കുഞ്ഞച്ചന്‍ മിഷണറി ആശാഭവന്‍, മാന്‍വെട്ടം

ജോസ് ക്ലെമന്റ്

നന്മയുടെ പൂക്കളമൊരുക്കുന്നവര്‍ – 19

മാനസിക വിഭ്രാന്തിയുള്ളവരെയും മനോനില തെറ്റിയവരെയും തള്ളിക്കളയാനും ഉപേക്ഷിക്കാനും എളുപ്പമാണ്. തിരക്കേറിയ ജീവിതത്തില്‍ അധിക ബാധ്യതകളെ ഉപേക്ഷിക്കുന്നതാണ് ഇന്നിന്റെ സംസ്‌കാരം. സുഖലോലുപതയ്ക്ക് തടസ്സമാകുന്ന എന്തും വഴിയരികിലേക്കും മാനസികരോഗികള്‍ക്കുള്ള അഭയാലയങ്ങളിലേക്കും തള്ളപ്പെടുന്നത് മാലിന്യങ്ങള്‍ വലിച്ചെറിയുന്ന ലാഘവത്തോടെയാണ്. അത് സ്വന്തമോ, ഉറ്റവരോ, ഉടയവരോ ആരുമായിക്കൊള്ളട്ടെ ഞാനും എന്റെ സുഖസൗകര്യങ്ങളും മാത്രം മതി എനിക്ക്. അതിനിടയില്‍ വിഘാതമാകുന്നതെന്തും ഇക്കൂട്ടര്‍ക്ക് മാലിന്യം തന്നെയാണ്. ഒരുപക്ഷേ ഇവരെയൊക്കെ ഒന്നു കരുതലോടെ കേള്‍ക്കാനും സ്‌നേഹിക്കാനും സംരക്ഷിക്കാനും ആശ്വസിപ്പിക്കാനും ഇത്തിരി സമയം കണ്ടെത്താന്‍ കഴിഞ്ഞാല്‍ തകരുന്ന മനസ്സുകളെ ആശ്വാസത്തിന്റെ വാതായനങ്ങളിലേക്ക് കടത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞേക്കാം. പക്ഷേ ഇതിനൊന്നും ആരും സമയം കളയാന്‍ തയ്യാറല്ല. എന്നാല്‍ ഇതിനുമാത്രം സമയം കണ്ടെത്തുന്ന ആശ്വാസദൂതര്‍ നമുക്ക് ചുറ്റുമുണ്ട്. അവരെ കാണാനുള്ള തുറവ് പോലും നമുക്കില്ലാതായിരിക്കുന്നു. കുറുപ്പന്തറ മേമുറിയിലെ കുഞ്ഞച്ചന്‍ മിഷണറി ആശാഭവനിലെ അറക്കപ്പറമ്പില്‍ തോമസ് ചേട്ടന്‍ കാത്തിരിക്കുന്നത് മനോനില തെറ്റിയവരെ സ്വീകരിച്ച് സാന്ത്വനമേകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാണ്. ഇങ്ങനെയുള്ള ആശ്വാസദൂതരെ രക്ഷകരെന്നു തന്നെ വിളിക്കേണ്ടെ? ശാരീരിക മുറിവുകള്‍ ലേപനങ്ങള്‍ വച്ചുകെട്ടി ഉണക്കാനാകും. മാനസിക മുറിവുകള്‍ക്ക് ലേപനമല്ല സ്‌നേഹ സാന്ത്വനവും ക്ഷമയോടെ അവരെ കേള്‍ക്കാനുള്ള നല്ല മനസുമാണാവശ്യം. തോമസ് ചേട്ടന്റെ നല്ല മനസില്‍ ഇടം നേടിയവര്‍ ഒട്ടനവധിയാണ്. അവരില്‍ ഏറെപ്പേരും ജീവിതം തിരിച്ചുപിടിച്ചവരുമാണ്.

