നന്മയുടെ പൂക്കളമൊരുക്കുന്നവര്‍ – 7

ജോസ് ക്ലെമന്റ്

ഓണപ്പൂക്കളങ്ങള്‍ മാഞ്ഞു തുടങ്ങി. പക്ഷേ ഓണാഘോഷങ്ങളുടെ അലയൊലികള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ചിങ്ങത്തില്‍ ചിണുങ്ങിപ്പെയ്ത മഴ ആഘോഷങ്ങളുടെ പൊലിമയ്ക്ക് മങ്ങലേല്‍പ്പിച്ചെങ്കിലും മഴക്കുളിരും ഒരനുഭൂതി തന്നെയായിരുന്നു മാലോകര്‍ക്ക്. മലയോര മേഖലയില്‍ തിരുവോണദിനത്തെ ഇടിയും മിന്നലും ആര്‍ത്തലച്ച മഴപെയ്ത്തും കൊണ്ട് വ്യത്യസ്തമാക്കി. പക്ഷേ ഓണ പൂക്കളങ്ങള്‍ അരങ്ങുവിട്ടെങ്കിലും മലയോരത്തെ മക്കള്‍ക്ക് റോസിന്‍ സുഗന്ധം വിട്ടൊഴിയുന്നില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഈ സുഗന്ധത്തിലൂടെ കരഗതമാകുന്നത് വര്‍ഷത്തിലൊരിക്കലെ ഓണമല്ല. ജീവിതം തന്നെ ഓണക്കാലമായി മാറുകയാണ്. സ്ത്രീശക്തീകരണത്തിനും കുട്ടികളുടെ അഭിവൃദ്ധിക്കുമായി ഡോ. റോസക്കുട്ടി എബ്രഹാം നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ വിരിഞ്ഞു പരിലസിക്കുന്ന ജീവിത പുഷ്പങ്ങള്‍ ഒട്ടനവധിയാണ്.

സ്വാധര്‍ ഷെല്‍ട്ടര്‍ ഹോമിന് റോസ് സുഗന്ധം
കരഞ്ഞുവീര്‍ത്ത മുഖവും തകര്‍ന്ന മനസ്സുമായി എത്തിച്ചേരുന്ന സ്ത്രീകള്‍ സ്‌നേഹസാന്ത്വനത്തിന്റെ പരിലാളനകളേറ്റുകഴിയുമ്പോള്‍ ഉള്ളുതുറന്നു പറയുന്നു: ”മാഡം, മനസമാധാനം എന്തെന്ന് അറിഞ്ഞ രാപ്പകലുകളാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. അഴുകിത്തീരേണ്ടിയിരുന്ന ജീവിതത്തെ കരുത്തുള്ളതാക്കി തീര്‍ത്തു.” സര്‍ക്കാര്‍ ഉദ്യോഗത്തിലും പ്രശസ്തിയിലും അംഗീകാരത്തിലുമുപരിയായി ചിറയ്ക്കല്‍ റോസക്കുട്ടി എബ്രാഹാമിന് സന്തോഷവും ആത്മസംതൃപ്തിയും നല്‍കുന്നത് ജീവിതത്തിലേക്ക് മടങ്ങി വന്ന സ്ത്രീകളുടെ ഈ വാക്കുകളാണ്.

39 വര്‍ഷമായി സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നതിക്കുവേണ്ടി ഇടുക്കി ജില്ലാ കൗണ്‍സില്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ മുന്നണിയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഡോ. റോസക്കുട്ടി ഒമ്പതോളം കേന്ദ്രങ്ങളിലൂടെയാണ് സ്ത്രീശക്തീകരണവും കുട്ടികളുടെ സംരക്ഷണവും ഉറപ്പാക്കിക്കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസകാലം മുതലേ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായിരുന്നു റോസക്കുട്ടി. ഇടുക്കി ജില്ലാ പൊലീസ് ഓഫീസിലെ ജീവനക്കാരിയായാണ് റോസക്കുട്ടി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ജില്ലയുടെ ആസ്ഥാനമായ കുയിലിമല വനത്താല്‍ ചുറ്റപ്പെട്ടതായിരുന്നതിനാല്‍ പൈനാവില്‍ എത്തിച്ചേരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായി കഴിയാനാകുമായിരുന്നില്ല. ഈയൊരവസ്ഥയിലാണ് റോസക്കുട്ടി എബ്രഹാമിന്റെ സാമൂഹ്യപ്രതിബദ്ധത ഉയര്‍ത്തെഴുന്നേല്‍ക്കുന്നത്. 34 വര്‍ഷംകൊണ്ട് സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനും താമസത്തിനുമൊക്കെയായി എട്ട് സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു.

