തിന്മയില്‍ നിന്നും മോചിതരായവര്‍ ദൈവസ്നേഹത്തിന്‍റെ സാക്ഷികള്‍

തിന്മയുടെ കെട്ടുകൾ പൊട്ടിച്ച് ദൈവത്തിലേയ്ക്ക് അടുത്ത ഓരോ വ്യക്തിയും ദൈവസ്നേഹത്തിന്റെ സാക്ഷികളാണ് എന്ന് ഫ്രാൻസിസ് പാപ്പാ. സാമൂഹിക തിന്മകളില്‍ അധഃപതിച്ചവരെ പുനരധിവസിപ്പിക്കുന്ന “നവ ചക്രവാളം” എന്ന പ്രസ്ഥാനത്തിന്റെ റോമിലെ ആസ്ഥാനകേന്ദ്രം സന്ദർശിക്കവേയാണ് ഫ്രാൻസിസ് പാപ്പാ ഈ കാര്യം ഓര്‍മ്മിപ്പിച്ചത്.

ക്രിസ്തുവിന്‍റെ സ്നേഹദര്‍ശനം ക്ഷമയുടെയും കാരുണ്യത്തിന്‍റെയും നോട്ടമാണ്. അവിടുന്ന് പാപികളെ തേടി വന്നവനാണ്. അവിടുത്തെ ദര്‍ശനം, വീണവരെ താങ്ങുന്നതും കൈപിടിച്ചുയര്‍ത്തുന്നതും തിന്മയില്‍ നിന്നും സ്വതന്ത്രരാക്കുന്നതുമാണ്. ആരെയെങ്കിലും ക്രിസ്തു പ്രത്യേകമായി നോക്കിയിട്ടുണ്ടെങ്കില്‍ അവനെയും അവളെയും രക്ഷയിലേയ്ക്ക് നയിക്കാനായിരുന്നു അത്. സക്കേവൂസും, ലേവിയും, ജെറിക്കോയിലെ കുരുടനും, മഗ്ദലനയിലെ മറിയവുമെല്ലാം ക്രിസ്തുവിന്‍റെ ദിവ്യകടാക്ഷം ലഭിച്ചവര്‍ക്കുള്ള സുവിശേഷത്തിലെ മാതൃകകളാണ് – പാപ്പാ ചൂണ്ടിക്കാട്ടി.

ആയിരങ്ങളുടെ ജീവന്‍ അപഹരിക്കുന്നതും തിരിച്ചുവരാനാവാത്തതെന്നു കരുതുന്നതുമായ മേഖലകളാണ് മദ്യം, മയക്കുമരുന്ന്, ചൂതുകളി, വേശ്യാവൃത്തി, ലൈംഗിക വേഴ്ചകള്‍ എന്നീ സമൂഹിക തിന്മകള്‍. ഇന്ന് ലോകത്തിന്‍റെ ശാപമായി ഉയര്‍ന്നു നില്‍ക്കുന്ന ഈ തിന്മകള്‍ നവമായ ദാരിദ്ര്യവും, ആയിരങ്ങളുടെ ജീവന്‍ അപഹരിച്ചെടുക്കുന്ന കെണിയുമാണ്. സമൂഹം സംസാരിക്കാന്‍ മടിക്കുന്ന ഈ തിന്മകള്‍ ധാരാളം പേരിലേയ്ക്ക് മാരകമായ പ്രത്യാഘാതങ്ങളോടെ കിനിഞ്ഞിറങ്ങുന്നുവെന്നത് ഒരു ദുഃഖസത്യമാണ് – പാപ്പാ വ്യക്തമാക്കി.

സ്വയം വിനീതനാക്കിയ ദൈവമാണ് അവിടുന്ന്. മനുഷ്യരുടെ മധ്യത്തിലേയ്ക്ക് ഇറങ്ങിവന്ന ദൈവം! രക്ഷയുടെ ആനന്ദം അനുഭവിക്കുന്നവരുടെ ജീവിതാനുഭവങ്ങള്‍ തന്‍റെ മനസ്സിലും ശ്രോതാക്കളുടെ മനസ്സിലും ദൈവസ്നേഹത്തിന്‍റെ അനുഭവം വിതയ്ക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് പാപ്പാ വാക്കുകള്‍ ഉപസംഹരിച്ചത്.