പെണ്മക്കൾ കൗമാരത്തിലേയ്ക്ക് കടക്കുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടവ

മക്കൾ, അത് ആണായാലും പെണ്ണായാലും അവരുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും വളരെ ശ്രദ്ധയോടെ അവരെ കാത്തുപരിപാലിക്കേണ്ടവരാണ് മാതാപിതാക്കൾ. മക്കളെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ലോകം കൗതുകകരമായ കാഴ്ചകളാണ് അവർക്കു മുന്നിൽ വയ്ക്കുന്നത്. എന്നാൽ ആ കൗതുകങ്ങൾക്കു പിന്നിലെ അപകടങ്ങൾ പലപ്പോഴും അവർ തിരിച്ചറിയണമെന്നില്ല. ആധുനിക കാലത്തെ പല വാർത്തകളും അതിന് ഉദാഹരണങ്ങളാണ്. ഇത്തരം സാഹചര്യങ്ങളിൽ മക്കൾക്ക് കരുത്ത് പകരേണ്ടത് മാതാപിതാക്കളാണ്. മക്കൾ പ്രത്യേകിച്ച്, പെണ്മക്കൾ കൗമാരത്തിലേയ്ക്കു കടക്കുമ്പോൾ മാതാപിതാക്കൾ ചെയ്യേണ്ട ഏതാനും കാര്യങ്ങൾ ഓർമ്മപ്പെടുത്തുകയാണ്…

1. പ്രാർത്ഥിക്കുക, പ്രാർത്ഥനയിൽ ഉറപ്പിക്കുക

ആധുനികലോകത്തിന്റെ ചതിക്കുഴികളെക്കുറിച്ച് നാം ഇന്ന് ബോധവാന്മാരാണ്. ലവ് ജിഹാദും പ്രണയക്കുരുക്കുകളും തട്ടിപ്പുകളുമൊക്കെ നമ്മുടെ മക്കളെ വട്ടമിട്ടു പറക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണെന്നു മറക്കാതിരിക്കുക. ഇത്തരം സാഹചര്യങ്ങളിൽ മക്കൾക്കുമേൽ സ്വർഗ്ഗീയമായ മാദ്ധ്യസ്ഥ്യം ഉണ്ടാകുവാൻ മാതാപിതാക്കളുടെ പ്രാർത്ഥന അത്യാവശ്യമാണ്.

എന്റെ മക്കൾ നല്ലവരാണ്; അവർക്കു തെറ്റ് പറ്റുകയില്ല എന്ന അമിതമായ ആത്മവിശ്വാസം പല മാതാപിതാക്കളിലും കാണാം. എന്നാൽ അത് ഒഴിവാക്കി ദൈവത്തിനു മുന്നിൽ വിനീതരായി നിന്നുകൊണ്ട് മക്കൾക്കായി പ്രാർത്ഥിക്കാം.

ഇനി മാതാപിതാക്കൾ മക്കൾക്കായി പ്രാർത്ഥിക്കുന്നതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് അവരെയും പ്രാർത്ഥനയിലേയ്ക്ക് വളർത്തുക എന്നത്. അതിന് ചെറുപ്പം മുതലുള്ള പരിശീലനവും മാതാപിതാക്കളുടെ നല്ല മാതൃകയും ആവശ്യമാണ്. കൗമാരക്കാരെ ഉപദേശിക്കുക എന്നതില്‍, ഗുണത്തേക്കാളേറെ ദോഷമാണ് സംഭവിക്കുക എങ്കിൽത്തന്നെയും മാതാപിതാക്കളുടെ ജീവിതസാക്ഷ്യവും വിശുദ്ധിയും മക്കൾക്കു മുന്നിൽ മാതൃകയാകുമ്പോൾ അവരും വിശ്വാസത്തിൽ ആഴപ്പെടും. കൂടാതെ, നിശബ്ദമായി നിന്നുകൊണ്ട് അവർക്കു പ്രാർത്ഥനയ്ക്കും വിശ്വാസത്തിൽ ആഴപ്പെടുന്നതിനും സഹായകമാകുന്ന അവസരങ്ങളും സൃഷ്ടിക്കാം.

