നിങ്ങൾ നല്ല ശ്രോതാവാണോ? മനസിലാക്കാൻ മൂന്നു വഴികൾ ഇതാ

മറ്റുള്ളവരുമായുള്ള ബന്ധത്തിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ് സംഭാഷണം. പരസ്പരമുള്ള സംസാരത്തിലൂടെ ആശയങ്ങൾ കൈമാറുന്നു, സംശയങ്ങൾ നീങ്ങുന്നു, സൗഹൃദങ്ങൾ വളരുന്നു. പുതിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് കൂടുതൽ അറിവ് കിട്ടുന്നു. എല്ലാവരുടെയും ആഗ്രഹം അവർ പറയുന്ന കാര്യങ്ങൾ മറ്റുള്ളവർ ശ്രവിക്കണമെന്നാണ്. മിക്കവാറും ആളുകൾ മറ്റുള്ളവരെ ശ്രവിക്കുന്നതിനേക്കാൾ കൂടുതൽ സംസാരിക്കാൻ ആഗ്രഹിക്കുന്നവരാണ്.

മറ്റുള്ളവരെ നാം കേൾക്കുന്നത് അവരെ നമ്മൾ സ്നേഹിക്കുന്നു, അംഗീകരിക്കുന്നു എന്നതിന്റെ അടയാളമാണ്. കുറച്ചുനാൾ മറ്റുള്ളവരെ ഒന്ന് ശ്രവിക്കാൻ ശ്രമിച്ചു നോക്കിക്കേ! നമ്മൾ അറിയാതെ തന്നെ ആ വ്യക്തിയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുന്നത് നമുക്ക് തിരിച്ചറിയാൻ സാധിക്കും. പരസ്പരം ശ്രവിക്കുവാൻ ആർക്കും സമയമില്ല എന്നതാണ് ഇന്നത്തെ ഒരു പ്രധാന പ്രശ്‌നം. ഒരു യഥാർത്ഥ ശ്രോതാവിൻ്റെ സവിശേഷതകൾ ഏവയെന്ന് നമുക്കൊന്ന് പരിശോധിക്കാം.

1. മറ്റുള്ളവരെ ശ്രവിക്കുമ്പോൾ അവരെ തിരുത്തുവാൻ ശ്രമിക്കരുത്

മറ്റുളവരെ നന്നായി ശ്രവിക്കുന്നവർ അതിലൂടെ അവർക്ക് കൂടുതൽ കാര്യങ്ങൾ പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. മറ്റുള്ളവരെ നാം ശ്രവിക്കുമ്പോൾ അവർ എന്ത് പറയുന്നു എന്നത് മാത്രം ശ്രവിക്കുക. അതാണ് ഒരു നല്ല ശ്രോതാവിന്റെ ലക്ഷണം. നമ്മുടെ അറിവ് അവരെ ബോധ്യപ്പെടുത്തുകയോ വ്യത്യസ്‌ത ആശയങ്ങൾ കൈമാറുകയോ അല്ല വേണ്ടത്.

2. മറ്റുള്ളവരെ വിധിക്കരുത്

മറ്റുള്ളവരെ ശ്രവിക്കുന്ന ശ്രോതാവ് അവർ പറയുന്ന കാര്യങ്ങൾ കേട്ട് അവരെ വിധിക്കരുത്. അവർക്ക് കൂടുതൽ കാര്യങ്ങൾ പറഞ്ഞു കൊടുക്കുവാൻ ശ്രമിക്കുകയും വേണ്ട. ശ്രവിക്കുക എന്നത് മാത്രമാണ് നമ്മുടെ ഉത്തരവാദിത്വം.

3. ഉപദേശിക്കാൻ ശ്രമിക്കരുത്

മറ്റുള്ളവരുടെ കാര്യങ്ങൾ നാം കേൾക്കുമ്പോൾ അതനുസരിച്ച് അവരെ ഉപദേശിക്കാൻ ശ്രമിക്കരുത്. മറ്റുള്ളവരെ നാം ശ്രവിക്കുമ്പോൾ അവർക്ക് നാം ഉപദേശം കൊടുക്കുവാനുള്ള മാർഗമായി അതിനെ കണക്കാക്കേണ്ട. ശ്രവിക്കുക എന്നത് അതിൽതന്നെ ആശ്വാസകരമാണ്. ഈ മൂന്നു ഗുണങ്ങൾ നിങ്ങളിൽ ഉണ്ടെങ്കിൽ നിങ്ങൾ ഒരു നല്ല ശ്രോതാവാണ്‌.