പ്രാര്‍ത്ഥിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

പ്രാര്‍ത്ഥനകളൊക്കെ ധാരാളം ചൊല്ലുന്നുണ്ട്. ദിവ്യബലി മുടക്കാറില്ല. ഭക്തകൃത്യങ്ങളും തീര്‍ത്ഥാടനങ്ങളും നടത്തുന്നു. എന്നിട്ടും ഉള്ളിലൊരു ശൂന്യത, സ്വസ്ഥതയില്ല. പ്രശ്‌നങ്ങളില്‍ തളര്‍ന്നുപോകുന്നു, ക്ഷമ തീരെയില്ല. ഒരുവിധം എല്ലാവരുടെയും ജീവിതത്തിലെ അവസ്ഥയായിരിക്കും ഇതെല്ലാം. എന്നാല്‍, എന്തുകൊണ്ടാണ് നമ്മുടെ പ്രാര്‍ത്ഥന സാധിക്കാതെ പോകുന്നത്. അല്ലെങ്കില്‍ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിക്കണമെങ്കില്‍ എന്താണ് ചെയ്യേണ്ടത് എന്ന് മനസിലാക്കിയിട്ടുണ്ടോ?

ജീവിതത്തിലും പ്രാര്‍ത്ഥനയിലും യേശുവിന്റെ മൂല്യങ്ങളും മാതൃകയുമാണ് നമ്മെ നയിക്കേണ്ടത്. പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തെപ്പറ്റിയും പ്രാര്‍ത്ഥനയെപ്പറ്റിയും യേശു പഠിപ്പിച്ച കാര്യങ്ങള്‍ നമ്മള്‍ മറക്കരുത്. പ്രാര്‍ത്ഥന ദൈവവുമായുള്ള ബന്ധമാണെങ്കില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തെപ്പറ്റിയുള്ള യേശുവിന്റെ കാഴ്ചപ്പാട് നമുക്കും ഉണ്ടായിരിക്കണം.

അതുപോലെ തന്നെ, പ്രാര്‍ത്ഥനയിലും ജീവിതത്തിലും ‘ദൈവരാജ്യം’ ആയിരിക്കണം നമ്മുടെ ശ്രദ്ധാകേന്ദ്രം. അന്നന്നത്തെ അപ്പത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോഴും ‘അങ്ങയുടെ ഇഷ്ടം പോലെയാകട്ടെ’ എന്ന മനോഭാവമാണ് ആവശ്യം. യേശുവിന്റെ പ്രാര്‍ത്ഥന പ്രധാനമായും, തന്നെപ്പറ്റിയുള്ള ദൈവഹിതം തിരിച്ചറിയാനായിരുന്നു. ജീവിതം, ദൈവേഷ്ടം ചെയ്യാനും. യേശുവിന്റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുകയെന്നാല്‍ യേശു പ്രാര്‍ത്ഥിച്ചതുപോലെ പ്രാര്‍ത്ഥിക്കുക എന്നാണ്. അതായത്, നമ്മുടെ ലോകം ദൈവേഷ്ടപ്രകാരം ക്രമീകരിക്കപ്പെടട്ടെയെന്ന്, സ്‌നേഹവും സത്യവും നീതിയും വിജയിക്കട്ടെയെന്ന്.

പ്രാര്‍ത്ഥനയുടെ പ്രധാനഫലം പ്രാര്‍ത്ഥിക്കുന്നയാളിന്റെ മാനസാന്തരമാണ്. അതായത്, പ്രാര്‍ത്ഥിക്കുന്നവന്‍ കൂടുതല്‍ നല്ലവനാകുകയും യേശുവിന്റേതിനു സമാനമായ സ്‌നേഹത്തിലേയ്ക്ക് വളരുകയും സ്‌നേഹം പ്രാവര്‍ത്തികമാക്കുകയും ചെയ്യും. അതുകൊണ്ട് മേലില്‍ പ്രാര്‍ത്ഥനയ്ക്കായി അണയുന്നതിനു മുമ്പ് ഇക്കാര്യങ്ങള്‍ കൂടി വിചിന്തനത്തിന് വിധേയമാക്കാം.