ജീവിച്ചിരിക്കേ സ്വര്‍ഗം കാണുന്നൊരാള്‍

ജനിച്ചാല്‍ മരിക്കുമെന്ന സത്യം എല്ലാവരും ഉള്‍ക്കൊള്ളുന്നതാണ്. എന്നാല്‍ വിശ്വാസി മരിച്ചാല്‍ മരണാനന്തര ജീവിതമുണ്ടെന്ന് കൂടി പ്രത്യാശിക്കുന്നു. ഈ പ്രത്യാശ ഒരു സ്വര്‍ഗോന്മുഖതയിലേയ്ക്കാണ് ലക്ഷ്യം വയ്ക്കുന്നത്. ആശാഭവനിലെ തോമസ് ചേട്ടന്‍ ജീവിച്ചിരിക്കേ തന്നെ സ്വര്‍ഗം കാണുകയും സ്വര്‍ഗീയാനന്ദം അനുഭവിക്കുകയുമാണെന്നു പറയുമ്പോള്‍ ആ മുഖത്ത് തേജസേറുന്നു. 65 മാനസികരോഗികള്‍ക്കൊപ്പമുള്ള തോമസ് ചേട്ടന്റെ ശുശ്രൂഷാജീവിതം ആനന്ദകരമാണെന്നു പറയുമ്പോഴും മനം മടുപ്പിച്ചനുഭവങ്ങളെ മറികടന്നതും ഹൃദയഭേദകമായ അവസ്ഥകള്‍ക്കു മുന്നില്‍ സാക്ഷിയാകേണ്ടിവരുന്നതും വേദനയോടെ തന്നെ പങ്കുവയ്ക്കുകയാണ്.

വഴിയരികിലെ മാലിന്യക്കൂമ്പാരങ്ങളിലും ചവറുകൂനകളിലും ചെന്നിരുന്ന് ഭക്ഷണാവശിഷ്ടങ്ങള്‍ വാരി തിന്ന് വിശപ്പടക്കുന്ന നിരവധിപേരെ കണ്ടിട്ടുള്ള അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടാകും. എന്നാല്‍ ഭക്ഷണപാത്രത്തില്‍ മലമൂത്രവിസര്‍ജ്ജനം നടത്തി അത് സ്വയം വാരി ഭക്ഷിക്കുന്ന കാഴ്ച ഹൃദയഭേദകം മാത്രമല്ല അറപ്പും അസ്വസ്ഥതയും ഉളവാക്കുന്ന സംഭവമാണ്. കുഞ്ഞച്ചന്‍ മിഷണറി ആശാഭവനില്‍ തന്റെ മക്കള്‍ സുബോധമില്ലാതെ ചെയ്യുന്ന ഇത്തരം കാഴ്ചകള്‍ തോമസ് ചേട്ടന്‍ നിത്യവും കാണുകയും അവരെയൊക്കെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഓര്‍ത്താല്‍ പോലും മനംപുരട്ടുളവാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ സമചിത്തതയോടും ശാന്തതയോടും കൂടി തോമസ് ചേട്ടന്‍ കൈകാര്യം ചെയ്യുമ്പോള്‍ ഇദ്ദേഹം ഒരു ദൈവദൂതനായി മാറുകയാണ്.

അഗ്രികള്‍ച്ചറല്‍ കമ്പനിയില്‍ സൂപ്പര്‍വൈസറായി 15 വര്‍ഷക്കാലം പ്രവാസജീവിതം നയിച്ച വ്യക്തിയാണ് അറക്കപ്പറമ്പില്‍ തോമസ്. മസ്‌ക്കറ്റില്‍ ഭാര്യയുമൊരുമിച്ചുള്ള ഈ ജീവിതം അവസാനിപ്പിച്ച് ഈ ദമ്പതികള്‍ മാതൃരാജ്യത്തേക്ക് മടങ്ങിയെത്തിയത് രണ്ടായിരാമാണ്ടിലാണ്. നാട്ടിലെത്തിയിട്ട് ജോലിയൊന്നുമില്ലാതെ പരോപകാര പ്രവര്‍ത്തകനായതല്ല തോമസ് ചേട്ടന്‍. ഗള്‍ഫ് ജീവിതത്തിനു മുമ്പേ ബോംബെയില്‍ ഉദ്യോഗസ്ഥനായിരിക്കേ മൊട്ടിട്ടതാണ് പരോപകാരപ്രവര്‍ത്തനങ്ങളുമായുള്ള ശുശ്രൂഷാ ജീവിതം. മാഹിം തെരുവിലെ ചേരിവാസികള്‍ തലചായ്ക്കാന്‍ പോലും ഇടമില്ലാതെ രാത്രികാലങ്ങളില്‍ അഭയം തേടിയിരുന്നത് റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഹോമുകളിലായിരുന്നു. ഇവരില്‍ ഭൂരിഭാഗം പേരും മുഴുപട്ടിണിക്കാരും ശരീരം പൂര്‍ണ്ണമായി മറക്കാന്‍ വസ്ത്രമില്ലാത്തവരുമൊക്കെയായിരുന്നു. ഇവര്‍ക്കൊക്കെ അന്നേ ഭക്ഷണം വാങ്ങിച്ചു നല്‍കാനും വസ്ത്രങ്ങള്‍ ശേഖരിച്ചുകൊടുക്കാനും തോമസ് ചേട്ടന്‍ ജാഗരൂകനായിരുന്നു. മനുഷ്യസ്‌നേഹത്തിന്റെ സുവര്‍ണ കിരണങ്ങള്‍ അന്നേ ഈ പരോപകാരിയില്‍ പ്രകാശിതമായിരുന്നു.

