ഈ അമ്മയ്ക്ക് നഷ്ടപ്പെട്ടത് തന്റെ ഇരട്ടക്കുട്ടികളെ; ആശ്വാസമായത് വ്യാകുലമാതാവിന്റെ മാദ്ധ്യസ്ഥ്യം

നാഷണൽ കാത്തലിക് രജിസ്റ്ററിലെ ഒരു പത്രപ്രവർത്തകയാണ് അമാൻഡ എവിംഗർ. തന്റെ ഇരട്ട പെൺമക്കളെ നഷ്ടപ്പെട്ട അമാൻഡ ആ വേദനയിൽ നിന്നും കരകയറിയത് വ്യാകുല മാതാവിന്റെ പ്രത്യേക മധ്യസ്ഥ ശക്തി ഒന്നുകൊണ്ട് മാത്രമാണ്. അത് എപ്രകാരമാണെന് വിവരിക്കുകയാണ് ഈ അമ്മ.

“എന്റെ ഇരട്ടക്കുട്ടികൾ മരിച്ച് ആറ് ആഴ്ചകൾക്ക് ശേഷം, ഞാൻ കുമ്പസാരിക്കാൻ പോയി. ആ സമയം എനിക്ക് ദൈവത്തോടും ദേഷ്യമായിരുന്നു. ആ തെറ്റ് ഞാൻ വൈദികനോട് ഏറ്റുപറഞ്ഞു. ഈ പുരോഹിതൻ ആരാണെന്ന് എനിക്ക് ഇന്നും അറിയില്ല. എന്നാൽ, അദ്ദേഹം എന്റെ ജീവിതത്തിന്റെ ഗതിയെ ആ കുമ്പസാരത്തിലൂടെ മാറ്റിമറിച്ചു.” -അമാൻഡ പറയുന്നു.

ആ കുമ്പസാരത്തിൽ വൈദികൻ പറഞ്ഞത് എന്താണെന്ന് വെളിപ്പെടുത്തുകയാണ് അമാൻഡ. വൈദികൻ പറഞ്ഞു: “വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന് എനിക്കറിയാം. പക്ഷേ വ്യാകുല മാതാവിനെപ്പോലെയാകാൻ നിങ്ങൾക്ക് അവസരം ലഭിച്ചതിന് നിങ്ങൾ ദൈവത്തിന് നന്ദി പറയണം. അസാധാരണമായ ഈ കൃപ പല സ്ത്രീകൾക്കും ദൈവം നൽകിയിട്ടില്ല,”

വൈദികന്റെ ആ വാക്കുകൾ വേദനിച്ചിരുന്ന അമാൻഡയുടെ ഹൃദയത്തിൽ പ്രതീക്ഷ പകരുന്നതിന് ഇടയാക്കി. ദൈവം അനുവദിക്കുന്ന വഴികളിലൂടെയാണ് ഞാൻ കടന്നുപോകുന്നതെന്ന് അമാൻഡ പതിയെ മനസിലാക്കി തുടങ്ങി. “പുരോഹിതന്റെ വാക്കുകൾ ആദ്യം കേട്ടപ്പോൾ എനിക്ക് ദേഷ്യം തോന്നി. ജീവനില്ലാത്ത എന്റെ മക്കളെ കൈയിൽ കിട്ടിയപ്പോൾ ഉള്ള ആ വേദനയിലേക്ക് വീണ്ടും ഞാൻ സഞ്ചരിച്ചു. എങ്കിലും പിന്നീട് എനിക്ക് എല്ലാം വ്യക്തമായി. ദൈവത്തിന്റെ മഹത്തായ നന്മയ്ക്ക് നന്ദി. അങ്ങനെ എന്നിൽ ഉണ്ടായിരുന്ന ദേഷ്യം നീങ്ങി. കാലക്രമേണ ആ പുരോഹിതന്റെ വാക്കുകൾ എന്റെ ആത്മാവിനേറ്റ മുറിവിന് ഒരു ലേപനമാണെന്ന് ഞാൻ മനസിലാക്കി, ” അമാൻഡ പറയുന്നു.

അമാൻഡയുടെ ഇരട്ട കുട്ടികൾ മരിക്കുന്നത് വ്യാകുല മാതാവിന്റെ ദിനമായ ഒരു സെപ്റ്റംബർ 15 -ന് ആയിരുന്നു. നമ്മുടെ കഷ്ടപ്പാടുകൾ വ്യാകുല മാതാവിന്റെ മദ്ധ്യസ്ഥതയിലൂടെ ക്രിസ്തുവിന് സമർപ്പിക്കുമ്പോൾ, നാം ദൈവസന്നിധിയിൽ വിലയുള്ളവരായി തീരുന്നു. അമാൻഡ വെളിപ്പെടുത്തുന്നു.

വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന് ശേഷമാണ് വ്യാകുല മാതാവിന്റെ തിരുനാൾ സഭയിൽ ആഘോഷിക്കുന്നത്. കത്തോലിക്കാ സഭയുടെ ഉത്ഭവം മുതൽ, ക്രിസ്ത്യാനികൾ യേശുവിന്റെ വേദനകൾ അനുസ്മരിക്കുമ്പോൾ പരിശുദ്ധ അമ്മയുടെ വേദനയുമായി അതിനെ ബന്ധപ്പെടുത്തിയിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, അതായത് 1814 -മുതലാണ് എല്ലാ സെപ്റ്റംബർ 15 -നും വ്യാകുല മാതാവിന്റെ തിരുനാൾ ആഘോഷിക്കാൻ പിയൂസ് ഏഴാമൻ മാർപ്പാപ്പ ആഹ്വാനം ചെയ്യുന്നത്.

സി. സൗമ്യ മുട്ടപ്പള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.