നിലനില്‍ക്കുന്ന സന്തോഷത്തിന് ഈശോ പറഞ്ഞുതരുന്ന മാര്‍ഗ്ഗം

സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വാതില്‍ തുറന്ന്, നമ്മെ അവിടേയ്ക്ക് ക്ഷണിക്കുന്നതിനാണ് ഈശോ ഈ ലോകത്തിലേയ്ക്ക് വന്നത്. തന്നെ പിന്‍ചെല്ലുന്നവര്‍ക്ക് മാര്‍ഗ്ഗം സുഗമമായിരിക്കുമെന്ന് അവിടുന്ന് പറഞ്ഞിട്ടില്ല. പകരം സ്വന്തം കുരിശുമെടുത്ത് തന്നെ അനുഗമിക്കാനാണ് അവിടുന്ന് ആഹ്വാനം ചെയ്തിട്ടുള്ളത്.

എന്നാല്‍, എത്ര വലിയ വേദനയുടെ നിമിഷത്തിലും സന്തോഷം നിലനിര്‍ത്താന്‍ ഈശോ നമ്മെ സഹായിക്കുന്നുമുണ്ട്. ഈ ലോകത്തിലും വരാനിരിക്കുന്ന ജീവിതത്തിലും ശാശ്വതമായ സന്തോഷം അവിടുന്ന് വാഗ്ദാനം ചെയ്യുന്നുണ്ട്. കര്‍ത്താവ് പറയുന്നു: ‘ ജനക്കൂട്ടത്തെ കണ്ടപ്പോള്‍ യേശു മലയിലേയ്ക്കു കയറി. അവന്‍ ഇരുന്നപ്പോള്‍ ശിഷ്യന്മാര്‍ അടുത്തെത്തി. അവന്‍ അവരെ പഠിപ്പിക്കാന്‍ തുടങ്ങി. ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗ്ഗരാജ്യം അവരുടേതാണ്. വിലപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ആശ്വസിപ്പിക്കപ്പെടും. ശാന്തശീലര്‍ ഭാഗ്യവാന്മാര്‍; അവര്‍ ഭൂമി അവകാശമാക്കും. നീതിക്കു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്കു സംതൃപ്തി ലഭിക്കും. കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്ക് കരുണ ലഭിക്കും. ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവത്തെ കാണും. സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും. നീതിക്കു വേണ്ടി പീഡനം ഏല്‍ക്കുന്നവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗ്ഗരാജ്യം അവരുടേതാണ്. എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങള്‍ക്കെതിരെ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍; നിങ്ങള്‍ ആനന്ദിച്ചാഹ്‌ളാദിക്കുവിന്‍; സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട് (മത്തായി 5:112).

വിശുദ്ധ ഗ്രന്ഥത്തിന്റെ ചില വ്യാഖ്യാനങ്ങളില്‍ അനുഗ്രഹം എന്ന വാക്കിനെ സന്തോഷം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. വലിയൊരു സത്യമാണ് അത്. കാരണം, ദൈവം നമ്മുടെ സന്തോഷമാണ് ആഗ്രഹിക്കുന്നത് മാത്രവുമല്ല, അത് സ്വന്തമാക്കാനുള്ള മാര്‍ഗ്ഗവും അവിടുന്ന് കാണിച്ചുതരുന്നു.

സന്തോഷം തേടി ലോകത്തിൽ അലയുമ്പോള്‍ ഈശോ വ്യക്തമായി പഠിപ്പിക്കുന്നു: അന്യനെ സ്‌നേഹിക്കുന്നതാണ്, സേവിക്കുന്നതാണ് സന്തോഷത്തിനുള്ള മാര്‍ഗ്ഗമെന്ന്. മറ്റുള്ളവരെ സേവിക്കുമ്പോള്‍ അത്ര സന്തോഷം നമുക്ക് ആദ്യമൊന്നും അനുഭവപ്പെട്ടില്ലെങ്കിലും പിന്നീട് അത് നമുക്ക് നല്‍കുന്ന സമാധാനമാണ് സന്തോഷത്തിലേയ്ക്ക് വഴി തെളിക്കുന്നത്. ഈ പ്രളയകാലത്തില്‍ മറ്റുള്ളവരെ സേവിക്കുന്നതിനും സ്‌നേഹിക്കുന്നതിനുമുള്ള അവസരമാണ് നമുക്കെല്ലാം കൈവന്നിരിക്കുന്നത്. അതുവഴിയായി ദൈവം നല്‍കുന്ന സന്തോഷവും സമാധാനവും ആവോളം ആസ്വദിക്കുകയും ചെയ്യാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.