തന്റെ ഭാര്യയെ കൊന്ന ഭീകരരോട് ക്ഷമിച്ച് ശ്രീലങ്കക്കാരൻ

ശ്രീലങ്കയിലെ സ്ഫോടനത്തിലൂടെ ദൈവം തനിക്കായി നൽകിയ ജീവിതപങ്കാളിയെ കൊന്ന ഭീകരരോട് താനും ക്ഷമിക്കുന്നു എന്ന പ്രിൻഗാന്ത ജയക്കൊടിയുടെ വാക്കുകൾ ശ്രദ്ധയാകർഷിക്കുന്നു. ഈസ്റ്റർ ദിനത്തിൽ നെഗോമ്പോ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ നടന്ന സ്‌ഫോടനത്തിൽ പ്രിൻഗാന്തയുടെ ഭാര്യ കൊല്ലപ്പെട്ടിരുന്നു.

വീടിനടുത്തുള്ള ദേവാലയത്തിൽ സ്ഫോടനം നടന്നപ്പോൾ അദ്ദേഹം അവിടേയ്ക്കു ഓടി. മകൻ രക്ഷപെട്ടുവെന്നും ആശുപത്രിയിലേയ്ക്ക് മാറ്റിയെന്നും അറിഞ്ഞ അദ്ദേഹം തന്റെ ഭാര്യയും സുരക്ഷിതയായിരിക്കും എന്ന വിശ്വാസത്തിലാണ് അന്വേഷിച്ചുതുടങ്ങിയത്. എന്നാൽ ഭാര്യയുടെ ചേതനയറ്റ ശരീരമാണ് അദ്ദേഹത്തിന് കണ്ടെത്തുവാൻ കഴിഞ്ഞത്. ഭാര്യയുടെ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് വിമുക്തനാകുവാന്‍ അദ്ദേഹത്തിന്  ദിവസങ്ങൾ വേണ്ടിവന്നു.

ഭാര്യയുടെ മരണശേഷം ദൈവവുമായി അദ്ദേഹം കൂടുതൽ അടുക്കുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്തു. അങ്ങനെയാണ് തന്റെ പ്രിയപ്പെട്ടവരെ ഇല്ലാതാക്കിയവരോട് ക്ഷമിക്കുവാനുള്ള ഒരു ഹൃദയവിശാലതയിലേയ്ക്ക് അദ്ദേഹം എത്തിയത്. “ഒരു കത്തോലിക്കനായതിൽ ഞാൻ അഭിമാനിക്കുന്നു. എന്റെ അവസ്ഥ എന്തുതന്നെ ആയാലും ആ അവസ്ഥയിൽ ആയിരുന്നുകൊണ്ട് ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു. എന്റെ ഭാര്യ ഉൾപ്പെടെ കൊല്ലപ്പെട്ട എല്ലാവരും ദൈവത്തിനായി ജീവൻ നൽകിയവരാണ്.” അദ്ദേഹം പറഞ്ഞു…