എല്ലാ ദുഃഖങ്ങളിലും പ്രതീക്ഷയോടെ മുന്നേറാനുള്ള പ്രചോദനമാണു തിരുപ്പിറവി സമ്മാനിക്കുന്നത്: മാര്‍ ആലഞ്ചേരി

കൊച്ചി: സന്തോഷവും സങ്കടങ്ങളും ജീവിതത്തില്‍ സമ്മിശ്രമായി അരങ്ങേറുന്നു. ജീവിതത്തിലെ എല്ലാ ദുഃഖങ്ങളിലും പ്രതീക്ഷയോടെ മുന്നേറാനുള്ള പ്രചോദനമാണു തിരുപ്പിറവി സമ്മാനിക്കുന്നതെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു.

രക്ഷകനായ യേശുവിന്റെ ജനനം ദുഃഖത്തിന്റെ മറവിലാണു സംഭവിക്കുന്നതെങ്കിലും എല്ലാ ദുഃഖങ്ങളിലും പ്രതീക്ഷയോടെ മുന്നേറാന്‍ ആ ജനനം ജനഹൃദയങ്ങളെ ശക്തിപ്പെടുത്തുന്നു.ഉണ്ണിയേശുവിന്റെ ജനനത്തിന്റെ പേരില്‍ എത്രയോ നിഷ്‌കളങ്കരായ കുഞ്ഞുങ്ങള്‍ വധിക്കപ്പെട്ടു കഠിനമായ മനോവ്യഥ അനുഭവിക്കുന്ന ഒരാള്‍ എന്നോടു പറഞ്ഞു: ”ഈ വര്‍ഷത്തെ എന്റെ ക്രിസ്മസ് ഉണ്ണീശോയുടെ പേരില്‍ വധിക്കപ്പെട്ട കുഞ്ഞിപ്പൈതങ്ങളോടുകൂടിയാണു ഞാന്‍ ആഘോഷിക്കുന്നത്”. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സഭയിലും സമൂഹത്തിലും ക്രിസ്മസ് നല്‍കുന്ന സന്തോഷത്തോടും ആഹ്ലാദത്തോടുമൊപ്പം ദുഃഖാനുഭവങ്ങളുമുണ്ടായേക്കും.

ഓഖി ചുഴലിക്കാറ്റും കടല്‍ക്ഷോഭവും വരുത്തിയ ദുരന്തങ്ങളുടെ ഓര്‍മകളോടെയാണു ഭാരതീയരായ നാം ഇക്കുറി ക്രിസ്മസ് ആഘോഷിക്കുന്നത്. ലോകത്തെവിടെയും ഉണ്ടാകുന്ന ദുഃഖസംഭവങ്ങള്‍ ഓരോ ക്രിസ്മസിലെയും സന്തോഷത്തെ കുറവുചെയ്യാറുണ്ട്. 2004 ഡിസംബറിലെ സുനാമി ആ വര്‍ഷത്തെ ക്രിസ്മസ്, നവവത്സര ആഘോഷങ്ങളെ ശോകാര്‍ദ്രമാക്കിയതു നമ്മുടെ ഓര്‍മയിലുണ്ട്. ആദ്യത്തെ ക്രിസ്മസിലും ശോകം സന്തോഷത്തോടൊപ്പം കടന്നുവന്നു.

”അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ സന്മനസുള്ളവര്‍ക്കു സമാധാനം” എന്നു മാലാഖമാര്‍ ഒന്നിച്ചാലപിച്ച ആദ്യത്തെ ക്രിസ്മസ് ആശംസയ്ക്കു മറ്റൊരു പാഠഭേദം ബൈബിള്‍ പാരന്പര്യത്തിലുണ്ട്. അതിപ്രകാരമാണ്: അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ മനുഷ്യനു സമാധാനവും പ്രത്യാശയും. ഈ ഭാഷാഭേദം വളരെ അര്‍ഥവത്താണ്. ദുഃഖവും സഹനവും എത്രമാത്രം ഉണ്ടായാലും രക്ഷകന്റെ ജനനത്തിലൂടെ കൈവന്ന സമാധാനവും പ്രത്യാശയും ഇല്ലാതാകുന്നില്ല. മാത്രമല്ല, അന്തിമവിജയം പ്രത്യാശയ്ക്കും സമാധാനത്തിനുമാണ്. ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് എല്ലാം നന്മയ്ക്കായി ഭവിക്കുന്നു. എല്ലാവര്‍ക്കും ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും മംഗളങ്ങളും പ്രാര്‍ഥനകളും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ക്രിസ്മസ് സന്ദേശത്തില്‍ ആശംസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.