കുടുംബ ബന്ധങ്ങൾ ഊഷ്മളമാക്കാൻ സംസാരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇന്നത്തെ കാലത്ത് ദൃഢതയുള്ള കുടുംബ ബന്ധങ്ങൾ കുറവാണ്. പറയുന്ന ഓരോ കാര്യത്തിലും ജീവിതപങ്കാളി കുറ്റം കണ്ടുപിടിക്കുകയാണെന്നാണ് പലരും പറയുന്നത്. എന്നാൽ എന്തുകൊണ്ടാണ് ജീവിതപങ്കാളി അങ്ങനെ പറയുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ. ചിലപ്പോൾ അത് നിങ്ങളുടെ സംസാരശൈലിയുടെ പ്രശ്നമാകാം. നിങ്ങൾ പറയാൻ ഉദ്ദേശിച്ച അർത്ഥമാകില്ല നിങ്ങളുടെ ജീവിതപങ്കാളിക്ക് മനസ്സിലായത്. ഉപയോഗിക്കുന്ന വാക്കുകൾ പോലെ തന്നെ അത് പറയേണ്ട ശൈലിയും രീതിയും കൂടി നമ്മൾ ശ്രദ്ധിച്ചേ മതിയാകൂ.

വാക്കുകൾ പോലെ പ്രധാനപ്പെട്ടതാണ് സംസാരശൈലിയും

‘എന്റെ ഭർത്താവ് എന്നോട് സംസാരിക്കുന്ന രീതി എനിക്ക് ഇഷ്ടമാകുന്നില്ല’ ഒരു സ്ത്രീ ഒരിക്കൽ പറഞ്ഞതാണ്.

കുടുംബജീവിതത്തിൽ നമ്മുടെ സംസാരരീതിക്ക് വളരെയേറെ പ്രാധാന്യമുണ്ട്. ഒരേ അഭിപ്രായമാണ് രണ്ടു പേർക്കും. എന്നിട്ടും വഴക്കുണ്ടാക്കുന്ന ദമ്പതികളുണ്ട്. ഒരാൾ ബഹളം വച്ചുകൊണ്ട് സംസാരിക്കുകയാണെങ്കിൽ മറ്റേ വ്യക്തി അവർ പറയാൻ ശ്രമിച്ചതിനു വിപരീതമായാവും കേൾക്കുക. ഇതിനർത്ഥം, ഏറ്റവും നിസ്സാരമായ ആശയം പോലും അനാവശ്യമായി ശബ്ദമുയർത്തി പറഞ്ഞാൽ നിരസിക്കപ്പെടും എന്നാണ്.

സംസാരത്തിലെ വൈകാരികമാനം

അസ്വസ്ഥവും വേദനാജനകവുമായ എന്തെങ്കിലും പറയേണ്ടിവരുമ്പോൾ, ശ്രോതാവ് അത് ഒരു നിന്ദയായി കണക്കാക്കാതെ ദയയുള്ള, കരുതലോടെയുള്ള ഒരു തിരുത്തലായി എടുക്കുന്നതിന് ശരിയായ സംസാരശൈലി കണ്ടെത്തുന്നത് ഒരു കലയാണ്.

നമ്മൾ ആരോടെങ്കിലും സംസാരിക്കുമ്പോൾ, അവർ ആദ്യം ശ്രദ്ധിക്കുന്നത് അവർ പറയുന്ന ആശയമല്ല മറിച്ച് സംസാരശൈലിയാണ്. ഓരോ വാക്കിനും ഒരോ വൈകാരികമാനമുണ്ട് – സൗമ്യത, അസഹിഷ്ണുത, ബഹുമാനം. മാത്രമല്ല, നമ്മൾ പറയുന്നത് സ്വീകരിക്കാനോ, നിരസിക്കാനോ ആളുകളെ പ്രേരിപ്പിക്കുന്നത് നമ്മൾ ഉപയോഗിക്കുന്ന വാക്കുകളും സംസാരശൈലിയുമാണ്.

സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ

ഒരു കൊച്ചുകുട്ടിയുടെ വളർച്ചക്ക് കുടുംബാന്തരീക്ഷം ഒരു പ്രധാന ഘടകമാണ്. കുട്ടി പ്രായമാകുമ്പോൾ പോലും, സൗമ്യതയും സ്നേഹവും നിറഞ്ഞ ആശ്വാസവാക്കുകളുടെ അന്തരീക്ഷം കുട്ടികളുടെ ചുറ്റുമുണ്ടാവുക ആവശ്യമാണ്. എങ്കിൽ മാത്രമേ കുടുംബത്തിൽ സുരക്ഷിതരാണെന്ന ബോധ്യം അവർക്ക് ഉണ്ടാവുകയുള്ളൂ.

രക്ഷാകർത്താവും കുട്ടിയും തമ്മിലുള്ള ബന്ധം പോലെയാണ് ജീവിതപങ്കാളികൾ തമ്മിലുള്ള ബന്ധവും. ആക്രമണസ്വഭാവം ദാമ്പത്യജീവിതത്തിന് ഹാനികരമാണ്. ഇണകളിലൊരാൾ വ്യക്തമായ കാരണമൊന്നുമില്ലാതെ ബഹളമുണ്ടാക്കിയാൽ, അയാൾക്ക്/ അവൾക്ക് ആഴത്തിൽ പരിഹരിക്കപ്പെടേണ്ട പരാതിയുണ്ടാകാം. അത് ജീവിതപങ്കാളി തിരിച്ചറിയണം, കൈകാര്യം ചെയ്യണം. സൗമ്യമായി പ്രകടിപ്പിക്കുന്ന വാദങ്ങൾക്ക് ശക്തരായ അക്രമികളെപ്പോലും ശാന്തരാക്കാൻ കഴിയും.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.