സ്വയംപര്യാപ്തരാകാൻ കൗമാരക്കാര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പ്രായപൂർത്തിയായ മക്കൾ പഠനത്തിനായി വീട്ടിൽ നിന്നും മാറിനിൽക്കേണ്ട സാഹചര്യങ്ങൾ ഉണ്ടായേക്കാം. എന്നാൽ, മാറിനിൽക്കാനുള്ള പ്രായമായാലും, പക്വതയുണ്ടോ എന്ന് പല മാതാപിതാക്കൾക്കും മക്കളെക്കുറിച്ച് ആശങ്കയുണ്ട്. പഠനമേഖലയിൽ ഇവർ ഒന്നാമതായിരിക്കാം. എന്നാൽ, അനുദിന ജീവിതത്തിലെ ചില അത്യാവശ്യ കാര്യങ്ങൾ ക്രമീകരിക്കാൻ ഇവർക്ക് അറിയില്ല. മാതാപിതാക്കൾ മക്കൾക്ക് ചെറുപ്പത്തിലേ തന്നെ ഇതിനുള്ള പരിശീലനം നൽകേണ്ടത് ആവശ്യമാണ്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം…

1. അപരിചിതരോട് എങ്ങനെ സംസാരിക്കണം

പുതിയ പഠനമേഖലയിലേക്കോ തൊഴിൽമേഖലയിലേക്കോ പോകുന്ന ഒരു കൗമാരക്കാരൻ/ കൗമാരക്കാരി അവിടെ അഭിമുഖീകരിക്കേണ്ടവർ മിക്കവാറും തന്നെ അപരിചിതരായ ആളുകളായിരിക്കും. ഈയൊരു സാഹചര്യത്തിൽ അപരിചിതരോട് എങ്ങനെ, എന്ത് സംസാരിക്കണം എന്ന് ഒരു കൗമാരക്കാരൻ അറിഞ്ഞിരിക്കണം. സഹപ്രവർത്തകർ, അദ്ധ്യാപകർ, പഠനമേഖലയിലെ പുതിയ കൂട്ടുകാർ എന്നിവരുമായി ഇടപഴകേണ്ടിവരും. അവരോട് സംസാരിക്കാനും നല്ല ബന്ധം കാത്തുസൂക്ഷിക്കാനും വേണ്ട അകലം പാലിക്കാനും ഒരു ചെറുപ്പക്കാരന് കഴിയേണ്ടതുണ്ട്.

2. ജോലിഭാരം എങ്ങനെ കൈകാര്യം ചെയ്യാം

ആദ്യമായി ജോലിയിൽ പ്രവേശിക്കുമ്പോൾ, ജോലിയെ കൃത്യമായി കൈകാര്യം ചെയ്യാൻ കഴിയാതെ വരികയോ സമയത്ത് തീർക്കുവാൻ പറ്റാത്ത സാഹചര്യങ്ങളോ ഒക്കെ ഉണ്ടാകാം. ചിലപ്പോൾ അമിത ജോലിഭാരം നമ്മെ തളർത്തുന്നുണ്ടാവാം. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ പലപ്പോഴും അവർ ആ അവസ്ഥയെ തനിയെ കൈകാര്യം ചെയ്യേണ്ടിവരും. ഈയൊരു സാഹചര്യത്തെ എങ്ങനെ അഭിമുഖീകരിക്കണമെന്ന് ചെറുപ്പത്തിൽ തന്നെ പരിശീലനം നൽകുന്നത് മക്കളുടെ വളർച്ചയ്ക്ക് ഉപകരിക്കും.

3. കുടുംബത്തിന്റെ ആവശ്യങ്ങളിൽ എങ്ങനെ സഹായിക്കാം

ഒരു കുടുംബത്തിന്റെ ആവശ്യങ്ങളെക്കുറിച്ചും ചിലവുകളെക്കുറിച്ചും കൗമാരപ്രായത്തിലെത്തിയ ഒരു മകനും മകൾക്കും അറിവുണ്ടായിരിക്കണം. തനിയെ ജീവിക്കേണ്ട ഒരു സാഹചര്യമുണ്ടായാൽ സ്വയംപര്യാപ്തതയോടെ ജീവിക്കുവാൻ വേണ്ട കാര്യക്ഷമത മക്കൾക്ക് ഉണ്ടാകണം.

4. വ്യക്തിപരമായ പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം

വ്യക്തിപരമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കൗമാരപ്രായത്തിലെത്തിയ മക്കൾക്ക് കഴിയണം. എന്ത് പ്രശ്നമുണ്ടായാലും സമചിത്തത കൈവിടാതെ അവയെ കൈകാര്യം ചെയ്യാനും നിരാശയിൽ ആണ്ടുപോകാതെ അവയെ അഭിമുഖീകരിക്കുവാനും സാധിക്കണം.

5. ജീവിതത്തിലെ ഉയർച്ചതാഴ്ച്ചകളെ എങ്ങനെ നേരിടാം

അനുദിന ജീവിതത്തിൽ സന്തോഷവും വേദനയും നിറഞ്ഞ അനുഭവങ്ങൾ ഉണ്ടാകാം. അവയെ പക്വമായ രീതിയിൽ കൈകാര്യം ചെയ്യാൻ ഒരു വ്യക്തി അറിഞ്ഞിരിക്കണം. ഒരു സന്തോഷമുണ്ടാകുമ്പോൾ മതിമറന്ന് സന്തോഷിക്കുകയും വിഷമങ്ങൾ ഉണ്ടാകുമ്പോൾ നിരാശയിൽ ആഴ്ന്നുപോവുകയും ചെയ്യുന്ന രീതി ജീവിതത്തിൽ നല്ലതല്ല.

6. എങ്ങനെ പണം സമ്പാദിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യാം

പൂർത്തിയാക്കേണ്ട ഒരു ജോലിയിലുള്ള ഉത്തരവാദിത്തബോധം, പണം കൈകാര്യം ചെയ്യേണ്ട രീതി എന്നിവയെക്കുറിച്ച് ചെറുപ്പത്തിൽ തന്നെ ഒരു വ്യക്തി അറിഞ്ഞിരിക്കേണ്ടതുണ്ട്. പണം ലഭിച്ചാൽ അത് എങ്ങനെ ഉപയോഗിക്കണമെന്ന് പലർക്കും അറിയില്ല. പണം വരുമ്പോൾ എന്ത് ചെയ്യണമെന്നും അറിയില്ല. ഇക്കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കാവുന്നതാണ്. അതിനാൽ പണം എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള ഒരു അവബോധം രൂപപ്പെടുത്തേണ്ടത് ആവശ്യമാണ്.

7. എങ്ങനെ റിസ്ക് എടുക്കാം

ഒരു ചെറുപ്പക്കാരന് ജീവിതത്തിൽ വിജയിക്കാൻ ധൈര്യവും സഹിഷ്ണുതയും ആവശ്യമാണ്. റിസ്ക് എടുക്കുകയും പരാജയപ്പെടുകയും വീണ്ടും ശ്രമിക്കുകയും ചെയ്യുമ്പോൾ അത് ജീവിതത്തിൽ വിജയിക്കാനുള്ള വഴികൾ തുറക്കുകയേ ഉള്ളൂ.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.