ആകുലത അകറ്റാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍

ആകുലതകളുടെ പിടിയിലാണ് ആധുനിക ലോകം. ജോലി, കുടുംബ ബന്ധങ്ങള്‍, സാമ്പത്തിക മേഖലകള്‍ തുടങ്ങി വിവിധ തലങ്ങളില്‍ എല്ലാവരും ആകുലത അനുഭവിക്കുന്നു. ഇതാ ആകുലത അകറ്റാന്‍ ചില പ്രയോജനപ്രദമായ മാര്‍ഗ്ഗങ്ങള്‍.

ആകുലതയുടെ കാരണം കണ്ടുപിടിക്കുക

നമ്മുടെ ആകുലതയ്ക്ക് കാരണമാകുന്നത് എന്താണെന്ന് ആദ്യം പരിശോധിച്ച് കണ്ടുപിടിക്കണം. പരിശോധനയില്‍ നാം നമ്മോടു തന്നെ ആത്മാര്‍ത്ഥ കാണിക്കണം എന്നതും ശ്രദ്ധിക്കണം.

സഹായിക്കാന്‍ കഴിയുന്ന ഒരാളോട് പങ്കുവയ്ക്കുക

ആകുലത അലട്ടുമ്പോള്‍, വിശ്വസിച്ച് ഉപദേശം തേടാവുന്ന ഒരാളുടെ സഹായം തേടുക. അത് ഭാര്യയാകാം, നല്ലൊരു സുഹൃത്താകാം, സഹോദരനോ സഹോദരിയോ ആകാം അല്ലെങ്കില്‍ ചികിത്സകനാകാം. നമ്മുടെ പ്രശ്‌നം അപഗ്രഥിച്ച് കാരണം കണ്ടെത്താന്‍ കഴിവുള്ള ആളാകണം അത്. നമ്മെ സ്‌നേഹിക്കുന്ന വ്യക്തിയുമാകണം അയാള്‍.

റിലാക്‌സ് ചെയ്യാന്‍ സമയം കണ്ടെത്തുക

അമിതഭാരമോ ഉത്തരവാദിത്വങ്ങളോ ആണ് കാരണങ്ങളെങ്കില്‍ ആരോഗ്യപരമായ രീതിയില്‍ വിശ്രമം എടുത്ത് ആകുലത കുറയ്ക്കാം. എത്ര തിരക്കാണെങ്കിലും ഇടയ്ക്ക് അല്‍പനേരം ഇരുന്ന് വിശ്രമിക്കാന്‍ അവസരം ഉണ്ടാക്കിയെടുക്കണം.

ഭാവിയെക്കുറിച്ച് ഭയപ്പെടരുത്

പലപ്പോഴും നമ്മുടെ ആകുലതയ്ക്കു കാരണം ഇതുവരെ സംഭവിക്കാത്ത ഒന്നിനെ ഓര്‍ത്തായിരിക്കും. ഇവയെ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ അവ നമ്മെ മരവിപ്പിക്കുകയും നമ്മുടെ കര്‍മ്മശേഷി നശിപ്പിക്കുകയും ചെയ്യും. മറ്റൊരു കാര്യം ചെയ്യാവുന്നത്, നമ്മെ ഭാരപ്പെടുത്തുന്ന കാര്യങ്ങളുടെ ഒരു പട്ടിക എഴുതി തയ്യാറാക്കുകയാണ്. അവയില്‍ അടിസ്ഥാനമില്ലാത്തവ ഓരോന്നായി വെട്ടിക്കളയുക.

പോസിറ്റീവായ ലക്ഷ്യങ്ങള്‍ വയ്ക്കുക

നമ്മെ കര്‍മ്മശേഷിയുള്ളവരാകാന്‍ പ്രചോദിപ്പിക്കുന്ന പ്രത്യാശാപരമായ ലക്ഷ്യങ്ങള്‍ പോലെ ആകുലതയോട് പോരാടുവാന്‍ മെച്ചപ്പെട്ട ഒരു മാര്‍ഗ്ഗവുമില്ല.