ഈശോയുടെ ‘ഇരട്ട’യായ തോമാശ്ലീഹാ, ഇന്ത്യയുടെ ശ്ലീഹാ

“താമാ എന്നു വിളിക്കപ്പെടുന്ന തോമാ” (പ്ശീത്താ); “ദിദീമോസ് എന്നു വിളിക്കപ്പെടുന്നവനുമായ തോമസ്” (ഗ്രീക്കുമൂലം) (യോഹ 20:24)

ദുക്റാന തിരുനാളും നസ്രാണികളും

ആഗോളസഭയ്ക്ക് സുറിയാനിസഭ നൽകിയ ഒരു സംഭാവനയാണ് ജൂലൈ 3 – ലെ ദുക്റാന തിരുനാളാചരണം. 1960 -വരെ ലത്തീൻസഭ ഉൾപ്പെടെയുള്ള മറ്റു സഭകൾ തോമാശ്ലീഹായുടെ മരണത്തിരുനാൾ ആഘോഷിച്ചിരുന്നത് ഡിസംബർ 21-ാം തീയതിയായിരുന്നു. തോമാശ്ലീഹായുടെ തിരുശേഷിപ്പ് മൈലാപ്പൂരിൽനിന്നും ഏദ്ദേസാ പട്ടണത്തിലേയ്ക്കു മാറ്റി സ്ഥാപിച്ചതിന്റെ (translatio) ഓർമ്മയായിട്ടാണ് റോമൻസഭ ജൂലൈ 3 -നെ മനസ്സിലാക്കിയിരുന്നത്. ഉദയംപേരൂർ സൂനഹദോസിനുശേഷം (1599) മാർത്തോമ്മാ നസ്രാണികൾ ലത്തീൻക്രമമനുസരിച്ചാണു തോമാശ്ലീഹായുടെ തിരുനാളുകൾ ആചരിച്ചു വന്നിരുന്നതെങ്കിലും ജൂലൈ 3 -ലെ ദുക്റാന തിരുനാളിനോടുള്ള അവരുടെ ഹൃദയബന്ധം തുലോം കുറയ്ക്കുവാൻ പുതിയ ആചരണങ്ങൾക്കൊന്നിനും കഴിഞ്ഞില്ല എന്നതാണു സത്യം. ഒടുവിൽ 1960 -ൽ റോമൻ കത്തോലിക്കാസഭ അവരുടെ ലിറ്റർജിക്കൽ കലണ്ടർ പരിഷ്കരിച്ചവേളയിൽ, ഡിസംബർ 21 -ലുണ്ടായിരുന്ന തിരുനാൾ ഉപേക്ഷിച്ച് മാർത്തോമ്മാ നസ്രാണികള്‍  പരമ്പരാഗതമായി ആചരിച്ചുവന്നിരുന്ന ജൂലൈ 3 -നുതന്നെ തോമാശ്ലീഹായുടെ മരണത്തിരുനാൾ ആലോഷിക്കുവാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ ഒരു നസ്രാണി പാരമ്പര്യം സാർവ്വതിക സഭയുടെ പാരമ്പര്യമായിത്തീർന്നു.

‘ഇരട്ട’യായ തോമായെക്കുറിച്ചുള്ള മൂന്നു കഥകൾ

തോമാ എന്ന പേരിന്റെ മൂലാർത്ഥം ‘ഇരട്ടപിറന്നവൻ’ (twin) എന്നാണ്. സുറിയാനി ബൈബിളിൽ ഇതിന്റെ നാമോൽപത്തി കൂടുതൽ വ്യക്തമാണ്. സത്യത്തിൽ ‘തോമാ’ എന്നത് ശ്ലീഹായുടെ ഇരട്ടപേരാണ്; കാരണം അങ്ങനെയാണ് ഈശോയും ശിഷ്യന്മാരും അവനെ വിളിച്ചിരുന്നത്. തോമായ്ക്ക് ഈ വിളിപ്പേര് എങ്ങനെ കിട്ടിയെന്നു കൃത്യമായി നമുക്കറിഞ്ഞുകൂടാ. പക്ഷേ ആ പേരിന്റെ ഉത്ഭവം ചില ‘കഥ’കളായി സഭാപാരമ്പര്യത്തിൽ പ്രചരിച്ചിരുന്നു. അങ്ങനെയുള്ള മൂന്നു കഥകളാണ് ഇന്നത്തെ നമ്മുടെ പ്രതിപാദനവിഷയം. ഈ മൂന്നു കഥകളും മാർത്തോമാ നസ്രാണികളുടെയിടയിൽ നൂറ്റാണ്ടുകളായി കൈമാറി വന്നിരുന്നതും എന്നാൽ ഈ അടുത്ത പതിറ്റാണ്ടുകളിൽ വിസ്മരിക്കപ്പെട്ടു പോയവയുമാണ്. ആ കഥകൾ ഓർക്കാനും പറയാനും ഈ തിരുനാൾ നല്ലൊരവസരമാണ്.

