നിരാശ അകറ്റാന്‍ ചെയ്യേണ്ടത്

ഒരുപക്ഷെ നിങ്ങള്‍ മാനസിക സമ്മര്‍ദ്ദത്തിലൂടെ അല്ലെങ്കില്‍ നിരാശയിലൂടെ കടന്നുപോകുന്നുണ്ടാകാം. ചിലപ്പോള്‍ നിങ്ങളറിയുന്ന മറ്റാരെങ്കിലും അത് അനുഭവിക്കുന്നുമുണ്ടാകാം. മാനസിക സമ്മര്‍ദ്ദമനുഭവിക്കുന്നവര്‍ ആദ്യം മനസ്സിലാക്കേണ്ട ഒരു കാര്യമിതാണ്. നിങ്ങളുടെ വികാരങ്ങളുടെ കടിഞ്ഞാണ്‍ നിങ്ങളുടെ കയ്യിലാണ്. വിഷമഘട്ടങ്ങളില്‍ നിങ്ങളെ ഉന്മേഷവാനാക്കാന്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അവര്‍ക്കാവും വിധം ശ്രമിക്കാനേ സാധിക്കൂ. മാറ്റങ്ങള്‍ നിങ്ങളില്‍ തന്നെയാണ് ഉണ്ടാകേണ്ടത്. കാരണം, നിങ്ങളുടെ മനസ്സിന്റെ യജമാനന്‍ നിങ്ങള്‍ തന്നെയാണ്. മാനസിക സമ്മര്‍ദ്ദത്തിന് അടിമയാകുകയെന്നത് വളരെ എളുപ്പമാണ്. എന്നാല്‍ അതില്‍ നിന്നും മുക്തി നേടുന്നത് അങ്ങിനെയല്ല. മാനസിക സമ്മര്‍ദ്ദം പരിഹരിക്കാന്‍ ഇവിടെയിതാ പത്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍.

1. ഭക്ഷണം കഴിക്കുന്നതിലുള്ള സന്തോഷം

ഡിപ്രഷന്‍ അനുഭവിക്കുന്നവര്‍ക്ക് പലപ്പോഴും ആഹാരത്തോട് വലിയ താല്‍പര്യമുണ്ടാകാറില്ല. ചിലര്‍ കഴിക്കുമെങ്കിലും അത് ശരീരത്തിന് ഗുണകരമാവാറുമില്ല. ഇങ്ങനെ ഒരവസരത്തില്‍ ശരിയായ ആഹാരം കഴിക്കുകയാണ് വേണ്ടത്.

2. പുകവലി അവസാനിപ്പിക്കുക

മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്ക് പുക വലിക്കാനുള്ള ത്വര ഏറെയാണ്. വിഷമഘട്ടങ്ങളില്‍ അവര്‍ ലഹരിയെ ആശ്രയിച്ചേക്കാം. അത് മനസിനെ മയക്കുകയേയുള്ളൂ. മാത്രവുമല്ല, പുകവലി ശീലമുള്ളവരില്‍ മാനസിക സമ്മര്‍ദ്ദമുണ്ടാകാനുള്ള സാധ്യതകള്‍ ഏറെയാണെന്ന് പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്. കാരണം, പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിനാണ്. ഇതു നല്‍കുന്ന ലഹരി തലച്ചോറിന്റെ സാധാരണ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുന്നു.

3. മദ്യവും മയക്കുമരുന്നും ഒഴിവാക്കുക

ദുഃഖം മറക്കുന്നതിന് മദ്യത്തില്‍ മയങ്ങാന്‍ ആളുകള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഇതുവഴി കിട്ടുന്ന സമാധാനം ശാശ്വതമല്ല. കാരണം, മദ്യം മാനസിക സമ്മര്‍ദ്ദത്തിന് വളമിടുകയേ ചെയ്യുകയുള്ളൂ.

4. വ്യായാമം

വ്യായാമം ശീലമാക്കുന്നത് മാനസിക സമ്മര്‍ദ്ദത്തെ അകറ്റിനിര്‍ത്താന്‍ സഹായിക്കും. സമയബന്ധിതമായി വ്യയാമം ചെയ്യുന്നവരില്‍ മാനസിക സമ്മര്‍ദ്ദത്തിനുള്ള സാധ്യതകള്‍ വളരെ കുറവാണെന്ന് ഗവേഷകര്‍ പറയുന്നു. മാത്രവുമല്ല, വ്യായാമത്തിലൂടെ ലഭിക്കുന്ന ഹൃദ്രോഗ സംബന്ധമായതും മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നുമുള്ള മുക്തിയും ശരീരത്തിന് പ്രദാനം ചെയ്യുന്നത് നവോന്മേഷമാണ്.