കോട്ടയം ജില്ലയിലെ കുറുപ്പന്തറയില്‍ തിരിച്ചെത്തിയ തോമസ്‌ചേട്ടന്‍ നേരമ്പോക്കിനായിരുന്നില്ല രാമപുരത്ത് ബിനോയിചേട്ടന്‍ നടത്തിയിരുന്ന ആശാഭവന്‍ സന്ദര്‍ശിക്കാനെത്തിയത്. 1990 മുതല്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ശുശ്രൂഷകളെയും അന്തേവാസികളെയും നേരില്‍ കാണാനായിരുന്നു. എണ്ണമറ്റ മനോരോഗികളാണ് സ്ത്രീ-പുരുഷഭേദമില്ലാതെ അവിടുത്തെ അന്തേവാസികളായിട്ടുണ്ടായിരുന്നത്. അവരുടെയൊക്കെ നിസ്സഹായാവസ്ഥ തോമസ് ചേട്ടനിലെ കാരുണികനെ തട്ടിയുണര്‍ത്തി. കുറുപ്പന്തറയിലെ ജോസഫ് കവണാന്‍ എന്ന ധനാഢ്യന്റെ അഞ്ചുപെണ്‍മക്കളില്‍ ഒരുവള്‍ മാനസിക രോഗത്തിനടിമയായപ്പോള്‍ അവളെ സംരക്ഷിക്കുന്നതിനായി, മറ്റു നാലുപെണ്‍മക്കളുടെ ഭാവിയെയോര്‍ത്ത് രാമപുരത്തെ ‘ആശാഭവനില്‍’ പാര്‍പ്പിച്ചിരുന്നു. മകളുടെ ഈ അവസ്ഥയില്‍ മനംനൊന്തിരുന്ന ജോസഫ് ചേട്ടന് കുറുപ്പന്തറയില്‍ ഇത്തരമൊരു സ്ഥാപനം തുടങ്ങുന്നതിന് അതിയായ ആഗ്രഹമുണ്ടായിരുന്നു. പലരേയും ഈ ആവശ്യവുമായി അദ്ദേഹം സമീപിച്ചെങ്കിലും മാനസികരോഗികളെ ശുശ്രൂഷിക്കുക സാഹസമാണെന്ന മറുപടിയാണ് ലഭിച്ചുകൊണ്ടിരുന്നത്. ഇതിനിടയില്‍ അയല്‍വാസിയായ തോമസ് ചേട്ടന്റെ കാതുകളിലും ഈ വാര്‍ത്ത എത്തി. വീട്ടുകാരുള്‍പ്പെടെ പലരും അദ്ദേഹത്തെ വിലക്കി. പക്ഷേ തോമസ് ചേട്ടന്റെ ഉള്ളില്‍ കനലായി എരിഞ്ഞിരുന്ന നന്മയുടെ നാളം അണഞ്ഞിട്ടില്ലായിരുന്നു. സാഹസമെന്ന് പലരും വിധിയെഴുതിയ ഉദ്യമത്തിനു മുന്നില്‍ തോമസ് ചേട്ടന്‍ വിധേയത്വത്തോടെ ശിരസു നമിച്ചു.

