നന്മയുടെ പൂക്കളമൊരുക്കുന്നവര്‍ – 17

ജോസ് ക്ലെമന്റ്

മദ്യവില്‍പ്പനയേയും ഉപഭോഗത്തേയുംകുറിച്ചുള്ള ചര്‍ച്ചകളും സമവായങ്ങളും ഒരുകാലത്തും കെട്ടടങ്ങുന്നില്ല. ഇടതു-വലതു മുന്നണികളുടെ മദ്യനയങ്ങള്‍ ആരെയും പൂര്‍ണ്ണമായി തൃപ്ത മാക്കുന്നുമില്ല. എല്ലാക്കാലത്തും ഇതിനെതിരെ സമരങ്ങളും പ്രക്ഷോഭങ്ങളും നടക്കുന്നുണ്ട്. കത്തോലിക്കാസഭയുടെ ഭാഗത്തുനിന്നുള്ള വിമര്‍ശനങ്ങളും പ്രാര്‍ത്ഥനാകൂട്ടായ്മകളും പ്രക്ഷോഭങ്ങളുമൊക്കെ ഇതിനിടയില്‍ നടക്കുന്നുണ്ടുതാനും. മദ്യവര്‍ജനമാണ് വേണ്ടതെന്ന് ഒരുവിഭാഗം ആവശ്യപ്പെടുമ്പോള്‍ മദ്യനിരോധനമാണ് വേണ്ടതെന്ന വാദമുഖങ്ങളും ഉയര്‍ന്നുകേള്‍ക്കാം. എന്താണെങ്കിലും ഓരോ ഫെസ്റ്റിവല്‍ സീസണിലും മദ്യത്തിന്റെ വിപണനവും, ആഘോഷാവസരങ്ങളിലും അനവസരങ്ങളി ലുമായി മദ്യത്തിന്റെ ഉപഭോഗവും വര്‍ധിക്കുന്നതല്ലാതെ കുറയുന്നവസ്ഥ ഉണ്ടാകുന്നുമില്ല. സമൂഹത്തില്‍ മദ്യപരുടെയും മാനസികരോഗികളുടെയും സംഖ്യ ക്രമാതീതമായി വര്‍ധിച്ചു കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം കാണാതിരിക്കാനുമാകുന്നില്ല. ഇത്തരമൊരവസ്ഥയിലും മനഃസാക്ഷി പണയപ്പെടുത്താതെ ഈ സാമൂഹിക വിപത്തിനെതിരെ സന്ധിയില്ലാ സമരം ചെയ്യുന്ന വൈദിക-സന്യസ്ത-അല്മായ സഹോദരങ്ങള്‍ ഏറെയുണ്ട്. 33 വര്‍ഷമായി ഈ രംഗത്ത് കര്‍മനിര തനായിരിക്കുന്ന വൈദികനാണ് ഫാ. ജോര്‍ജ് പാറേമ്മാന്‍. പൗരോഹിത്യ ജീവിതത്തിന്റെ സിംഹഭാഗവും ഈ വിപത്തിനെതിരെ പ്രയത്‌നിച്ച അച്ചന്‍ ഇപ്പോള്‍ തകരുന്ന സഹോദരങ്ങള്‍ക്ക് സ്‌നേഹവീടൊരുക്കി കാത്തിരിക്കുകയാണ്. ലഹരിയുടെ ആസക്തികളില്‍ നിന്ന് മോചിപ്പിച്ച് മാനസിക-ശാരീരിക സൗഖ്യം നല്‍കി മനുഷ്യനാക്കാനുള്ള വ്യഗ്രതയില്‍ 68-ാം വയസ്സിലും ജോര്‍ജച്ചന്‍ പ്രതീക്ഷയോടെ മുന്നേറുന്നു.