ഉണ്ണീശോയുടെ തൊട്ടിലിൽ കിടക്കാൻ ഭാഗ്യം ലഭിച്ചവൻ

ഒന്നാമത്തെ കഥ ഈശോയുടെ ബാല്യകാലം വിവരിക്കുന്ന “മർത്ത്മറിയത്തിന്റെ ചരിത്രം” എന്നറിയപ്പെടുന്ന സുറിയാനി അപ്പോക്രിഫൽ ഗ്രന്ഥത്തിൽനിന്നാണ് (Budge, History of Bl. Virgin…, London 1899, 63-64). ഉദയംപേരൂർ സൂനഹദോസ് കത്തിച്ചു കളയാൻ ആവശ്യപ്പെട്ട സുറിയാനിഗ്രന്ഥങ്ങളുടെ പട്ടികയിലെ ആദ്യത്തെ ഗ്രന്ഥമാണിത്. ഈ പുസ്തകത്തിൽ തോമാശ്ലീഹായുടെ ബാല്യകാലത്തിലുണ്ടായ ഒരു അത്ഭുത സംഭവം വിവരിക്കുന്നുണ്ട്.

തോമാ ജന്മംകൊണ്ട് ഒരു ഇരട്ടകുട്ടിയായിരുന്നു. ഒരിയ്ക്കൽ ആ ഇരട്ടകൾക്ക് മാരകമായ അസുഖം പിടിപ്പെട്ടു. രോഗം മൂർച്ഛിച്ച് ഇരട്ടകളിൽ ഒരു കുട്ടി മരണപ്പെട്ടു. രണ്ടാമത്തെ കുട്ടിയെ ഏതെങ്കിലും വിധം രക്ഷപ്പെടുത്തുവാൻ ഇരട്ടകളുടെ അമ്മ മറിയത്തിന്റെ വീട്ടിലേയ്ക്ക് ഓടി. കുഞ്ഞിനെ രക്ഷിക്കണമെന്ന് അവൾ മറിയത്തോട് അപേക്ഷിച്ചു. മറിയം ആ കുഞ്ഞിനെ എടുത്ത് ഉണ്ണീശോയുടെ പിള്ളക്കച്ചകളിൽപ്പൊതിഞ്ഞ് ഉണ്ണീശോയുടെ തൊട്ടിലിൽത്തന്നെ കിടത്തി. ജീവച്ഛവമായ ആ കുഞ്ഞിന്റെ നാസാരന്ധ്രരങ്ങളിലേയ്ക്കു ഉണ്ണീശോയുടെ ഗന്ധം പ്രവേശിച്ച നിമിഷം അവൻ സുഖംപ്രാപിച്ച് ഉറക്കെ കരഞ്ഞു. ആ കുഞ്ഞാണ് ‘ഇരട്ട’ എന്നറിയപ്പെടുന്ന തോമാ എന്നാണ് പാരമ്പര്യം. ഈശോയുടെ പരിമളത്തിൽ സ്നാനം സ്വീകരിക്കാൻ ഭാഗ്യം ലഭിച്ച ഒരു ഇരട്ടകുട്ടിയാണ് തോമാശ്ലീഹാ എന്നു കഥാംശം. സുവിശേഷത്തിന്റെ ആ സുഗന്ധമാണ് ഭാരത നാട്ടിൽ അവൻ പരത്തിയത്.

ഇന്ത്യയിലെ സുവിശേഷവേലയിൽ തോമാ ഒറ്റയ്ക്കല്ല

രണ്ടാമത്തെ കഥ ദുക്റാനതിരുനാളിൽ ചൊല്ലുന്ന സുറിയാനി പ്രാർത്ഥനാ പുസ്തകത്തിൽനിന്നാണ്. ഒന്നാം സഹസ്രാബ്ദത്തിൽതന്നെ രൂപപ്പെട്ടതും നസ്രാണികൾ ഭക്തിപൂർവ്വം പള്ളികളിൽ ആലപിച്ചിരുന്നതുമായ യാമപ്രാർത്ഥനയുടെ ഒരു ഗീതത്തിലാണ് ഈ പരാമർശമുള്ളത്. മൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ എഴുതപ്പെട്ട “തോമായുടെ നടപടികൾ” എന്ന ഗ്രന്ഥത്തിൽ തോമായുടെ ഭാരത പ്രവേശനത്തെപ്പറ്റി പറയുന്ന കഥാതന്തുവാണ് ഇവിടുത്തെ പശ്ചാത്തലം.

