മധ്യേഷ്യയിലെ ആദ്യത്തെ മൈനർ ബസിലിക്ക കസാഖിസ്ഥാനിൽ

കസാഖിസ്ഥാനിലെ സെന്റ് ജോസഫ് കത്തീഡ്രല്‍ മധ്യേഷ്യയിലെ ആദ്യത്തെ മൈനർ ബസിലിക്കയായി വത്തിക്കാൻ ഉയർത്തി. പീഡിതരായ അനേകം കത്തോലിക്കരുടെ അഭ്യർത്ഥന മാനിച്ചാണ് കരഗണ്ടയിലെ സെന്റ് ജോസഫ് പള്ളി 40 വർഷം മുമ്പ് നിർമ്മിച്ചത്.

ഈ പള്ളി നിർമ്മിക്കുമ്പോൾ കസാഖിസ്ഥാനിൽ നിരീശ്വരവാദം ശക്തമായിരുന്നു. വൈദികർ ജയിലുകളിലും ക്യാമ്പുകളിലും താമസിക്കുന്ന അവസ്ഥയായിരുന്നു അന്ന് എന്ന് കരഗണ്ട രൂപതയുടെ വികാരി ജനറൽ ഫാ. എവ്ജെനി സിങ്കോവ്സ്കി പറയുന്നു. 1970 -കളിൽ റഷ്യ ക്രിസ്തീയതയെ അടിച്ചമർത്തുന്ന ശൈലിക്ക് കുറച്ചു ശമനം വന്നപ്പോൾ കരഗണ്ടയിലെ കത്തോലിക്കർ ഒരു പള്ളി പണിയാൻ സർക്കാരിനോട് അനുവാദം ചോദിച്ചു. 1977 -ൽ മോസ്കോയിൽ നിന്ന് നിർമ്മാണത്തിന് അംഗീകാരം നൽകിക്കൊണ്ടുള്ള കത്ത് ലഭിച്ചു. അങ്ങനെ 1980 -ൽ കസാഖിസ്ഥാനിലെ ആദ്യത്തെ കത്തോലിക്കാ പള്ളി ഉണ്ടായി. കസാക്കിസ്ഥാൻ സ്വാതന്ത്ര്യം നേടിയ ശേഷം, 1999 -ൽ ഈ പള്ളി കരഗണ്ട രൂപതയുടെ കത്തീഡ്രലായി.

കിലോമീറ്ററുകൾ സഞ്ചരിച്ച് വിശ്വാസികൾ ഈ ദൈവാലയത്തിലേക്ക് ഒഴുകിയെത്തി. 1980 -കളിൽ മധ്യേഷ്യയിലെ ഏറ്റവും വലിയ കത്തോലിക്കരുടെ സമൂഹം ഇവിടെ രൂപപ്പെട്ടു. ഇപ്പോൾ ലഭിച്ചിരിക്കുന്ന മൈനർ ബസിലിക്ക എന്ന സ്ഥാനപ്പേര് ആരാധനാക്രമത്തിനും ഇടവക ശുശ്രൂഷയ്ക്കും പ്രത്യേക പ്രാധാന്യമുള്ള ഒരു സഭയെ സൂചിപ്പിക്കുന്നതിന് മാർപ്പാപ്പ നൽകിയ ബഹുമതിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.