ചാവറ പിതാവിന്റെ മാധ്യസ്ഥ്യം തേടുന്നവര്‍ക്കു സഹനങ്ങളെ കൃപകളാക്കാന്‍ സാധിക്കണം: ബിഷപ് ഏബ്രഹാം മാര്‍ യൂലിയോസ്

മാന്നാനം: സിഎംഐ സഭയുടെ സ്ഥാപനകാലത്ത് സഹനപാതയിലൂടെ സഞ്ചരിച്ച ചാവറ പിതാവിന്റെ മാധ്യസ്ഥ്യം തേടുന്ന നമുക്ക് സഹനങ്ങളെ കൃപകളാക്കാനും ജീവിത വിശുദ്ധീകരണത്തിനുള്ള മാര്‍ഗമാക്കാനും സാധിക്കണമെന്ന് മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ഏബ്രഹാം മാര്‍ യൂലിയോസ്. വിശുദ്ധ ചാവറയച്ചന്റെ തിരുനാളിന്റെ രണ്ടാം ദിവസമായ ഇന്നലെ മാന്നാനം ആശ്രമദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്.

സാധാരണ കുടുംബത്തില്‍ ജനിച്ച വിശുദ്ധ ചാവറ പിതാവിനെ ദൈവം വിശുദ്ധിയുടെ ഉത്തുംഗശൃംഗങ്ങളിലേക്ക് നയിച്ചു. ഇതുപോലെ നമുക്കോരോരുത്തര്‍ക്കും വിശുദ്ധിയുടെ പടവുകള്‍ കയറാനുള്ള പ്രചോദനമായി തിരുനാളുകളും വിശുദ്ധരുടെ ഓര്‍മയും മാറണമെന്നും ബിഷപ് അഭിപ്രായപ്പെട്ടു. രാവിലെ ഫാ. തോമസ് ചൂളപ്പറമ്പില്‍ സിഎംഐയുടെയും വൈകുന്നേരം ഫാ. ജോര്‍ജ് വല്ലയിലും വിശുദ്ധ കുര്‍ബാന, പ്രസംഗം, മധ്യസ്ഥ പ്രാര്‍ഥന എന്നിവയ്ക്ക് കാര്‍മികത്വം നല്‍കി.

തിരുനാളിന്റെ മൂന്നാം ദിനമായ ഇന്നു രാവിലെ 6.15നു നടക്കുന്ന പ്രഭാത പ്രാര്‍ഥന, വിശുദ്ധ കുര്‍ബാന, പ്രസംഗം മധ്യസ്ഥ പ്രാര്‍ഥന എന്നിവയ്ക്ക് ഫാ. സജി പാറക്കടവില്‍ സിഎംഐ കാര്‍മികത്വം നല്‍കും. 11നു വിശുദ്ധ കുര്‍ബാന, പ്രസംഗം, നൊവേന  ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ സിഎംഐ (സിഎംഐ തിരുവനന്തപുരം പ്രൊവിന്‍ഷ്യല്‍) വൈകുന്നേരം 4.30നു വിശുദ്ധ കുര്‍ബാന, പ്രസംഗം, നൊവേന  ഫാ. ജോസി താമരശേരി സിഎംഐയും (സിഎംഐ ജഗ്ദല്‍പുര്‍ പ്രൊവിന്‍ഷ്യല്‍) കാര്‍മികത്വം നല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.