ലോകത്തിന്റെ വിവിധ ദേശങ്ങളിൽ സുവിശേഷം അറിയിക്കുവാൻ ശ്ലീഹന്മാർ നിയോഗിക്കപ്പെട്ടു. ഈശോ ശിഷ്യരെ അയച്ചിരുന്നതുപോലെ രണ്ടുപേരുടെ സംഘമായി ഓരോ ദേശത്തും പോകണമെന്നാണ് അവർ തീരുമാനിച്ചത്. ദേശങ്ങൾ കുറിയിട്ടാണ് തെരഞ്ഞെടുത്തത്. ഏറ്റം വിദൂരദേശമായ ഇന്ത്യയ്ക്കായി കുറി വീണത് തോമായ്ക്കാണ്. ഇന്ത്യയിലേയ്ക്കു തോമായോടൊപ്പം കൂട്ടുപോകാൻ ആരും സന്നദ്ധരായി മുന്നോട്ടു വന്നില്ല. ഒരു തുണയില്ലാതെ താൻ ആ അപകടം പിടിച്ച സ്ഥലത്തേയ്ക്ക് പോകില്ലെന്ന് തോമാ ശാഠ്യം പിടിച്ചു. ആ രാത്രിയിൽ ഉത്ഥിതൻ അവനു പ്രത്യക്ഷപ്പെട്ടു.

തോമാ ഈശോയോടു പറഞ്ഞു: “എന്റെ കൂട്ടുകാരെല്ലാം ഭൂമിയുടെ നാലുദിക്കിലേയ്ക്കും ഇരട്ടകളായി പോകുമ്പോൾ ഞാൻ മാത്രം എന്തിന് ഇന്ത്യയിലേയ്ക്ക് ഒറ്റയ്ക്കു പോകണം?”. കർത്താവിന്റെ മറുപടി ഇങ്ങനെയായിരുന്നു: “ഒറ്റയ്ക്കു പോകുന്നതുകൊണ്ട് നിനക്ക് പ്രയാസമുണ്ടാകില്ല; കാരണം നീ എവിടെ പോകുന്നുവോ അവിടെ ഞാൻ നിന്നോടൊപ്പമുണ്ട്.” (ഹൂദ്ര III, 631). തോമായ്ക്ക് തുണപോകുന്നത് കർത്താവുതന്നെയാണ്. അങ്ങനെ ഈശോതന്നെ തോമാശ്ലീഹായുടെ ഇരട്ടസഹോദരനായി മാറുന്നു.

ഗുരുവിനെപ്പോലെയായിത്തീർന്ന ശിഷ്യൻ

തോമാശ്ലീഹായ്ക്കു ഈശോയുമായുള്ള സാമ്യമാണ് മൂന്നാമത്തെ കഥയുടെ സാരാംശം. തന്റെ ഗുരുവിനെപ്പോലെ ജീവിക്കാനും മരിക്കാനും ആഗ്രഹിച്ചതുകൊണ്ട് (cf. മത്താ 10:25) തോമാ ഈശോയുടെ ആത്മീയ ഇരട്ടയായിത്തീരുകയായിരുന്നു. ‘തോമായുടെ നടപടി’ എന്ന പുസ്തകപ്രകാരം തോമായുടെ ആദ്യത്തെ പേര് യൂദാ/യൂദാസ് എന്നാണ്. [ഈശോയുടെ പന്ത്രണ്ടു ശ്ലീഹരിൽ മൂന്നു പേർ ‘യൂദാ’ നാമധാരികളായിരുന്നു: യൂദാ സ്കറിയോത്താ, യൂദാ തദൈ, യൂദാ തോമാ; അവരെ പരസ്പരം തിരിച്ചറിയാൻ ഇവരിൽ അവസാനത്തെ രണ്ടു പേരുടെയും രണ്ടാമത്തെ പേരാണ് പ്രചാരം നേടിയത് എന്നുനുമാനിക്കാം.] ഈ പുസ്തകപ്രകാരം യൂദാ ഒരു അടിമയാണ്. അവന്റെ യജമാനൻ ഒരു നസ്രായനും. യൂദായുടെ തൊഴിൽ മരപ്പണിയാണ്. ഇന്ത്യയിൽ നിന്നുവന്ന ഹാബാൻ എന്ന കച്ചവടക്കാരനു ഒരു ആശാരിയെ അവശ്യമായിരുന്നതുകൊണ്ട് ആ നസ്രായൻ തന്റെ അടിമയെ കുറച്ചു വെള്ളിനാണയങ്ങൾക്കു ഹാബാനു വിറ്റു. ഈ സംഭവത്തെ ഈശോയുടെ ജീവിതവുമായി സാദൃശ്യപ്പെടുത്തി അവ തമ്മിലുള്ള സമാന്തരത്വം (parallelism) വെളിവാക്കിക്കൊണ്ടാണ് ദുക്റാന തിരുനാളിലെ പ്രാർത്ഥനാഗീതങ്ങൾ. അതിലൊന്ന് ഇങ്ങനെയാണ്:

“യൂദാ നിന്നെ പ്രീശർക്കു വിറ്റു; മറ്റൊരു യുദായെ നീയിതാ ഇന്ത്യക്കാർക്കു വിറ്റിരിക്കുന്നു. നീതിമാനും കാരുണ്യവാനുമായ നീ, നിന്റെ ഇഷ്ടപ്രകാരം വാങ്ങുകയും വില്ക്കുകയും ചെയ്യുന്നു.” (ഹൂദ്ര III, 632)

തോമാശ്ലീഹായ്ക്കു ശൂലവുമായുള്ള ബന്ധമാണ് ഈ സാദൃശ്യത്തിന്റെ മറ്റൊരുദാഹരണം. പടയാളിയുടെ ശൂലം കൊണ്ട് തുറക്കപ്പെട്ട തിരുവിലാവിൽ സ്പർശിച്ച് മിശിഹാനുഭവത്തിൽ സ്നാനപ്പെട്ട തോമാശ്ലീഹായ്ക്കു്, ശൂലംകൊണ്ടു തന്നെയുള്ള രക്തസാക്ഷിത്വത്തിലൂടെ ആ മിശിഹാനുഭവത്തിന്റെ പൂർത്തീകരണവും കരഗതമായി എന്നു പാഠഭേദം. ശൂലം (കുന്തം) തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ പ്രതീകം മാത്രമല്ല, മിശിഹാനുഭവത്തിന്റെ അടയാളംകൂടിയാണ്. ഈ തിരുനാളിലെ ഒരു ഗീതംമാത്രം ഉദ്ധരിക്കാം:

“ഭാഗ്യപ്പെട്ട മാർത്തോമായേ, നീ അനുഗ്രഹീതനാകുന്നു,
കാരണം ദുഷ്ടർ നിന്നെ ശൂലംകൊണ്ടു കുത്തിമുറിപ്പെടുത്തി;
അതുവഴി നിന്റെ ഗുരുവിന്റെ സഹനത്തിന്റെ (പഞ്ച)ക്ഷതം,
നിന്റെ ശരീരത്തിൽ കാണുവാനും സ്വീകരിക്കുവാനും അങ്ങനെ,
അവന്റെ നിത്യമായ സന്തോഷത്തിൽ പങ്കാളിയാകാനും നിനക്കിടവന്നിരിക്കുന്നു.” (ഹൂദ്ര III, 640)

തോമാശ്ലീഹാ മരണത്തോളം ഈശോയുമായി സാമ്യപ്പെട്ടു; അങ്ങനെ മിശിഹായുടെ ‘ഇരട്ട’യായിത്തീർന്നു. തോമായ്ക്ക് ഈശോ നൽകിയ ഇരട്ടപ്പേര് അങ്ങനെ അന്വർത്ഥമായി. മാർത്തോമാനസ്രാണികൾ എന്നഭിമാനിക്കുന്ന നാം തോമായുടെ നാമം ഉള്ളിൽ പേറുന്നവരാണ്. ആ നാമത്തിന്റെ അർത്ഥം മനസ്സിലാക്കുംതോറും നമ്മുടെ വിളി നമുക്കു കൂടുതൽ വ്യക്തമാകും. അങ്കത്തിനു ചേകവർക്കു തുണ പോകുന്നവൻ ചാവേറാണന്നാണ് നാട്ടുമൊഴി. നമ്മുടെ ജീവിത രണഭൂമിയിൽ നമുക്കു തുണ വരുന്നത് ഈശോതന്നെയാണ്.

ഫാ. ജോസഫ് ആലഞ്ചേരി
ചങ്ങനാശേരി അതിരൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.