വിഷമാവസ്ഥയിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശ്രയകേന്ദ്രമായി ഉയര്‍ത്തപ്പെട്ടതാണ് ‘സ്വാധര്‍ ഷെല്‍ട്ടര്‍ ഹോം.’ വിവിധ കാരണങ്ങളാല്‍ വീടുകളില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ളവരും ആത്മഹത്യാമുനമ്പില്‍ എത്തിയവരുമായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അഭയമേകുന്ന ഈ സെന്ററില്‍ താമസം, ഭക്ഷണം, ചികിത്സകള്‍ എന്നിവയ്ക്കു പുറമേ കൗണ്‍സിലിംഗ് സൗകര്യവും ഒരുക്കിക്കൊടുക്കുന്നു. വിഷമിക്കുന്നവരുടെ പോരായ്മകള്‍ കണ്ടെത്തി അവ പരിഹരിച്ച് തിരികെ കുടുംബങ്ങളിലേക്ക് അയച്ച് ജീവിതം ഭാസുരമാക്കാന്‍ സഹായിക്കുകയാണ്. പിന്നിട്ട അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ 322 സ്ത്രീകളും 167 കുട്ടികളുമുള്‍പ്പടെ 458 പേരെ ഇവിടെ സുരക്ഷിതരായി താമസിപ്പിച്ച് സംരക്ഷണകവചമൊരുക്കി. ഇവരില്‍ 438 പേരെയും സാധാരണ ജീവിതത്തിന്റെ മാധുര്യം പകര്‍ന്നുകൊടുത്തുകൊണ്ട് സ്വഭവനങ്ങളിലേക്ക് തിരിച്ച് അയക്കാനായിട്ടുണ്ട്. ഇപ്പോള്‍ ഷെല്‍ട്ടര്‍ ഹോമില്‍ കഴിയുന്നവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും പ്രതിവിധികളും കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.

ജീവിതത്തിന്റെ അവസാന തിരിനാളവും കെട്ട് കൂരിരുട്ടിലകപ്പെടുന്നവരാണ് ഇവിടെ എത്തപ്പെടുക. അവിഹിത ബന്ധങ്ങളാല്‍ മുറിവേല്‍ക്കപ്പെട്ടവര്‍, വിവാഹിതയാകാതെ അമ്മയായവര്‍, ലൈംഗികപീഡനങ്ങള്‍ക്കും ദുരുപയോഗങ്ങള്‍ക്കും വിധേയരായ സ്ത്രീകളും കുട്ടികളും, മാനസിക വിഭ്രാന്തിയലകപ്പെട്ടവര്‍ തുടങ്ങിയവരെ മാനസികവും ശാരീരികവുമായി ശക്തിപ്പെടുത്തിയും ആവശ്യമായ ചികിത്സയും കൗണ്‍സിലിംഗും പരിചരണവും നല്‍കി ജീവിതത്തിന്റെ പച്ചത്തുരുത്തിലേക്ക് കരകയറ്റുകയാണ് സ്വാധര്‍ ഷെല്‍ട്ടര്‍ ഹോമിലൂടെ.

