ഹെയ്തിയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട മൂന്നുപേരെ വിട്ടയച്ചു

ഹെയ്തിയിൽ ഏപ്രിൽ 11-ന് തട്ടിക്കൊണ്ടു പോകപ്പെട്ട പുരോഹിതരും സന്യാസിനികളുമടക്കം പത്തുപേരിൽ മൂന്ന് പേരെ വിട്ടയച്ചതായി റിപ്പോർട്ട്. ‘400 മാവോസോ’ തീവ്രവാദി സംഘം ആണ് അക്രമത്തിന് പിന്നിൽ. എന്നാൽ മോചിക്കപ്പെട്ടവർ ആരൊക്കെയാണെന്ന് വ്യക്തമായിട്ടില്ല. അഞ്ചു പുരോഹിതരും രണ്ടു സന്യാസിനികളും മൂന്നു അൽമായരുമടങ്ങുന്ന പത്ത് അംഗ സംഘത്തെയാണ് തട്ടിക്കൊണ്ടുപോയി ഒരു മില്യൺ ഡോളർ മോചനദ്രവ്യമായി ആവശ്യപ്പെട്ടത്.

ഏപ്രിൽ 21 മുതൽ 23 വരെ ഹെയ്തിയിൽ തട്ടിക്കൊണ്ടു പോയതിൽ പ്രതിഷേധിച്ചുകൊണ്ട് ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമൊഴികെ മറ്റെല്ലാ സേവനങ്ങളും നൽകുന്ന ക്രിസ്ത്യൻ സ്ഥാപനങ്ങൾ അടച്ചിട്ടിരുന്നു. തട്ടിക്കൊണ്ടു പോകപ്പെട്ടവരുടെ മോചനത്തിനും അക്രമികളുടെ മാനസാന്തരത്തിനും ഹെയ്തിയുടെ രക്ഷയ്ക്കും വേണ്ടി കരുണക്കൊന്ത ചൊല്ലി ദൈവത്തോട് അപേക്ഷിക്കുവാൻ ബിഷപ്‌സ് കോൺഫറൻസ് വിശ്വാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

“എല്ലാ മിഷനറിമാർക്കും വിശ്വാസികൾക്കും സുരക്ഷയും സമാധാനവും ഉറപ്പു നൽകണം. രാജ്യം വളരെ മോശപ്പെട്ട സാഹചര്യങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഹെയ്തിയൻ ജനത നരക യാതനയിലേക്ക് താഴ്ത്തപ്പെടുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്,” -പോർട്ട് ഓ പ്രിൻസ് ആർച്ചുബിഷപ്പ് മാക്സ് മേസിഡോർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.