സൈക്കിളച്ചന്റെ സ്‌നേഹവീട്

ചേരി നിവാസികളുടെ നൊമ്പരങ്ങളും ആകുലതകളും കണ്ടറിഞ്ഞ ശെമ്മാശന്‍ ജോര്‍ജ് പാറേമ്മാന് ഇവരെക്കുറിച്ചെന്നും വേദനയായിരുന്നു. പരിത്യജിക്കപ്പെട്ട, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, ഭിക്ഷാടനം തൊഴിലാക്കിയ ചേരിയിലെ ജനങ്ങളെയൊക്കെ ജീവിതത്തിന്റെ പ്രസാദാത്മക തയിലേക്ക് കൊണ്ടുവരുകയെന്നത് ശെമ്മാശന്‍ ജോര്‍ജിന്റെ ചിരകാല സ്വപ്നമായിരുന്നു. 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് മനസ്സില്‍ മൊട്ടിട്ട ആഗ്രഹമമായിരുന്നത്. സി എസ് ടി സന്യാസസമൂഹത്തിലെ ഒരംഗമായി ആലുവ മംഗലപ്പുഴ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ ദൈവശാസ്ത്ര വിദ്യാര്‍ത്ഥിയായിരിക്കേ ബ്രദര്‍ ജോര്‍ജ് പതിവായി സെമിനാരിക്കു താഴെയുള്ള വലിയ ചേരിയായ നമ്പാപിള്ളിചേരി സന്ദര്‍ശിക്കുമായിരുന്നു. ഭിക്ഷാടനം നിത്യവൃത്തിയാക്കിയ 105 വീട്ടുകാരാണ് അവിടെ താമസിച്ചിരുന്നത്. നിരക്ഷരരും പട്ടിണി പാവങ്ങളും അധാര്‍മ്മിക ജീവിതം നയിച്ചിരുന്ന വരുമായ ഇവര്‍ക്കിടയിലേക്കിറങ്ങിച്ചെന്ന് ഞായറാഴ്ചകളില്‍ ജോര്‍ജ് ബ്രദര്‍ ഇവരുടെ കുട്ടികളെ പഠിപ്പിക്കുകയും സന്മാര്‍ഗ്ഗ പാഠങ്ങള്‍ പകര്‍ന്നു കൊടുക്കുകയും, സാധ്യമായ ചെറുസഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തിരുന്നു. എത്രയും വേഗം നല്ല വീടുകളുണ്ടാക്കി ഇവരെയെല്ലാം പാര്‍പ്പിക്കണമെന്നത് വലിയ സ്വപ്നമായിരുന്നു. ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടുള്ള ബ്രദറിന്റെ സ്വപ്നത്തിന് കാലം സാക്ഷാത്ക്കാരമുണ്ടാക്കി.

ചേരി നിവാസികളുടെ പുനരധിവാസത്തിനായി പോള്‍ കരുമത്തിയച്ചനുമായി ചേര്‍ന്ന് ചുണങ്ങംവേലിയില്‍ സ്ഥലം കണ്ടെത്തുകയും അവിടെ 105 വീടുകള്‍ നിര്‍മ്മിച്ച് നമ്പാപിള്ളി ചേരിനിവാസികളൈ മുഴുവന്‍ അവിടേക്ക് മാറ്റി പാര്‍പ്പിച്ചു. പുതിയൊരു പേരും ആ സ്ഥലത്തിന് നല്‍കി- പുഷ്പ നഗര്‍. ചേറില്‍ നിന്നും ഉദ്യാനത്തിലേക്ക് പറിച്ചു നട്ട പുഷ്പങ്ങളായിരുന്നു ജോര്‍ജച്ചന് ഇവരൊക്കെ. അച്ചന്റെ ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമൊക്കെ വഴിത്തിരിവുണ്ടാ ക്കിയത് ഈ ചേരിക്കാരായിരുന്നു. നമ്പാപിള്ളിയിലെ ശോച്യാവസ്ഥയാണ് പുഷ്പനഗറിന്റെ രൂപീകരണത്തിന് കാരണം. എന്നാല്‍ മൂന്നുമാസങ്ങള്‍ പിന്നിട്ടതോടെ പുഷ്പനഗറിലെ ഒരു അന്തേവാസി മദ്യപിച്ച് വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കി നശിപ്പിച്ചു. അച്ചന്റെ മനസ്സിനെ മുറിപ്പെടുത്തുകയും അച്ചന്റെ ചിന്തകള്‍ക്ക് മാറ്റമുണ്ടാക്കുകയും ചെയ്ത സംഭവമായിരുന്നത്. കഷ്ടപ്പെടുന്നവരെ വീടുപണിത് നല്ല സ്ഥലത്ത് പാര്‍പ്പിച്ചിട്ടും പട്ടിണി മാറ്റാന്‍ ആഹാരവും സാമ്പത്തിക സഹായങ്ങളും വച്ചുനീട്ടിയിട്ടും കാര്യമില്ലെന്ന തിരിച്ചറിവ് ഇതോടെ അച്ചനുണ്ടായി. മനുഷ്യരില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കണം. മനുഷ്യരില്‍ അടിഞ്ഞുകൂടുന്ന തിന്മകളെ ദുരീകരിക്കാതെ എന്തെല്ലാം സൗഭാഗ്യങ്ങള്‍ നേടിക്കൊടുത്താലും അതൊക്കെ വ്യര്‍ത്ഥമാണെന്ന ബോധ്യത്തില്‍ നിന്നാണ് ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണങ്ങളിലേക്ക് ജോര്‍ജച്ചനെ നയിച്ചത്.