ഇവിടുത്തെ അന്തേവാസികളെ തയ്യല്‍ പരിശീലനം, സാരി പെയിന്റിംഗ്, കൂണ്‍കൃഷി, മുയല്‍കൃഷി, പച്ചക്കറി കൃഷികള്‍, സോപ്പ്, സോപ്പ്‌പൊടി, ലോഷന്‍ നിര്‍മ്മാണം, ഓര്‍ണമെന്റ്‌സ് മേക്കിംഗ് തുടങ്ങിയ കൈത്തൊഴിലുകള്‍ അഭ്യസിപ്പിച്ച് വരുമാനമാര്‍ഗ്ഗങ്ങള്‍ക്കുള്ള പാതയും തുറന്നുകൊടുക്കുന്നു. സ്വാധര്‍ ഷെല്‍ട്ടര്‍ ഹോമിന്റെ പ്രവര്‍ത്തനം മൂലം ജില്ലയിലെ ആത്മഹത്യാ നിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നുള്ളത് ശ്രദ്ധേയമാണ്.

ഗാര്‍ഹിക പീഡനങ്ങളില്‍പ്പെട്ട് വിഷമിക്കുന്ന സ്ത്രീകള്‍ക്ക് സര്‍വ്വീസ് പ്രൊവൈഡിംഗ് സെന്റര്‍ വഴി സൗജന്യനിയമസഹായം നല്‍കിവരുന്നു. വനിതാ അഭിഭാഷകയുടെ സൗജന്യസേവനം ഇത്തരക്കാര്‍ക്കായി ഈ സെന്റര്‍ നല്‍കുന്നു. സ്വാധര്‍ ഷെല്‍ട്ടര്‍ ഹോമിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഫാമിലി കൗണ്‍സിലിംഗ് സെന്ററിലൂടെ പ്രതിമാസം ശരാശരി 60-70 പേര്‍ക്ക് സേവനം നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്. റോസക്കുട്ടി എബ്രഹാമിന്റെ നേതൃത്വത്തില്‍ മൂന്ന് കൗണ്‍സിലര്‍മാര്‍ സൗജന്യസേവനമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്.

ഡൊമസ്റ്റിക് വയലന്‍സ് ആക്റ്റ് പ്രകാരം പീഡനമനുഭവിക്കുന്ന സ്ത്രീകള്‍ക്ക് സുരക്ഷിത താമസത്തിനും പരിചരണങ്ങള്‍ക്കും റിഹാബിലിറ്റേഷന്‍ നടപടികള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടര്‍ ഹോം ഫോര്‍ ഡി.വി. വിക്റ്റിംഗ്‌സ് സെന്ററിലൂടെ റോസക്കുട്ടി എബ്രഹാം നിരവധി പേര്‍ക്ക് റോസിന്‍ സുഗന്ധം പകര്‍ന്ന് ശാന്തിയും സമാധാനവും നല്‍കുന്നുണ്ട്. 2015-ന്റെ ആദ്യ പകുതിയില്‍ 80 പേരാണ് കുടുംബപ്രശ്‌നങ്ങളുമായി ഈ സെന്ററില്‍ അഭയം പ്രാപിച്ചത്. അതില്‍ 40 പേരുടെയും പ്രശ്‌നങ്ങള്‍ക്ക് അനുരജ്ഞനത്തിലൂടെ പരിഹാരമുണ്ടാക്കി പുനരധിവാസം നടത്താനായിട്ടുണ്ട്.

പൊലീസ് സേനയിലെ ഇന്‍ഡോര്‍ – ഔട്ട്‌ഡോര്‍ ഓള്‍ റൗണ്ട് പ്രൊവിന്‍ഷ്യന്‍സിക്ക് 1973-ല്‍ ഗവര്‍ണര്‍ എന്‍എന്‍ വാഞ്ചുവിന്റെ ഭാര്യയുടെ പേരില്‍ ഏര്‍പ്പെടുത്തിയിരുന്ന ഗോള്‍ഡ്‌മെഡല്‍ അവാര്‍ഡ്, മികച്ച സാമൂഹ്യപ്രവര്‍ത്തകയ്ക്കുള്ള നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്, സാമ്പത്തിക-സാമൂഹിക പ്രവര്‍ത്തനങ്ങളെ പുരസ്‌ക്കരിച്ച് അക്കാദമി ഓഫ് ഗ്ലോബല്‍ പീസ് ഫൗണ്ടേഷന്റെ ഡോക്ടറേറ്റ് ഓഫ് സോഷ്യല്‍ വര്‍ക്ക് ബിരുദം, ദേശീയ പുരസ്‌ക്കാരം ജില്ലാ മഹിളാ സമ്മാന്‍, ബെസ്റ്റ് സോഷ്യല്‍വര്‍ക്കര്‍ അവാര്‍ഡ് തുടങ്ങിയ ഒട്ടേറെ അംഗീകാരങ്ങള്‍ റോസക്കുട്ടിയെ തേടിയെത്തിയിട്ടുണ്ട്.