5. അനാവശ്യ ആഹാരങ്ങള്‍ ഒഴിവാക്കുക

ഫാസ്റ്റ്ഫുഡ് ശീലമാക്കിയവരാണ് നമ്മളില്‍ പലരും. മാരകമായ പല രോഗങ്ങള്‍ക്കും കാരണമായേക്കാവുന്ന ഈ ശീലം മാനസിക സമ്മര്‍ദ്ദത്തിനും വഴിവയ്ക്കുന്നുണ്ട്.

6. ഉറക്കമിളച്ചിരിക്കുന്നതും രാത്രി ടി.വി കണ്ടിരിക്കുന്നതും ഒഴിവാക്കുക

ഉറങ്ങേണ്ട സമയത്ത് ഉറങ്ങാതെ അര്‍ധരാത്രി മുഴുവന്‍ ടി.വി. കണ്ടിരിക്കുന്നതും കമ്പ്യൂട്ടറിനു മുന്നില്‍ ചെലവഴിക്കുന്നതും മാനസിക സമ്മര്‍ദ്ദത്തിനുള്ള സാധ്യകള്‍ വര്‍ദ്ധിപ്പിക്കുന്നു.

7. പുറത്ത് കറങ്ങാന്‍ പോവുക

സന്തോഷം വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവോ? സൂര്യപ്രകാശം അതിന് സഹായിക്കും. മാനസികമായി വിഷമിച്ചിരിക്കുമ്പോഴും സമ്മര്‍ദ്ദത്തിലാകുമ്പോഴും പുറത്തിറങ്ങുന്നത് ഏറെ ഗുണം ചെയ്യും.

8. പോസിറ്റീവ് ആയ ആളുകള്‍ക്കൊപ്പം ആയിരിക്കുക

ഒറ്റയ്ക്കി‌രിക്കുന്നത് പലപ്പോഴും നിങ്ങളുടെ മനഃസ്സുഖത്തെ വലിയരീതിയില്‍ ബാധിച്ചേക്കാം. അതിനാല്‍ പോസിറ്റീവ് ആയ ആളുകള്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ ശ്രമിക്കുക. അത് സുഹൃത്തുക്കളാവാം, അധ്യാപകരാവാം അങ്ങനെ ആരെങ്കിലും. ഒപ്പം നിങ്ങളുടെ ഇഷ്ടമേഖലളില്‍ സജീവമാകാന്‍ ശ്രമിക്കുക.

9. മോശം ചിന്തകളില്‍ നിന്നും പുറത്ത് കടക്കുക

മാനസിക സമ്മര്‍ദ്ദം പലപ്പോഴും നെഗറ്റീവ് എനര്‍ജിയാണ് നിങ്ങള്‍ക്ക് നല്‍കുക. അതുകൊണ്ടു തന്നെ നെഗറ്റീവ് ചിന്തകളും നിങ്ങളിലുണ്ടാകും. അത് ഒഴിവാക്കുകയെന്നത് ഒരുപക്ഷെ നിങ്ങളെ സംബന്ധിച്ചിടത്തോളം പ്രയാസകരമാവും. എന്നാല്‍ അതിന് ശ്രമിച്ചുകൊണ്ടേയിരിക്കുക.

10. പ്രാര്‍ത്ഥനയെ മുറുകെപ്പിടിക്കുക

മാനസികമായി തളര്‍ന്നിരിക്കുന്ന ഒരു വ്യക്തിക്ക് സന്തോഷം വീണ്ടെടുക്കാന്‍ ഇതിലും നല്ല മരുന്ന് വേറെയില്ല. ഇഷ്ടമുള്ള രീതിയില്‍ ദൈവത്തോടു ചേര്‍ന്നിരിക്കാനും ദൈവത്തോടു സംസാരിക്കാനും അതുവഴിയായി മനസിന്റെ ഭാരവും വിഷമവും ഇറക്കിവയ്ക്കാനും പരിശ്രമിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