രണ്ടു മാസത്തിനിടെ സുഡാനിൽ കത്തിയമർന്നത് മൂന്നു ദേവാലയങ്ങൾ

2019 ഡിസംബർ, 2020 ജനുവരി മാസങ്ങളിലായി സുഡാനിൽ കത്തിയമർന്നത് മൂന്നു ദേവാലങ്ങൾ. ഡിസംബർ 28, ജനുവരി 16 എന്നീ തീയതികളിലായിട്ടാണ് അക്രമികൾ ദേവാലയങ്ങൾ തീയിട്ടു നശിപ്പിച്ചത്.

ഒരു കത്തോലിക്കാ ദേവാലയം, ഒരു ഓർത്തഡോക്സ് ദേവാലയം, സുഡാൻ ഇന്റർനാഷണൽ ദേവാലയം എന്നിവയ്ക്കാണ് അക്രമികൾ തീയിട്ടത്. ആക്രമണത്തെ തുടർന്ന് പോലീസിൽ പരാതി നൽകിയെങ്കിലും തുടർനടപടികൾ ഒന്നുംതന്നെ സ്വീകരിച്ചില്ല എന്ന് വിശ്വാസികൾ വെളിപ്പെടുത്തി.

ഇത്തരം ആക്രമണങ്ങൾ സുഡാനിൽ വർദ്ധിക്കുമ്പോഴും ഇതിന് തടയിടാൻ സുഡാൻ പോലീസ് അധികൃതർ യാതൊന്നും ചെയ്യുന്നില്ലായെന്നും ഇത്തരം ആക്രമണങ്ങൾ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും മനുഷ്യാവകാശ സംഘടന ചൂണ്ടിക്കാട്ടി. ക്രിസ്ത്യാനികൾക്ക് താമസിക്കുവാൻ പ്രയാസമുള്ള രാജ്യങ്ങളുടെ ലിസ്റ്റിൽ ആദ്യ പത്ത് എണ്ണത്തിലുള്ള രാജ്യമാണ് സുഡാൻ. ക്രൈസ്തവർക്കു നേരെയുള്ള ആക്രമണം വർദ്ധിക്കുമ്പോഴും ഭരണകൂടം തണുപ്പൻ പ്രതികരണമാണ് തുടരുന്നത്.