പൊലീസ് സേനയിലെ ഏഴുവര്‍ഷത്തെ സേവനത്തിനുശേഷം വിദ്യാഭ്യാസവകുപ്പിലേക്കും പിന്നീട് റവന്യൂവകുപ്പിലേക്കും റോസക്കുട്ടി കടന്നുവന്നു. ഇടുക്കി ജില്ലാകളക്ടറുടെ ഓഫീസില്‍ 24 വര്‍ഷമാണ് സേവനമനുഷ്ഠിച്ചത്. ഈ കാലഘട്ടങ്ങളിലൊക്കെ ജില്ലയിലെ സ്ത്രീശക്തീകരണമായിരുന്നു ഈ പരോപകാരിയുടെ മനസ്സുനിറയെ.

സ്ത്രീ സമുദ്ധാരണത്തോടൊപ്പം ജില്ലാ ആശുപത്രിയിലെ നിര്‍ധനരോഗികള്‍ക്ക് ആവശ്യമായ മരുന്നും ഭക്ഷണവുമൊക്കെ നല്‍കുന്നതിലും റോസക്കുട്ടി ജാഗരൂകയാണ്. കഴിഞ്ഞ 14 വര്‍ഷമായി തുടരുന്ന ഭക്ഷണവിതരണവും മരുന്ന് വിതരണവുമൊക്കെ ഇന്നും തുടരുകയാണ്. പല ഏജന്‍സികളും ആശുപത്രികളില്‍ ഭക്ഷണവിതരണം ആരംഭിക്കുകയും സര്‍ക്കാര്‍ ഫണ്ടുകളിലൂടെ ഭക്ഷണമൊക്കെ വിതരണം ചെയ്യാനും തുടങ്ങിയതോടെ മാസത്തിലെ ആദ്യബുധനാഴ്ചകളില്‍ മാത്രമായി ഭക്ഷണവിളമ്പ് നിജപ്പെടുത്തി. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ഇപ്പോള്‍ 200 പേര്‍ക്കാണ് മുടക്കമില്ലാതെ ഭക്ഷണം കൊടുത്തുകൊണ്ടിരിക്കുന്നത്.

റോസക്കുട്ടിയുടെ ഈ വലിയ ശുശ്രൂഷകള്‍ക്ക് ഒപ്പം ചേരാന്‍ മറ്റു 70 അമ്മമാര്‍ കൂടിയുണ്ട്. ജാതിയും മതവും ഇവരുടെ ശുശ്രൂഷകള്‍ക്ക് വരമ്പുകള്‍ തീര്‍ക്കുന്നില്ല. പദവികളും അംഗീകാരങ്ങളും റോസക്കുട്ടിയെ തേടിയെത്തിക്കൊണ്ടിരിക്കുകയാണ്. അംഗീകാരങ്ങളേക്കാള്‍ റോസക്കുട്ടി വിലമതിക്കുന്നത് തന്റെ പ്രവര്‍ത്തനങ്ങളിലൂടെ ഒരു കുട്ടിയോ സ്ത്രീയോ ജീവിതത്തിന്റെ പ്രസാദാത്മകതയിലേക്ക് തിരിച്ചെത്തുമ്പോഴാണ്.

ഭര്‍ത്താവ്: സി.എ അബ്രഹാം. മകന്‍: അജിത് സി അബ്രഹാം.

ഡോ. റോസക്കുട്ടി എബ്രഹാം
ഇടുക്കി ജില്ലാ വിമന്‍സ് കൗണ്‍സില്‍ ചാരിറ്റബിള്‍ സൊസൈറ്റി
ചെറുതോണി, ഇടുക്കി, മൊബൈല്‍: 94472 53787

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.