മനുഷ്യരില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആലുവ ചൂണ്ടി കേന്ദ്രീകരിച്ച് ‘സ്‌നേഹാലയം’ ആരംഭിച്ചത്. മദ്യത്തിനും ലഹരിവസ്തുക്കള്‍ക്കും അടിമകളായി ത്തീര്‍ന്നവരെ ബോധവല്‍ക്കരിച്ചും പ്രാര്‍ത്ഥിച്ചും ചികിത്സിച്ചും കൗണ്‍സിലിംഗ് നടത്തിയും അച്ചന്‍ പതിനായിരങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. ഏറെ താമസിയാതെ ലഹരിമോചിതരായ ആയിരക്കണക്കിന് ആളുകളെ അണിനിരത്തി ലഹരിയെന്ന സാമൂഹിക വിപത്തിനെതിരെ ആലുവയില്‍ വലിയ റാലി നടത്താന്‍ ജോര്‍ജച്ചനു സാധിച്ചു. ലഹരി വിമോചിതരുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ വലിയ കാഹളധ്വനിയായിരുന്നത്. സാധാരണക്കാരന്റെ വാഹനമായ സൈക്കിളില്‍ ചുറ്റിസഞ്ചരിച്ചാണ് ഈ ളോഹധാരി തന്റെ പ്രവര്‍ത്തനങ്ങളെ ക്രോഡീകരിച്ചിരുന്നത്. ഈ പ്രയാണം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തകളായപ്പോള്‍ ജോര്‍ജ് പാറേമാനച്ചന്‍ ‘സൈക്കിളച്ചന്‍’ എന്ന പേരിലറിയപ്പെടാന്‍ തുടങ്ങി. 28 വര്‍ഷത്തെ സ്‌നേഹാലയത്തിലെ ശുശ്രൂഷകളിലൂടെ അച്ചന്‍ നേടിയെടുത്തത് മദ്യത്തിനും ലഹരിക്കുമടിമകളായ നാല്‍പ്പത്തയ്യായിരത്തിലേറെ പേരെയാണ്. ഇതൊരു റെക്കോര്‍ഡ് കണക്കായി അച്ചന്‍ ചിത്രീകരിക്കുന്നില്ല. മറിച്ച് ഇത്രയുംപേരെ മാത്രമേ മോചിപ്പിക്കാനായിട്ടുള്ളു എന്ന ഏറ്റുപറച്ചില്‍ മാത്രമാണുള്ളത്. ഇനിയുള്ള തന്റെ പൗരോഹിത്യ ജീവിതവും മനുഷ്യരെ നേടിയെടുക്കുന്ന ശുശ്രൂഷകളില്‍ വ്യാപരിക്കുക എന്നതിലാണ് ജോര്‍ജച്ചന്‍ ലക്ഷ്യം വച്ചിട്ടുള്ളത്. അതിന്റെ പുത്തന്‍ സരണിയാണ് ‘സ്‌നേഹവീട്’ തുറന്നുകൊണ്ട് അച്ചനാരംഭിച്ചിരിക്കുന്ന നവശുശ്രൂഷാമേഖല.

