ഡോക്ടറും രക്തസാക്ഷിയും ആയ ഒരു വിശുദ്ധൻ

“നിങ്ങൾക്ക് യഥാർത്ഥത്തിൽ ആനന്ദം ആവശ്യമെങ്കിൽ നിങ്ങൾ ക്രിസ്തുവിൽ വിശ്വസിക്കുകയാണ്, ഒരു ക്രിസ്ത്യാനി ആയിരിക്കുകയാണ് വേണ്ടത്.” ക്രിസ്ത്യാനിയായിരിക്കെതന്നെ വിശ്വാസം ഉപേക്ഷിച്ചിട്ട് വീണ്ടും ക്രിസ്തുവിനെ ഏറ്റുപറഞ്ഞുകൊണ്ട് അവിടുത്തേക്ക് വേണ്ടി രക്തസാക്ഷിത്വം വരിച്ച വി. പാന്തലിയോൺ എന്ന വിശുദ്ധന്റെ വാക്കുകളാണ് ഇത്.

കത്തോലിക്ക തിരുസഭയിലെ പതിനാലു വിശുദ്ധ സഹായകരിൽ ഒരാളായ വി. പാന്തലിയോൺ ഭിഷഗ്വരൻമാരുടെയും ആതുര ശുശ്രൂഷാ രംഗത്തുള്ളവരുടെയും കരയുന്ന കുഞ്ഞുങ്ങളുടെയും പ്രത്യേക മധ്യസ്ഥനാണ്. എ ഡി 275 -ൽ നികോമേഡിയയിലെ ഒരു ധനാഢ്യന്റെ മകനായി ജനിച്ച അദ്ദേഹം ക്രിസ്ത്യാനിയായ അമ്മയുടെ പ്രത്യേക ശിക്ഷണത്തിലും പ്രാർത്ഥനാരൂപിയിലും വളർന്നുവന്നു. എങ്കിലും വിശുദ്ധന്റെ അമ്മയുടെ മരണശേഷം അദ്ദേഹം ക്രിസ്തുമതം ഉപേക്ഷിക്കുകയാണുണ്ടായത്. ഇതിനോടകം പാന്തലിയോൺ പ്രശസ്തനായ ഭിഷഗ്വരൻ യുഫ്രോസിനോസിന്റെ കീഴിൽ വൈദ്യശാസ്ത്രം പഠിക്കുകയും അന്നത്തെ ഭരണാധികാരിയായ ഗലേറിയോസിന്റെ വൈദ്യനായി ചുമതലയേൽക്കുകയും ചെയ്തു.

നികോമേഡിയയിലെ അന്നത്തെ ബിഷപ്പ് ആയ ഹെർമോലൗസ് (Hermolaus ) പാന്തലിയോണുമായുള്ള സംഭാഷണ വേളയിൽ ‘യേശുവാണ് യഥാർത്ഥ വൈദ്യൻ’ എന്നുള്ള ആശയത്തെ ഊന്നിപ്പറയുകയും അതിനുള്ള ഉദാഹരണങ്ങൾ നൽകുകയും ചെയ്തു. ബിഷപ്പിന്റെ സംസാരത്തിൽ നിന്ന്, വൈദ്യന്റെ ഉപദേശത്തേക്കാളുപരിയായി ക്രിസ്തുവിലുള്ള വിശ്വാസമാണ് സൗഖ്യം കൈവരിക്കുന്നതിന് അടിസ്ഥാനപരമായി ആവശ്യം എന്ന് തിരിച്ചറിഞ്ഞ പാന്തലിയോൺ ക്രൈസ്തവ വിശ്വാസത്തിലേക്ക് തിരികെ വരികയാണുണ്ടായത്.

അതിനു ശേഷം യേശുവിന്റെ നാമത്തിൽ അത്ഭുതകരമായി ഒരു അന്ധനെ സുഖപ്പെടുത്തിയ പാന്തലിയോൺ അവിശ്വാസിയായ അദ്ദേഹത്തിന്റെ പിതാവിനെയും ക്രൈസ്തവ വിശ്വാസത്തിലേക്ക് കൊണ്ടുവന്നു. സ്വന്തം പിതാവിന്റെ മരണ ശേഷം കണക്കറ്റ സ്വത്തുക്കൾക്കുടമയായി മാറി. ദരിദ്രർക്കും അനാഥർക്കും തനിക്കുള്ളതൊക്കെ നൽകിക്കൊണ്ട് അദ്ദേഹം ക്രിസ്തു പഠിപ്പിച്ച സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും മാതൃകയെ കാണിച്ചു കൊടുത്തു. ഒടുവിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലും വിശ്വാസ ജീവിതത്തിലും അസൂയ പൂണ്ട സഹപ്രവർത്തകർ എ ഡി 305 ൽ ഡയോക്ളീഷ്യൻ ചക്രവർത്തിയുടെ ക്രൈസ്തവ പീഡനത്തിന് ഏല്പിച്ചുകൊടുത്തു. ശിരച്ഛേദം ചെയ്യപ്പെട്ടുകൊണ്ട് ധീര രക്ത സാക്ഷിത്വം വരിച്ച വിശുദ്ധന്റെ അത്ഭുതകരമായ സുഖപ്പെടുത്താനുള്ള കഴിവുകൊണ്ടാണ് വിശ്വാസികളുടെ ഇടയിൽ വളരെയധികം വണക്കത്തിന് യോഗ്യനായത്.

ഒരു കൈയ്യിൽ മരുന്ന് പെട്ടിയും സ്‌പൂണും മറു കൈയ്യിൽ രക്‌തസാക്ഷികളുടെ കുരിശുരൂപവും ഏന്തിയ വി. പാന്തലിയോണിന്റെ ചിത്രം വളരെ പ്രസിദ്ധമാണ്. ആറാം നൂറ്റാണ്ടിൽ ജസ്റ്റീനിയൻ ചക്രവർത്തി കോൺസ്റ്റാന്റിനോപ്പിളിൽ പണികഴിപ്പിച്ച പാന്തലിയോൺ  ദൈവാലയവും ജോർദാനിലെ പാന്തലിയോൺ ആശ്രമവുമാണ് വിശുദ്ധന്റെ നാമധേയത്തിലുള്ള പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങൾ. ജൂലൈ 27 -നു തിരുനാൾ ആഘോഷിക്കുന്ന വിശുദ്ധന്റെ വിശ്വാസവും ഏറ്റുപറച്ചിലും നമ്മുടെ ജീവിതത്തിലും മാതൃകയാകട്ടെ.


വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.