങ്ങളിലൊക്കെ അത് സാധിക്കാതെ വരുന്നത് ഇവ രണ്ടും തമ്മിലുള്ള പൊരുത്തക്കേടുകൾ കൊണ്ടുതന്നെയാണ്.

    ചില സമയങ്ങളിൽ നമുക്ക് ഒരു വീർപ്പുമുട്ടൽ അനുഭവപ്പെടാം. ആ സമയം നാം ശാന്തമാകുവാൻ ശ്രമിക്കും. എന്നാൽ അൽപസമയത്തെ നിശബ്ദതയിൽ ചിന്തകളുടെ, ആകുലതകളുടെ അതിപ്രസരം കടന്നുവരുമ്പോൾ വികാരങ്ങളെ നിയന്ത്രിക്കുവാൻ നാം അശക്തരായിത്തീരുന്നു. ഈ സമയം എന്റെ മാത്രം തെറ്റാണ്, എന്നെ ആരും മനസിലാക്കുന്നില്ല, ഞാൻ കൊള്ളില്ല തുടങ്ങിയ ചിന്തകളാകും നമ്മെ വലയ്ക്കുക. ഇത്തരം ചിന്തകൾ അവസാനിപ്പിച്ചാൽ മാത്രമേ നമുക്ക് ഒരു പരിഹാരം കണ്ടെത്തുവാൻ സാധിക്കുകയുള്ളൂ.

    വികാരങ്ങളെ നിയന്ത്രിക്കുവാനും മനോനില വീണ്ടെടുക്കുവാനും ശാന്തമാകുവാനും സഹായിക്കുന്ന മൂന്ന് ചോദ്യങ്ങൾ ഇതാ…

    1. ഞാൻ ഇപ്പോൾ എന്താണ് അനുഭവിക്കുന്നത്..?

    പലതരത്തിലുള്ള വികാരങ്ങൾ നിറഞ്ഞിരിക്കുന്ന മനസിനെ ശാന്തമാക്കിക്കൊണ്ട് നാം സ്വയം ചോദിക്കേണ്ട ആദ്യചോദ്യം, ഞാൻ ഇപ്പോൾ കടന്നുപോകുന്ന അവസ്ഥ എന്താണ് എന്നുള്ളതാണ്. ആ സമയത്തെ നിങ്ങളുടെ അവസ്ഥ എന്താണെന്ന് ശരിയായി കണ്ടുപിടിക്കുവാൻ കഴിഞ്ഞെങ്കിൽ മാത്രമേ ഒരു ശരിയായ പരിഹാരം കണ്ടെത്തുവാനും കഴിയുകയുള്ളു. ഒരു പേപ്പർ എടുത്ത് എന്താണ് തോന്നുന്നത് ദേഷ്യം, സങ്കടം, പക, പേടി എന്താണോ തോന്നുന്നത് അത് എഴുതിവയ്ക്കുക.

    2. എന്തൊക്കെയാണ് എന്റെ ചിന്തകൾ..?

    നിങ്ങളുടെ ഉള്ളിൽ പൊന്തിനിൽക്കുന്ന വികാരങ്ങൾ കണ്ടെത്തിയതിനുശേഷം നിങ്ങളുടെ മനസിനെ കീഴ്പ്പെടുത്തുന്ന ചിന്തകൾ കണ്ടെത്താം. മനസ്സിൽ നെഗറ്റീവും പോസിറ്റീവും ആയി കടന്നുവരുന്ന ചിന്തകളെ വിശകലനം ചെയ്യാം. അതിനെ മൂന്നായി തിരിക്കാം.

    ഞാൻ ഇതിനെ എങ്ങനെ കാണുന്നു..? ഈ സംഭവത്തിൽ അല്ലെങ്കിൽ എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഭാഗമായ ആളുകൾ എന്ത് വിചാരിക്കും എന്നാണ് ഞാൻ ചിന്തിക്കുന്നത്..? ഇപ്പോഴത്തെ ഈ സാഹചര്യത്തെക്കുറിച്ച് എന്താണ് എന്റെ ഉള്ളിലുള്ളത്..?

    ഈ മൂന്ന് കോളങ്ങൾ തയ്യാറാക്കുമ്പോള്‍ തന്നെ നിങ്ങളുടെയുള്ളിലെ ചിന്തകളെ പുറത്തു കൊണ്ടുവരുവാൻ കഴിയും. അപ്പോൾതന്നെ ഒരു അൽപം സ്വസ്ഥത തോന്നിത്തുടങ്ങും.

    3. എനിക്ക് എന്താണ് വേണ്ടത്..?

    ഇനി ചെയ്യേണ്ടത് നിങ്ങളുടെ ആന്തരികമായ ആവശ്യങ്ങളിലേയ്ക്ക് കടക്കുക എന്നതാണ്. നമ്മുടെ ആവശ്യങ്ങൾ എന്നുപറയുമ്പോൾ അവ വലുതൊന്നും ആയിരിക്കില്ല. നമ്മളെ കേള്‍ക്കാന്‍ ചെയ്യാൻ ഒരാൾ ഉണ്ടായിരിക്കുക, സംസാരിക്കാനും അംഗീകരിക്കാനും ഒരാളുണ്ടായിരിക്കുക, നമ്മെ കരുതാന്‍ ഒരാളുണ്ടായിരിക്കുക എന്നതൊക്കെയാവാം. എന്നാൽ അത് അത്ര നിസാരമായ കാര്യങ്ങളല്ല എന്ന് തിരിച്ചറിയുക. ഒരുപക്ഷെ, ഈ അവസ്ഥയെ നിങ്ങൾ അഭിമുഖീകരിക്കുന്നതിനു കാരണം ഈ പറഞ്ഞ നിസാരമായ കാരണങ്ങൾ കൊണ്ടാകാം.