2. തുറന്നു സംസാരിക്കാം; സൗഹൃദത്തിലാകാം

മക്കളുടെ മുന്നിൽ മൂടിക്കെട്ടലുകളില്ലാതെ ഇന്നത്തെ ലോകത്തിന്റേതായ യാഥാര്‍ത്ഥ്യങ്ങളെയും കപടതകളെയും അവരുടെ പ്രായത്തിന്റെ പ്രത്യേകതകളേയും തുറന്നുകാട്ടാം. അതിന് മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം സുതാര്യമാവേണ്ടതുണ്ട്. ആധുനികമാധ്യമങ്ങളുടെ അതിപ്രസരം ലോകത്തിലെ എല്ലാ കാര്യങ്ങളെയും കുറിച്ചുള്ള അറിവ് മക്കൾക്ക് നൽകുന്നുണ്ടെങ്കിൽത്തന്നെയും കൗമാരത്തിലേയ്ക്കു കടക്കുന്ന പെൺകുട്ടികളെ, അവർ നേരിടാൻ പോകുന്ന സാഹചര്യങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് സ്നേഹരൂപേണ നൽകേണ്ടത് ആവശ്യമാണ്.

കൂടാതെ, മക്കളുമായി നല്ല ഒരു സൗഹൃദം വളർത്തിയെടുക്കാം. അവരുടെ പ്രവർത്തനങ്ങളെല്ലാം തന്നെ മാതാപിതാക്കളുമായി പങ്കുവയ്ക്കുന്ന രീതിയിലേയ്ക്ക് അത് വളർത്തിയെടുക്കാം. കൗമാരത്തിലെത്തുന്ന ഒരു പെൺകുട്ടിക്ക് അവളുടെ അമ്മയേക്കാൾ മികച്ച ഒരു സുഹൃത്ത് ഉണ്ടാകരുത്; അച്ഛനെക്കാൾ മികച്ച ഹീറോയും. അങ്ങനെയായാൽ മാതാപിതാക്കളിൽ നിന്നും അകന്നൊരു ബന്ധം അവർക്കുണ്ടാവുകയില്ല.

3. വൈകാരികബന്ധങ്ങളെ പക്വതയോടെ കാണുവാൻ പരിശീലിപ്പിക്കുക 

സ്നേഹം, പ്രണയം, സൗഹൃദം തുടങ്ങിയവയെ പക്വതയോടെ കാണുവാനും കൈകാര്യം ചെയ്യുവാനുമുള്ള പരിശീലനം ഈ സമയങ്ങളിൽ കുട്ടികൾക്ക് നൽകേണ്ടത് ആവശ്യമാണ്. കാരണം, ഇന്നത്തെ ലോകം മേല്പറഞ്ഞ ബന്ധങ്ങളെ കാണുന്നത് എങ്ങനെയാണെന്നു മനസിലാക്കുക എളുപ്പമല്ല. ഈ ഒരു സമയത്ത് കുട്ടികൾക്ക് എല്ലാം തുറന്നുപറയുവാനും മാർഗ്ഗനിർദ്ദേശം തേടുവാനുമുള്ള ഇടങ്ങളായി മാറണം മാതാപിതാക്കൾ. അങ്ങനെ വരുമ്പോൾ മറ്റുള്ളവരുടെ പക്കൽ ഉപദേശങ്ങൾക്കായി അവർ പോകില്ല.

ഒരു പ്രണയം അല്ലെങ്കിൽ നല്ലതല്ലാത്ത ഒരു സൗഹൃദം അങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നുപോവുകയാണ് കുട്ടി എങ്കിൽ, അവളെ പറഞ്ഞു മനസിലാക്കണം. അതൊരിക്കലും മാതാപിതാക്കളുടെ അവകാശങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചുകൊണ്ടല്ല മറിച്ച്, അവർക്കു കൂടി ചിന്തിച്ചു മനസിലാക്കുവാൻ പാകത്തിലുള്ള ലോജിക്കുകളുടെ സഹായത്തോടെയാകണം അത്. അല്ലാത്തപക്ഷം അത് അവരെ പ്രകോപിക്കുക മാത്രമേ ചെയ്യുകയുള്ളൂ. എന്നാൽ കാര്യങ്ങൾ മനസിലാക്കുവാൻ, സ്വയം ചിന്തിച്ച് തിരിച്ചറിവിലേയ്ക്ക് എത്തുവാൻ കുട്ടിയെ മാതാപിതാക്കൾ സഹായിച്ചാൽ അത് മക്കളില്‍, മാതാപിതാക്കളോടുള്ള വിശ്വാസം വർദ്ധിപ്പിക്കുകയും ഏത് പ്രതിസന്ധിയിലും നിങ്ങളുടെ പക്കലേയ്ക്ക് ഓടിയെത്തുവാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യും.