ജോസഫ് കവണാന്‍ തന്നെയും തന്റെ ഭാര്യയെയും മാനസികരോഗിയായ മകളേയും സംരക്ഷിച്ചുകൊള്ളണമെന്ന വ്യവസ്ഥയോടെ തന്റെ വീടിനോടു ചേര്‍ന്നുള്ള 50 സെന്റ് ഭൂമി മാനസികരോഗികളുടെ പുനരധിവാസത്തിനായി വിട്ടു നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. പക്ഷേ സ്ഥലം മാത്രം ലഭിച്ചതുകൊണ്ട് കാര്യമായില്ലല്ലോ. താമസ സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. അതിന് ചിലവേറും. അതിനാല്‍ താല്‍ക്കാലികമായി ജോസഫ് കവണാന്റെ വീടിനോട് ചേര്‍ന്നുള്ള വരാന്ത കെട്ടിമറച്ച് അഞ്ച് പുരുഷന്മാരെ പുനരധിവസിപ്പിച്ചുകൊണ്ട് ഒരു മാനസിക ശുശ്രൂഷാ കേന്ദ്രം ആരംഭിച്ചു. അടച്ചുറപ്പുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താനാകാതിരുന്നതിനാല്‍ അന്തേവാസികളായ പുരുഷന്മാര്‍ ഇവിടം വിട്ട് അലഞ്ഞു തിരിയുന്നത് പതിവായി. ഇവരെ കണ്ടെത്തുക ഭാരിച്ച ഉത്തരവാദിത്വമായതിനാല്‍ ഇവരെ അഞ്ചുപേരെയും രാമപുരത്തെ സുരക്ഷിതമായ ആശാഭവനിലേക്ക് മാറ്റി.

ആയിടയ്ക്കാണ് ജോസഫ് ചേട്ടന്റെ ശേഷിച്ച നാലുപെണ്‍മക്കളില്‍ നഴ്‌സുമാരായിരുന്ന മൂന്നുപെണ്‍മക്കള്‍ പെന്തക്കോസ്തു സഭയിലേക്ക് കൂടുമാറുന്നത്. ക്‌നാനായ കത്തോലിക്കനായ ജോസഫ് ചേട്ടന് ഇതുള്‍ക്കൊള്ളാന്‍ കഴിയാത്തവസ്ഥയായിരുന്നു. ശേഷിക്കുന്ന ഭിന്നശേഷിക്കാരിയായ മകളും ഭാര്യയും മാത്രം തന്നോടൊപ്പമായപ്പോള്‍ 50 സെന്റ് സ്ഥലം തന്റെ മുന്‍ തീരുമാനപ്രകാരം മാനസിക രോഗികളെ പുനരധിവസിപ്പിക്കുന്നതിനുള്ള ആലയത്തിനായി എഴുതി നല്‍കി. മനുഷ്യസ്‌നേഹികളായ കുറേയധികം വ്യക്തികളുടെ സഹായസഹകരണങ്ങളോടെ തോമസ് ചേട്ടന്‍ ഇവിടെ വലിയ ഒരു ഷെഡ്ഡു നിര്‍മ്മിക്കുകയും രാമപുരം ആശാഭവനിലെ സ്ത്രീകളായ 25 മാനസികരോഗികളെ ഇവിടേക്ക് കൊണ്ടുവരുകയും ചെയ്തു. അങ്ങനെ സ്ത്രീകള്‍ക്കു മാത്രമായി മാന്‍വെട്ടം മേമുറിയില്‍ കുഞ്ഞച്ചന്‍ മിഷണറി ആശാഭവന്‍ പ്രവര്‍ത്തനമാരംഭിച്ചു.

സുതാര്യമായ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായ നാട്ടുകാര്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ സഹായിച്ചതോടെ ഇവിടെ സൗകര്യങ്ങള്‍ വിപുലീകരിക്കാന്‍ സാധിച്ചു. ഇപ്പോള്‍ നൂറിലധികം പേര്‍ക്ക് സൗകര്യപൂര്‍വ്വം ഇവിടെ വസിക്കാനാകും. സ്വന്തക്കാരും ബന്ധുജനങ്ങളും ഉപേക്ഷിച്ച സ്ത്രീകളാണ് ഇന്നിവിടെയുള്ള 65 അന്തേവാസികളും. നിരവധിപേര്‍ മാനസികനില മെച്ചപ്പെട്ടതോടെ മടങ്ങിപ്പോയവരായിട്ടുണ്ട്. മുപ്പതുവയസുകാരി മുതല്‍ 80 വയസിലെത്തിയ വൃദ്ധകള്‍ വരെ ഇപ്പോള്‍ ആശാഭവന്റെ മക്കളായിട്ടുണ്ട്. ഇവര്‍ ആയിരിക്കുന്ന അവസ്ഥയില്‍ സംരക്ഷിക്കാനുള്ള മനസാന്നിധ്യവും കരളുറപ്പുമാണ് ഈ ശുശ്രൂഷകളെ സന്തോഷഭരിതമാക്കിത്തീര്‍ക്കുന്നതെന്ന് തോമസ് ചേട്ടന്‍ പറയുന്നു.

