ഹെയ്തിയിൽ തട്ടിക്കൊണ്ടു പോകപ്പെട്ട മൂന്ന് മിഷനറിമാരെക്കൂടി വിട്ടയച്ചു 

ഹെയ്തിയിൽ തട്ടിക്കൊണ്ടു പോകപ്പെട്ട മൂന്ന് മിഷനറിമാരെക്കൂടി വിട്ടയച്ചു. ‘400 മാവോസോ’ എന്ന സംഘമാണ് ഒക്ടോബർ 16 -ന് ക്രിസ്ത്യൻ മിഷനറിമാരെ തട്ടിക്കൊണ്ടു പോയത്. മുൻപ് വൈദികരും സന്യസ്തരും ഉൾപ്പെടെയുള്ള പത്തു പേരെ വിട്ടയച്ചിരുന്നു.

“ഇന്നലെ രാത്രി മൂന്ന് ബന്ദികളെ കൂടി വിട്ടയച്ചതിൽ ഞങ്ങൾ ദൈവത്തിന് നന്ദി പറയുന്നു. മോചിപ്പിക്കപ്പെട്ടവർ സുരക്ഷിതരാണ്” – ഒഹായോ ആസ്ഥാനമായുള്ള ക്രിസ്ത്യൻ എയ്ഡ് മിനിസ്ട്രികൾ നടത്തിയ പ്രസ്താവനയിൽ പറയുന്നു. വിട്ടയച്ചവരുടെ പേരോ, മറ്റ് വിശദാംശങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.

ക്രിസ്ത്യൻ എയ്ഡ് മിനിസ്ട്രികളിലുള്ള പതിനേഴു മിഷനറിമാരെയും കുടുംബാംഗങ്ങളെയുമാണ് ‘400 മാവോസോ’ തട്ടിക്കൊണ്ടു പോയത്. അവർ ഹെയ്തിയുടെ തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിലുള്ള ഒരു അനാഥാലയത്തിൽ ശുശ്രൂഷ ചെയ്യുകയായിരുന്നു. ഇപ്പോഴും കുറച്ചു പേർ തടങ്കലിലാണ്. അവർക്കു വേണ്ടി പ്രാർത്ഥന തുടരണമെന്ന് ക്രിസ്ത്യൻ എയ്ഡ് മിനിസ്ട്രി അഭ്യർത്ഥിച്ചു.

തട്ടിക്കൊണ്ടു പോകപ്പെട്ട സംഘത്തിൽ എട്ട് മാസം മുതൽ 48 വയസ്സ് വരെ പ്രായമുള്ളവരാണ് ഉള്ളത്. ബന്ദികളാക്കപ്പെട്ട 17 പേരിൽ 16 പേർ അമേരിക്കൻ പൗരന്മാരും ഒരാൾ കനേഡിയനുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.