മരിച്ചവര്‍ക്ക് വേണ്ടി കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ സംഭവിക്കുന്നത് – ഒരു ബാലികയുടെ സാക്ഷ്യം

    മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയുടെയും കുര്‍ബാനയുടെയും പ്രാധാന്യം കത്തോലിക്കാ സഭ എന്നും ഊന്നിപ്പറയുന്ന ഒന്നാണ്. മരിച്ചവര്‍ക്ക് വേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ എന്താണ് സംഭവിക്കുക അല്ലെങ്കില്‍ അതിന്റെ ആവശ്യകത എന്താണ് എന്ന് സംശയങ്ങള്‍ ഉള്ള പലരും ഉണ്ടാവും. അവര്‍ക്കായി ഒരു ബാലികയുടെ സാക്ഷ്യം ഇതാ.

    പതിനേഴാം നൂറ്റാണ്ടില്‍ നടന്ന ഒരു സംഭവം ആണ് ഇത്. ഒരിക്കല്‍ ഒരു പെണ്‍കുട്ടി ബനഡിക്ടന്‍ സന്യാസ വൈദികനായ മിലന്‍ ഡി മിറാണ്ടോയെ സമീപിച്ചു. മരിച്ചു പോയ തന്റെ പിതാവിനായി മൂന്നു കുര്‍ബാന അര്‍പ്പിക്കണം എന്ന ആവശ്യവുമായാണ് അവള്‍ അച്ചനെ സമീപിച്ചത്. തന്റെ അച്ഛന്‍ ശുദ്ധീകരണ സ്ഥലത്ത് വേദന അനുഭവിക്കുന്നു എന്നും അവിടെ നിന്ന് അച്ഛനെ രക്ഷിക്കുവാന്‍ വിശുദ്ധ കുര്‍ബാനയ്ക്ക് സാധിക്കും എന്ന് അവള്‍ ഉറച്ചു വിശ്വസിച്ചു. അവളുടെ വിശ്വാസം കണ്ട അച്ചന്‍ ആദ്യത്തെ കുര്‍ബാന അടുത്ത ദിവസം ചൊല്ലാം എന്ന് ഏറ്റു.

    അങ്ങനെ ആദ്യത്തെ കുര്‍ബാനയുടെ അവസരത്തില്‍ അവള്‍ തന്റെ അച്ഛനെ കണ്ടു. അള്‍ത്താരയ്ക്കു അടുത്ത് നില്‍ക്കുന്നതായി കണ്ടു . അവിടെ അച്ഛന് ചുറ്റും തീ ആളുന്നതും അവള്‍ കണ്ടു. അവള്‍ ഇതു വൈദികനോട് പറഞ്ഞു. വൈദികന്‍ അവളുടെ കൈവശം ഒരു കഷണം പേപ്പര്‍ നല്‍കിയിട്ട് അവളോട് പറഞ്ഞു അച്ഛന്‍ നില്‍ക്കുന്നതായി കണ്ട സ്ഥലത്ത് അത് സ്ഥാപിക്കുവാന്‍. അവള്‍ ആ പേപ്പര്‍ അള്‍ത്താരയുടെ അവസാന പടിയില്‍ കൊണ്ട് വെച്ചു. പെട്ടന്ന് ആ പേപ്പര്‍ കത്തി പോയി. എന്നാല്‍ വൈദികന് കുട്ടിയുടെ അച്ഛനെ കാണാനും കഴിഞ്ഞില്ല.

    അടുത്ത ദിവസം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചപ്പോഴും കുട്ടി അച്ഛനെ കണ്ടു. എന്നാല്‍ ആദ്യം കണ്ട സ്ഥലത്തായിരുന്നില്ല അത്. ഈ പ്രാവശ്യം പല നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞു ബലിപീഠത്തിനു അടുത്തായി നില്‍ക്കുന്ന അച്ഛനെ ആണ് കുട്ടികണ്ടത്. അവസാനമായി മൂന്നാം പ്രാവശ്യം അവള്‍ അച്ഛനെ കണ്ടു. മൂന്നാമത്തെ കുര്‍ബാനയില്‍. അപ്പോള്‍ വെള്ള വസ്ത്രം ധരിച്ചു മേഘങ്ങളിലേയ്ക്ക് അച്ഛന്‍ കയറി പോകുന്നതായാണ് അവള്‍ കണ്ടത്. പിന്നീടു ഒരിക്കലും അവള്‍ അച്ഛനെ ഓര്‍ത്ത് സങ്കടപ്പെട്ടിട്ടില്ല.

    പലര്‍ക്കും സുപരിചിതമായ ഒരു സംഭവം ആയിരിക്കാം ഇത്. വെറും ഒരു സംഭവം എന്നതിലുപരി ഇതൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. നമ്മുടെ പ്രിയപ്പെട്ടവര്‍ ദൈവത്തിന്റെ പക്കല്‍ എത്തുന്നത് വരെ അവര്‍ക്കായി പ്രാര്‍ത്ഥിക്കുവാന്‍ കടപ്പെട്ടവരാണ് നമ്മള്‍ എന്ന ഓര്‍മ്മപ്പെടുത്തല്‍. മരിച്ചവരുടെ മാസാചരണം അതിന്റെ അവസാന ഘട്ടത്തിലേയ്ക്ക് കടക്കുന്ന അവസരത്തില്‍ ഈ സംഭവം നമ്മുടെ മനസ്സില്‍ ഒരു ഓര്‍മ്മയായി നിലകൊള്ളട്ടെ. തുടര്‍ന്നും മരിച്ചുപോയ  നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.