അച്ഛനമ്മമാരുടെ സ്‌നേഹം, ഭര്‍ത്താവിന്റെ സംരക്ഷണം, മക്കളുടെ കരുതല്‍ ഇതൊക്കെ നിഷേധിക്കപ്പെട്ട അമ്മമാരും യുവതികളുമൊക്കെയാണ് ഇവിടെ ഒരു കൂരയ്ക്കു താഴെ ഒരുമിച്ചു കഴിയുന്നത്. ഇവരില്‍ സ്വന്തം വിസര്‍ജ്യവസ്തുക്കള്‍ ആഹരിക്കുന്നവര്‍ മുതല്‍ മറ്റുള്ളവരെ ഉപദ്രവിക്കുന്നവര്‍ വരെ ഉള്‍പ്പെടുന്നു. ഒരേസമയം കണ്ണും കാതും മനസും ഇവര്‍ക്കൊപ്പം വേണം. സമീപനങ്ങളില്‍ വ്യത്യസ്തമായ പെരുമാറ്റരീതികളും അനിവാര്യമാണ്. മരുന്നുകളേക്കാളുപരി സ്‌നേഹമാസൃണമായ പെരുമാറ്റവും സാന്ത്വനവും വാല്‍സല്യവും കരുതലും നല്‍കലാണ് ഇവര്‍ക്ക് കൂടുതലാവശ്യം. രാത്രിയും പകലും നഴ്‌സുമാരുടെ ശുശ്രൂഷ ഇവര്‍ക്കായി ഏര്‍പ്പാടാക്കിയിട്ടുണ്ട്. പകല്‍ മുഴുവന്‍ തോമസ് ചേട്ടന്‍ ഒരാശ്വാസദൂതനായി ആശാഭവനിലെ അന്തേവാസികള്‍ക്കൊപ്പമുണ്ടാകും. ഇവരെ ചൂഷണം ചെയ്യാതെ നോക്കേണ്ട ഭാരിച്ചൊരു ഉത്തരവാദിത്വവും ഉണ്ടെന്നുള്ളത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. കാരണം, മനോനില തെറ്റിയ ഇവര്‍ക്ക് ഒരു പക്ഷേ ഒരു ചെറുത്തുനില്‍പ്പിനോ അരുതെന്ന് ശബ്ദിക്കുന്നതിനോ ഒന്നും സാധ്യമായെന്നുവരില്ല. അതിനാല്‍ തോമസ് ചേട്ടന്‍ കണ്ണിമയ്ക്കാതെ തള്ളക്കോഴി പരുന്തുകളില്‍ നിന്ന് കുഞ്ഞുകോഴികളെ സംരക്ഷിക്കുന്ന വിധത്തില്‍ ഇവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.