മദ്യപന്മാരെ രക്ഷപ്പെടുത്തി ലഹരിവസ്തുക്കളില്‍ നിന്ന് മോചിപ്പിക്കുന്നതിന് കേരളത്തില്‍ ഇന്ന് പൊതുവേ കാണുന്ന രീതി ചികിത്സാവിധികള്‍ക്കൊപ്പം ഒരാഴ്ചത്തെ ധ്യാനശുശ്രൂഷകളില്‍ പങ്കെടുപ്പിച്ച് കൗണ്‍സിലിംഗിനു വിധേയരാക്കിയും ബോധവല്‍ക്കരണക്ലാസ്സുകളില്‍ പങ്കെടുപ്പിച്ചുകൊണ്ടുമുള്ള പരിവര്‍ത്തന രീതികളാണ്. ഇതൊക്കെ ഒരുപരിധിവരെ ഫലം കാണുന്നുണ്ടെങ്കിലും ഒരു ബ്രേക്കിനുശേഷം ഇവര്‍ വീണ്ടും ലഹരിവസ്തുക്കളുടെ ഉപയോഗത്തിലേക്ക് തിരിച്ചുപോകുന്ന അവസ്ഥയാണിന്നുള്ളത്. മദ്യപാനത്തില്‍ നിന്നും മാനസികാസ്വാസ്ഥ്യങ്ങളില്‍ നിന്നെല്ലാം പൂര്‍ണമായ വിടുതലും തിരിച്ചുവരവുമാണ് ജോര്‍ജച്ചന്റെ ഇപ്പോഴത്തെ ലക്ഷ്യം. കേരളത്തിലെ എണ്‍പതോളം അനാഥ-അഗതി മന്ദിരങ്ങള്‍ കയറിയിറങ്ങി സൈക്കോ സ്പിരിച്വല്‍ റിട്രീറ്റും മറ്റും നടത്തിയിട്ടുള്ളതിന്റെ പശ്ചാത്തലത്തില്‍ കണ്ടെത്തിയ ചില യാഥാര്‍ത്ഥ്യങ്ങളാണ് പുതിയൊരു രീതി അവലംബിക്കുന്നതിന് അച്ചനെ പ്രേരിപ്പിച്ചിട്ടുള്ളത്. ഇവിടെയൊക്കെ പുതിയൊരു രീതി അച്ചന്‍ അവലംബിച്ചു. വ്യക്തികള്‍ക്ക് പ്രത്യേക ശ്രദ്ധയും കരുതലും നല്‍കിക്കൊണ്ട് മ്യൂസിക് തെറപ്പിയും ഗ്രൂപ്പ് ഡൈനാമിക്‌സുമൊക്കെ നടത്തിയപ്പോള്‍ ഇത്തരക്കാരില്‍ ഗുണപരമായ മാറ്റങ്ങളുണ്ടായി. ഇത് ഫലപ്രദമാണെന്ന ഉറച്ച ബോധ്യമാണ് കോതമംഗലം കുറുപ്പം പടിയിലെ നെടുങ്ങപ്ര കനാല്‍ പാലത്തിനടുത്ത് ‘സ്‌നേഹവീട്’ തുറക്കാന്‍ ഇടയാക്കിയത്.

