പ്രാർത്ഥിക്കാൻ പഠിക്കാം ഈ മൂന്നു മാർഗ്ഗങ്ങളിലൂടെ

പ്രാർത്ഥനാ ജീവിതത്തെ മുറുകെ പിടിക്കുന്ന ഒരു സമയമാണല്ലോ നോമ്പുകാലം. കൂടുതൽ സമയം പ്രാർത്ഥിക്കുവാനും ധ്യാനിക്കുവാനും കൂദാശകളിൽ പങ്കെടുക്കുവാനും ഒക്കെ ശ്രമിക്കുന്ന സമയം. വിശുദ്ധിയും ആത്മീയ വളർച്ചയും നേടുന്നതിനായി പരിശ്രമിക്കുന്ന ഈ നാളുകളിൽ ചിലരെങ്കിലും എനിക്ക് എങ്ങനെ പ്രാർത്ഥിക്കണമെന്ന് അറിയില്ല എന്ന് പരിഭവം പറയാറുണ്ട്. അവർക്കായി മൂന്നു മാർഗ്ഗങ്ങൾ പങ്കുവയ്ക്കുകയാണ് ഇവിടെ.

1. വിശ്രമമില്ലാതെ പ്രാർത്ഥിക്കുക

പ്രാർത്ഥനയിലും ആത്മീയതയിലും വളരുവാൻ ആഗ്രഹിക്കുന്നവർ ഇടതടവില്ലാതെ പ്രാർത്ഥിക്കുവാൻ മനസുകാണിക്കണം. വിശ്രമമില്ലാതെ നാം എപ്പോഴും പ്രാർത്ഥിക്കണം. അപ്പോൾ നാം ദൈവവുമായുള്ള സൗഹൃദത്തിലും ബന്ധത്തിലും ആഴപ്പെടുകയാണ് ചെയ്യുന്നത്. ഇങ്ങനെ ഒരു പ്രാർത്ഥനാ ജീവിതത്തിലേയ്ക്ക് വളരുകയാണെകിൽ എവിടെ ഏതു സാഹചര്യത്തിലും സ്ഥലത്തും ആണെങ്കിലും നമുക്ക് പ്രാർത്ഥിക്കുവാൻ കഴിയും.

2. ‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാർത്ഥന

പ്രാർത്ഥിക്കുവാൻ അറിയില്ല, പറ്റുന്നില്ല എന്ന സങ്കടം ഉള്ളിൽ കൊണ്ടു നടക്കുന്നവർക്ക് നല്ലൊരു മാർഗ്ഗമാണ് ‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാർത്ഥന ആവർത്തിച്ചു ചൊല്ലുന്നത്. അത് ക്രിസ്തു പഠിപ്പിച്ച പ്രാർത്ഥനയാണ്. മനുഷ്യ മക്കൾ പിതാവായ ദൈവത്തോട് പുത്ര സ്വാതന്ത്ര്യത്തിൽ നിന്നുകൊണ്ട് പ്രാർത്ഥിക്കുകയാണ് ഇതിലൂടെ. കർത്താവ് നമ്മെ പഠിപ്പിച്ചത് പോലെ പ്രാർത്ഥിക്കുകയാണ് ഈ പ്രാർത്ഥനയിലൂടെ. അതിനാൽ തന്നെ ഒരു ക്രിസ്ത്യാനിക്ക് പ്രാർത്ഥിക്കുവാൻ കഴിയുന്ന ഏറ്റവും നല്ല യാചനയും പ്രാർത്ഥനയും ഇതു തന്നെയാണ്.

3. വ്യക്തിപരമായ ഭക്തി

വിശുദ്ധ കുർബാനയും ആരാധനയും മറ്റു ഔദ്യോഗികമായ സഭയുടെ തിരുക്കർമ്മങ്ങളും നമ്മെ വിശ്വാസത്തിൽ ആഴപ്പെടുത്തും. ഒപ്പം പ്രാർത്ഥനയിൽ വളരുവാൻ നാം ഓരോരുത്തർക്കും വ്യക്തിപരമായ ഭക്ത ജീവിതം ആവശ്യമാണ്. ചിലരെ സംബന്ധിച്ചിടത്തോളം നൊവേനകളും മറ്റും അതിനു സഹായകമാകും. ജപമാല, വ്യക്തിഗത പ്രാർത്ഥനാ ജീവിതം തുടങ്ങിയവയും ഒരാളുടെ ജീവിതത്തെ ആത്മീയമായി ശക്തിപ്പെടുത്തുന്നു. ഓരോരുത്തർക്കും ഓരോ രീതിയിലാകും ദൈവത്തോട് സംസാരിക്കുവാനുള്ള പ്രചോദനം ലഭിക്കുന്നത്. ആ രീതികളിൽ ഒക്കെ പ്രാർത്ഥിക്കുക. അങ്ങനെ പ്രാർത്ഥനയിൽ വളർന്നു വരുവാൻ നമുക്ക് കഴിയും.

മരിയ ജോസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.