പ്രാര്‍ത്ഥനയില്‍ തടസം നേരിടുന്നുണ്ടോ? തോമസ് കെംപിസിന്റെ ഈ പ്രാര്‍ത്ഥനയിലൂടെ പരിഹാരം കാണാം

പ്രാര്‍ത്ഥനയ്ക്കായി മുട്ടുകുത്തുമ്പോള്‍ പലപ്പോഴും പലവിധത്തിലുള്ള അസ്വസ്ഥതകള്‍ നമ്മെ അലട്ടാറുണ്ട്. ദൈവിക ചിന്തകളില്‍ നിന്ന് അകറ്റി നമ്മുടെ ചിന്തകളെ മറ്റ് പലവിധ വിഷയങ്ങളിലേയ്ക്ക് തള്ളിയിടുകയാണ് അത് ചെയ്യുന്നത്.

‘ദി ഇമിറ്റേഷന്‍ ഓഫ് ക്രൈസ്റ്റ്’ എന്ന വിഖ്യാതപുസ്തകത്തിന്റെ രചയിതാവായ തോമസ് കെംപിസ്, ഇത്തരത്തിലുള്ള പ്രശ്‌നത്തിന് ഒരു പരിഹാരം നിര്‍ദ്ദേശിക്കുന്നുണ്ട്. പലവിചാരങ്ങളെ ആട്ടിയോടിച്ച് ദൈവിക ചിന്തയാല്‍ പ്രാര്‍ത്ഥനാവേളയെ നിറയ്ക്കുന്നതിനുള്ള പ്രാര്‍ത്ഥനയാണ് അദ്ദേഹം പരിചയപ്പെടുത്തുന്നത്. ആ പ്രാര്‍ത്ഥന ഇങ്ങനെയാണ്…

‘ദൈവമേ, അങ്ങയുടെ സംരക്ഷണവലയത്തില്‍ നിന്ന് എന്നെ അകറ്റരുതേ, പകരം എന്നെ ഇപ്പോള്‍ അലട്ടിക്കൊണ്ടിരിക്കുന്ന, അസ്വസ്ഥതപ്പെടുത്തിക്കൊണ്ടിരിക്കുന്ന സാത്താന്റെ ശക്തികളെ ആട്ടിയകറ്റണമേ. എന്റെ എല്ലാ ചിന്തകളെയും വികാരവിചാരങ്ങളെയും അങ്ങയിലേയ്ക്ക് അടുപ്പിക്കണമേ. ലോകത്തിന്റേതായ എല്ലാ വിചാരങ്ങളില്‍ നിന്നും എന്നെ അകറ്റിനിര്‍ത്തണമേ.

അനന്തസത്യമായ ദൈവമേ, സ്വര്‍ഗ്ഗീയ മാധുര്യമേ, എന്റെ മേലുള്ള എല്ലാ അശുദ്ധിയേയും മാറ്റിത്തരണമേ. അങ്ങയെ അല്ലാതെ എന്തെങ്കിലും പ്രാര്‍ത്ഥനയിലൂടെ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കണമേ. പ്രാര്‍ത്ഥനയില്‍ പലപ്പോഴും അങ്ങയില്‍ നിന്ന് അകന്ന് മറ്റ് പലവിധ അസ്വസ്ഥതകളില്‍ അകപ്പെട്ടതിനെയോര്‍ത്തും ഞാന്‍ ക്ഷമ ചോദിക്കുന്നു. ദൈവമേ, എന്റെ കുറവുകള്‍ പരിഹരിച്ച് അങ്ങയോടൊപ്പം ആയിരിക്കുവാന്‍ എന്നെ സഹായിക്കണമേ. ആമ്മേന്‍.’