4. നല്ല വിദ്യാഭ്യാസം നൽകുക

കുട്ടികൾക്ക് ശരിയായ വിദ്യാഭ്യാസം നൽകുവാൻ മാതാപിതാക്കൾക്കു കഴിയണം. ശരിയായ വിദ്യാഭ്യാസം എന്നാൽ, തെറ്റിനെയും ശരിയേയും തിരിച്ചറിഞ്ഞ് ശരിയായതിനെ സ്വീകരിക്കുകയും അല്ലാത്തതിനെ തള്ളിക്കളയുകയും ചെയ്യുവാൻ തക്ക പ്രാപ്തിയാണ്. അത് മക്കളിൽ ഉണ്ടാക്കിയെടുക്കുക. അവരെ കൂടുതൽ ആത്മവിശ്വാസത്തോടെ ജീവിക്കുവാൻ സഹായിക്കുന്നതിലൂടെ അത് സാധിക്കും. തെറ്റു കണ്ടാൽ പ്രതികരിക്കുവാൻ തക്കവിധത്തിൽ പെൺകുട്ടികളെ മൂല്യബോധത്തോടെയും ധൈര്യത്തോടെയും വളർത്തുക.

5. കുട്ടികളെ നിരീക്ഷിക്കുക

നിങ്ങളുടെ കുട്ടികളുടെ കാവൽമാലാഖാമാരാകുവാനുള്ള വലിയ നിയോഗമാണ് ഓരോ മാതാപിതാക്കളും ഏറ്റെടുത്തിരിക്കുന്നത്. ആയതിനാൽ, കുട്ടികൾ എത്ര നല്ലവരാണെങ്കിലും അവരുടെ പ്രവർത്തനങ്ങൾ നിങ്ങൾ സസൂഷ്മം നിരീക്ഷിക്കുക. അവരുടെ കൂട്ടുകാർ, കൂട്ടുകാർക്കൊപ്പമുള്ള കൂടിച്ചേരലുകൾ, സുഹൃത്തുക്കളുടെ ചുറ്റുപാടുകൾ തുടങ്ങിയ കാര്യങ്ങൾ വ്യക്തമായും സൂക്ഷ്മമായും നിരീക്ഷിക്കണം. തെറ്റായത് കണ്ടാൽ വിലക്കാൻ മറക്കേണ്ട, മടിക്കേണ്ട.

കൗമാരത്തിലേയ്ക്കു കടക്കുന്ന ഓരോ കുട്ടിയുടെയും പ്രത്യേകിച്ച്, പെൺകുട്ടികളുടെ മാതാപിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക അത്യാവശ്യമാണ്. കുട്ടികളോട് സംവദിക്കണമെങ്കിൽ അവർക്കായി സമയം കണ്ടെത്തുക ആവശ്യമാണ്. ജോലിത്തിരക്കുകൾ ഉണ്ടാകാം. എന്നിരുന്നാൽ തന്നെയും ടിവി സീരിയലുകൾക്കു മുന്നിലും ഫോണിലും നമ്മൾ ചിലവിടുന്ന സമയം മാത്രം മതിയാവും കുട്ടികളുടെ മനസുകൾ നേടിയെടുക്കുവാൻ എന്ന യാഥാർത്ഥ്യം ഓർക്കാം.

ക്രൈസ്തവരായ കുട്ടികളെ വഴിതെറ്റിക്കുവാൻ വേണ്ടി മാത്രം കാത്തിരിക്കുന്ന ആളുകളുടെ ലോകമാണ് ഇത്. ഈ സമയങ്ങളിൽ കരുതലോടെ, സ്നേഹത്തോടെ കുട്ടികൾക്കായി നമ്മുടെ സുരക്ഷിതത്വം നൽകാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.