വെള്ളപ്പൊക്കത്തിലും കേടുപാട് കൂടാതെ ദിവ്യകാരുണ്യം

വെള്ളപ്പൊക്കത്തിൽ മുങ്ങിയ ബ്രസീലിലെ കാരൻഗോള നഗരത്തിലെ സെന്റ് അന്റോണിയോ ചാപ്പലിൽ നിന്നും കേടുപാടില്ലാതെ സക്രാരിയിൽ സൂക്ഷിച്ചിരുന്ന ദിവ്യകാരുണ്യം വീണ്ടെടുത്തു. ദൈവാലയത്തിനുള്ളിൽ രണ്ടുമീറ്ററിലധികം ജലനിരപ്പ് ഉയരുകയും സക്രാരിയിൽ വെള്ളം കയറുകയും ചെയ്തിരുന്നു. ഇതേ തുടർന്നു നടത്തിയ പരിശോധനയിൽ ദിവ്യകാരുണ്യം കേടുകൂടാതെ ഇരിക്കുന്നതായി കാണപ്പെടുകയായിരുന്നു.

ദിവ്യകാരുണ്യത്തിന്റെ ചിത്രം ദൈവാലയത്തിന്റെ അടുത്തുതന്നെ താമസിക്കുന്ന വിക്ടർ മാരിയസ് ആണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. വളരെപ്പെട്ടെന്ന് തന്നെ ഇത് സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. “എത്ര വലിയ പ്രതിസന്ധികളിലും എങ്ങനെ ആയിരിക്കണമെന്ന് ദൈവം നമ്മെ കാണിച്ചു തന്നിരിക്കുന്നു” – എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

“കോവിഡ് വളരെ രൂക്ഷമായതിനു ഇടയിലാണ് കാരൻഗോളയ്ക്ക് അതികഠിനമായ വെള്ളപ്പൊക്കത്തെക്കൂടി നേരിടേണ്ടി വന്നത്. ഒരുപാട് ജനങ്ങൾ വളരെയധികം കഷ്ടത അനുഭവിച്ചിരുന്നു. എന്നിരുന്നാലും ദുരന്തങ്ങളെ അഭിമുഖീകരിക്കുമ്പോൾ, മാറാത്തവനും കൊടും കാറ്റിനിടയിൽ പോലും ഇളകാത്തവനുമായ ദൈവത്തിൽ ഉറച്ച് നിൽക്കുവാനും വിശ്വസിക്കുവാനും നമുക്ക് പ്രത്യാശ നൽകുന്ന സംഭവമാണിത്. ദുഃഖത്തിന്റെയും വിഷമതകളുടെയും കാലത്ത് ദൈവം കൂടെയുണ്ട്. ദൈവത്തെ സംശയിക്കരുത്” മാരിയസ് പറഞ്ഞു.

ഫെബ്രുവരി 19 -ന് പെയ്ത കനത്ത മഴയിലാണ് കാരഗോള നദിയിലെ ജലനിരപ്പ് വലിയ തോതിൽ ഉയരുകയും വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്തത്. നഗരത്തിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മറ്റു നഗരങ്ങളെയും വെള്ളപ്പൊക്കം ബാധിക്കുകയും ദുരിതബാധിതർക്ക് സഹായങ്ങളും പ്രാർത്ഥനകളും ലഭ്യമാക്കുമെന്ന് കാരാട്ടിൻഗ രൂപത വ്യക്തമാക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.