ഒരു വൈദികൻ മരണത്തിൽ നിന്നും ഉയിർപ്പിച്ചവർ

സി. സൗമ്യ DSHJ

“എനിക്ക് മരിക്കാൻ ഭയമില്ല. കാരണം, ഞാൻ ജീവനില്ലാത്ത ഒരു ശരീരം മാത്രമാണ്. ശവശരീരങ്ങൾ എന്തിനാണ് മരണത്തെ ഭയക്കുന്നത്?” കോൾട്ടൺ എന്ന കെമിക്കൽ ഉല്പാദിപ്പിക്കുന്ന മൈനുകളിൽ നിന്നും രക്ഷപെട്ടുവന്ന ഒരു കുട്ടി, ഫാ. വില്ലി മിലായി എന്ന മിഷനറിയോട് പറഞ്ഞ വാക്കുകളാണിത്.

ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ എന്ന സന്യാസ-സഭയിലെ അംഗമായി കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ളിക്കിൽ സേവനം ചെയ്യുമ്പോളാണ് അദ്ദേഹം ആ ഞെട്ടിപ്പിക്കുന്ന സത്യം തിരിച്ചറിയുന്നത്. അവിടുത്തെ 20,000-ൽപ്പരം കുട്ടികൾ കോൾട്ടൻ മൈനുകളിൽ അടിമജോലി ചെയുന്നവരാണ്! ഈ കെമിക്കൽസ് വളരെ അപകടകാരിയും ഗുരുതര ആരോഗ്യപ്രശ്നം ഉണ്ടാക്കുന്നതുമാണ്. നിർബന്ധിക്കപ്പെട്ട് മൈനുകളിൽ ജോലി ചെയ്തിരുന്ന കുട്ടികളിൽ ചിലർ അവിടെ നിന്നും രക്ഷപെട്ട് തെരുവുകളിൽ അലയുമ്പോളാണ് ഫാ. മിലായി ഇവരെ കണ്ടെത്തുന്നത്.

ലോകത്തിലെ ഒന്നാം നമ്പർ കോൾട്ടൻ കെമിക്കൽ ഉല്പാദിപ്പിക്കുന്ന സ്ഥലമാണ് കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ളിക്ക്. മൊബൈൽ ഫോണുകളിലെ ഇലക്ട്രോണിക് മെറ്റീരിയലുകൾ ഉണ്ടാക്കാനാണ് ഈ കെമിക്കൽസ് ഉപയോഗിക്കുന്നത്. യഥാർത്ഥത്തിൽ നമ്മുടെ മൊബൈൽ ഫോണുകൾ ഇന്ന് നിലനിൽക്കുന്നതു തന്നെ ഇപ്രകാരം ജോലി ചെയ്യുന്ന, മരിച്ചു കൊണ്ടിരിക്കുന്ന കുട്ടികളിലൂടെയാണ്.

ഒളിപ്പോരാളികളിൽ നിന്നാണ് കുട്ടികൾക്ക് ഈ ചൂഷണം നേരിടേണ്ടി വരുന്നത്. മൈനിൽ നിന്നും രക്ഷപെട്ട് കിലോമീറ്ററുകൾ താണ്ടി തിരികെത്തിയ ഒരു കുട്ടിയെക്കുറിച്ച്‌ ഫാ. മിലായി പറയുന്നത് ഇപ്രകാരമാണ്: പട്ടിണിയും ദുഃഖവും തളർത്തിയ ആ കുട്ടിക്ക് ഭക്ഷണം കൊടുത്തപ്പോൾ അവൻ പറയാൻ തുടങ്ങി – “ആ കുട്ടിയേയും അവരുടെ കുടുംബത്തെയും അവർ തട്ടിക്കൊണ്ടു പോവുകയായിരുന്നു. കാട്ടിനുള്ളിലേയ്ക്ക് കൊണ്ടുപോയി അവരുടെ മുമ്പിൽ രണ്ട് നിർദ്ദേശങ്ങൾ വച്ചു. ഒന്നുകിൽ മരണം, അല്ലെങ്കിൽ ദിവസം 13 മണിക്കൂർ കോൾട്ടൻ മൈനുകളിൽ ജോലി ചെയ്യുക. ഗത്യന്തരമില്ലാതെ അവർക്ക് ജോലി ചെയ്യേണ്ടി വന്നു. മാസാവസാനം കൂലിയായി രണ്ട് ഡോളർ കൊടുക്കും. അവർക്കെതിരെ പ്രതികരിച്ചതിന് രണ്ട് പെങ്ങന്മാരെയും അമ്മയെയും മാനഭംഗപ്പെടുത്തി കൊന്നുകളഞ്ഞു; അതുപോലെ അപ്പനെയും.”

ഇതിനെത്തുടർന്ന് ഫാ. മിലായി ഒരു എഡ്യൂക്കേഷൻ സെന്റർ സിറ്റിയിൽ ആരംഭിച്ചു. കുട്ടികളെ പരസ്പരം ശ്രദ്ധയും സഹായവും ഉള്ളവരാകാൻ ഇവിടെ അവർ പരിശീലിപ്പിക്കുന്നു. “ദൈവത്തിന്റ ഛായയിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യരെ അവരുടെ തനിമയിൽ നിലനിർത്തേണ്ടത് ആവശ്യമാണ്. ഇപ്പോൾ നമ്മുടെ സമൂഹത്തിൽ ഈ ഒരു ബോധ്യമല്ല നമ്മെ ഭരിക്കുന്നത്. ഇന്ന് നമ്മെ കൊല്ലുന്ന ഒന്ന് നിസംഗതാ മനോഭാവമാണ്. നമുക്കാർക്കും ഇപ്പോൾ മറ്റുള്ളവരുടെ പ്രശ്നങ്ങൾ അറിയേണ്ട ആവശ്യമില്ല. അതിനുള്ള ആഗ്രഹവുമില്ല. നാം സംസാരിക്കുന്നത് നമ്മെക്കുറിച്ചും നമ്മെ സംബന്ധിക്കുന്ന കാര്യങ്ങളും മാത്രമാണ്. ഇപ്പോഴത്തെ ഏറ്റവും വലിയ ദാരിദ്ര്യം ഭൗതികമല്ല. മറിച്ച്‌ ആത്മീയമാണ്” – ഫാ. മിലായി പറയുന്നു.    

സി. സൗമ്യ ജോസഫ് DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.