ഉപവാസത്തെക്കാൾ മികച്ച ആത്മീയ വ്യായാമം 

ഉപവാസം, നാം നമുക്ക് ഇഷ്ടമുള്ള ഭക്ഷണ സാധനങ്ങൾ മാറ്റി വച്ചുകൊണ്ട് ദൈവത്തോട് ചേർന്ന് നിൽക്കാൻ ശ്രമിക്കുന്ന സമയം. ഉപവസിച്ചുള്ള പ്രാർത്ഥനയ്ക്ക് വലിയ ശക്തിയുണ്ടെന്ന് നമുക്ക് അറിയാം. അതിനാൽ തന്നെ പലരും നിയോഗങ്ങൾ വച്ചു ഉപവസിച്ചു പ്രാർത്ഥിക്കുന്നു. കൂടാതെ തങ്ങളെ തന്നെ ദൈവത്തിനു സമർപ്പിച്ചു കൊണ്ട് ഉപവാസം അനുഷ്ടിക്കാറും ഉണ്ട്. ആത്മീയ ജീവിതത്തിൽ ഉപവാസത്തിനു ഫലങ്ങൾ ഒരുപാടുണ്ടെന്ന് എല്ലാവരും വിശ്വസിക്കുന്നു.

എന്നാൽ ഉപവാസത്തെക്കാൾ ഫലപ്രദമായ ഒരു ആത്മീയ അഭ്യാസമുണ്ട്. ഈ ആത്മീയ അഭ്യാസത്തെ കുറിച്ച് കുരിശിന്റെ വിശുദ്ധ യോഹന്നാൻ പറയുന്നത് എന്തെന്ന് നോക്കാം.

സ്നേഹത്തെയും പ്രകാശത്തെയും കുറിച്ചുള്ള ഉദ്ധരണികളിലാണ് വിശുദ്ധ ജോൺ ഉപവാസത്തെക്കാൾ ഫലപ്രദമായ ആത്മീയ അഭ്യാസത്തെ കുറിച്ച് വ്യക്തമാക്കുന്നത്. ‘നാവിനെ നിയന്തിക്കുക’ അതാണ് ആ ആത്‌മീയ അഭ്യാസം. ഭക്ഷണവും വെള്ളവും ഒഴിവാക്കുന്നതിനേക്കാൾ ഫലപ്രദമാണ് നമ്മുടെ നാവിനെ നിയന്ത്രിക്കുന്നതും വിവേകത്തോടെ സംസാരിക്കുന്നതും. നമ്മുടെ വാക്കുകൾ ഒരാളെ ഇല്ലാതാക്കാൻ വേണ്ടി ആയിരിക്കരുത്. മറിച്ച് മറ്റുള്ളവരെ വളർത്തുവാൻ വേണ്ടി ആയിരിക്കണം. വിശുദ്ധൻ ചൂണ്ടിക്കാട്ടുന്നു.

കുരിശിലെ സെന്റ് ജോൺ ഇന്ന് ജീവിച്ചിരുന്നെങ്കിൽ ആധുനിക മാധ്യമങ്ങളിൽ കൂടിയുള്ള കമന്റുകളും മറ്റും നിയന്ത്രിക്കണം എന്ന് ഇതിൽ കൂട്ടി ചേർത്തേനേ. മറ്റൊരാളെ വ്യക്തിപരമായി ചൂഷണം ചെയ്യുന്നതിനോ ഒരു വ്യക്തിയെക്കുറിച്ച് ലഘുവായ അഭിപ്രായം പോസ്റ്റുചെയ്യുന്നതിനോ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നതിന് ശരിയായ ആത്മീയ പരിശീലനം ആവശ്യമാണ്. പല പ്രൊഫൈലുകളിലായി ഒളിഞ്ഞിരിക്കുന്നവർ പോലും ഒരുപക്ഷെ അറിയുന്നുണ്ടാവില്ല അവർ അറിയാതെ അനേകരെ ഇല്ലാതാക്കുന്നു എന്ന്, വേദനിപ്പിക്കുന്നു എന്ന്.

ഒരു പക്ഷെ ഉപവസിക്കുക എന്നത് നമ്മെ സംബന്ധിച്ചിടത്തോളം എളുപ്പമായിരിക്കാം. എന്നാൽ നാവിനെ നിയന്ത്രിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുപോലെ തന്നെയാണ് ഇന്റർനെറ്റിന്റെ ഉപയോഗവും. ഒരാളെ കുറിച്ച് മിതമായ കാര്യങ്ങൾ പങ്കുവയ്ക്കുവാൻ നിങ്ങൾക്കു തോന്നുന്ന നിമിഷം കമ്പ്യൂട്ടർ, മൊബൈൽ എന്തുമായിക്കൊള്ളട്ടെ അത് ഓഫ് ചെയ്തു വയ്ക്കാം. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയാൽ നമ്മുടെ പ്രവർത്തികൾ ദൈവതിരുമുന്പിൽ സ്വീകാര്യമായിത്തീരും.