ഒരു വ്യക്തിയെ സംരക്ഷിക്കുമ്പോള്‍ തനിക്ക് ലഭിക്കുന്ന ആനന്ദമല്ല തോമസ് ചേട്ടനെ ഈ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശുഷ്‌ക്കാന്തിയുള്ളവനാക്കുന്നത്. ഒരു വ്യക്തിയെ സംരക്ഷിക്കുമ്പോള്‍ ഒരു കുടുംബത്തെ രക്ഷിക്കുകയാണെന്ന ചിന്ത തന്നില്‍ പൂര്‍ണ്ണമായിട്ടുണ്ട്. കാരണം, ഇത്തരം മാനസികരോഗികളെ കുടുംബത്തില്‍ നിന്നും പടിയിറക്കുമെങ്കിലും ഭൂരിഭാഗം പേരിലും ഇവരുടെ ഓര്‍മ്മകള്‍ വിട്ടൊഴിയാറില്ല. ആരോഗ്യമുള്ളവരായിരുന്ന സമയത്ത് ഇവര്‍ കുടുംബത്തിന്റെ അത്താണിയോ, സ്‌നേഹഭാജനങ്ങളോ ഒക്കെയായിരുന്നിരിക്കാം. പലരും ഉന്നതവിദ്യാഭ്യാസമുള്ളവരും വിദേശരാജ്യങ്ങളില്‍ വരെ സേവനമനുഷ്ഠിച്ചിരുന്നവരും സമ്പന്നരും പ്രതാപശാലികളുമായിട്ടുള്ളവരുമൊക്കെയാണ്. മാനസിക നിലയില്‍ മാറ്റമുണ്ടാകുമ്പോള്‍ ഭൂതകാലത്തിലെ ഓര്‍മ്മകളൊന്നും വര്‍ത്തമാനകാലത്തെ സന്തോഷഭരിതമാക്കുന്നതായിരിക്കില്ല. ഭാവിയില്‍ അവരെ തിരിച്ചുകൊടുക്കാനുള്ള ദൗത്യങ്ങള്‍ ഫലമണിയണമെങ്കില്‍ നല്ല അധ്വാനം തന്നെ വേണ്ടിവരുമെന്ന് തോമസ് ചേട്ടന്‍ അനുഭവത്തിലൂടെ വെളിപ്പെടുത്തുന്നു.

പെറ്റമ്മയെപ്പോലും മക്കള്‍ തെരുവുനായ്ക്കള്‍ക്ക് സമാനം വീടിനുപുറത്തേക്കു ഒരു സങ്കോചവുമില്ലാതെ വലിച്ചെറിയുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. മക്കള്‍ ആട്ടിയിറക്കിയ എത്രയോ അമ്മമാര്‍ തന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ടെന്ന് പറയുമ്പോഴും കുറുപ്പന്തറയിലെ ചിന്നമ്മച്ചേടത്തിയേയും കാഞ്ഞങ്ങാട്ടെ ലാലിയേയും തോമസ് ചേട്ടന് മറക്കാനാകുന്നില്ല. 10 നായ്ക്കള്‍ ചത്തുചീഞ്ഞുകിടക്കുന്ന നാറ്റത്തോടെയാണ് മാര്‍ക്കറ്റില്‍ ഭ്രാന്തിയായി കിടന്നിരുന്ന ചിന്നമ്മച്ചേടത്തിയെ കോരിയെടുത്ത് സ്വന്തം മകന്റെ മുന്നിലെത്തിച്ചത്. ഒന്നു കുളിപ്പിച്ചു തരാന്‍ കെഞ്ചിയിട്ടുപോലും വഴങ്ങാതിരുന്ന മനസുനുറുങ്ങുന്ന സംഭവവും ശാന്തമായി ചിന്നമ്മചേടത്തി മരണത്തെ പ്രാപിച്ചതും, രണ്ട് മാറിടങ്ങളും കാന്‍സര്‍ ബാധിച്ച് ശാരീരിക-മാനസിക വേദനകളുടെ പാരമ്യത്തിലും കരങ്ങള്‍ കൂപ്പി ഈശോയെ വിളിച്ച് മരണത്തെ പുല്‍കിയ ലാലിയും ജീവിച്ചിരിക്കേ തന്നെ എന്നെ സ്വര്‍ഗം കാട്ടിത്തന്ന അമ്മച്ചിയും സഹോദരിയുമാണ്. കുഞ്ഞച്ചന്‍ മിഷണറി ആശാഭവനിലെ മനോരോഗികളിലൊക്കെ മനുഷ്യനെയും ദൈവത്തെയും കാണുവാന്‍ സാധിക്കുന്നതിനാല്‍ 18 വര്‍ഷമായിട്ടും ഒരിക്കല്‍പോലും ഈ പ്രേഷിതന് നീരസങ്ങളും മനചാഞ്ചല്യവും ഉണ്ടായിട്ടില്ല.

തോമസ് അറക്കപ്പറമ്പില്‍
കുഞ്ഞച്ചന്‍ മിഷണറി ആശാഭവന്‍
മേമുറി പി.ഒ., മാന്‍വെട്ടം, കോട്ടയം
മൊബൈല്‍ : 9447793449

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.