ഒരു റിഹാബിലിറ്റേഷന്‍ സെന്ററില്‍ സ്ഥിരമായി താമസിപ്പിച്ച് ഒരുവര്‍ഷം വരെ ശ്രദ്ധയോടെ കരുതലും സംരക്ഷണവും നല്‍കി വ്യക്തികളെ നിരീക്ഷിച്ചാല്‍ പൂര്‍ണമായും അവരെ ലഹരിയുടെ ആസക്തികളില്‍ നിന്നും മോചിപ്പിച്ചെടുക്കാനാകും. സാക്ഷ്യങ്ങള്‍ ഒട്ടനവധിയുണ്ടെങ്കിലും പ്രശസ് തനായ ഒരഭിഭാഷകന്റെ തിരിച്ചുവരവ് ജോര്‍ജച്ചന്‍ വിസ്മരിക്കുന്നില്ല. പരിശുദ്ധ പിതാവ് ആദ്യമായി ഭാരതം സന്ദര്‍ശിച്ച (ബോംബെ) അവസരത്തില്‍ യുവജന പ്രതിനിധിയായി പാപ്പായെ സന്ദര്‍ശിക്കാന്‍ അസുലഭ ഭാഗ്യം ലഭിച്ച വ്യക്തി, തന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആറോളം ജൂനിയര്‍ അഭിഭാഷകരുള്ള സീനിയര്‍ വക്കീല്‍, സമ്പന്ന കുടുംബാംഗം, സുന്ദരിയും ശാലീനയുമായ ഭാര്യ, പേരെടുത്ത കുടുംബക്കാര്‍ ഇതൊക്കെ ഈ അഭിഭാഷകന്റെ സൗഭാഗ്യങ്ങളായിരുന്നു. പക്ഷേ മദ്യപാനം ഇയാളെ ഒരു തെരുവു യാചകനു സമാനമാക്കിയപ്പോള്‍ എല്ലാ സൗഭാഗ്യങ്ങളും ഇയാളെ വിട്ടുപേക്ഷിച്ചുപോയി. ജോര്‍ജച്ചന്റെ പക്കല്‍ ഒന്നര രൂപയുമായി കടന്നു ചെന്ന ക്ഷയോന്മാഖനായ ഈ വക്കീല്‍ തന്റെ ജീവിത കഥ പങ്കുവച്ച് ജീവിക്കാന്‍ മോഹമുണ്ടെന്നറിയിച്ചു. തിരിച്ചു വരവിന്റെ ഉള്‍വിളിയുമായി ചെന്ന അയാളെക്കുറിച്ച് അയാള്‍ പറഞ്ഞതല്ലാതെ മറ്റൊന്നും ജോര്‍ജച്ചന് അറിയാമായിരുന്നില്ല. തിരിച്ചുവരവിന്റെ ആഗ്രഹത്തെ സ്വാഗതം ചെയ്ത അച്ചന്‍ ഈ അഭിഭാഷകനെ തന്റെ കരുതലിലൂടെയും ശുശ്രൂഷകളിലൂടെയും പൂര്‍വ്വസ്ഥിതിയിലേക്ക് മടക്കിക്കൊണ്ടുവന്നു. ഇന്നദ്ദേഹം ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ഒരു വിടുതല്‍ ശുശ്രൂഷകനാണ്. ഇങ്ങനെ ജീവിതം തിരിച്ചുപിടിച്ചവരും ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നവരുമായ ഒട്ടനവധിപേര്‍ സൈക്കിളച്ചന്റെ ശുശ്രൂഷാ ജീവിത ക്യാന്‍വാസില്‍ തെളിഞ്ഞുനില്‍ക്കുന്നുണ്ട്.

തന്റെ കുടുംബസ്വത്തായി നെടുങ്ങപ്രയില്‍ ജോര്‍ജച്ചനു ലഭിച്ച സ്ഥലത്താണ് സ്‌നേഹവീ ടൊരുക്കിയിട്ടുള്ളത്. മദ്യപാനം, മാനസിക രോഗം, വ്യക്തിത്വ വൈകല്യങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സ കഴിഞ്ഞവരും മരുന്നുകഴിച്ചിട്ടും വീണ്ടും തകര്‍ച്ചയിലേക്ക് പോയവര്‍ക്കും ഒരാഴ്ച മുതല്‍ ഒരു വര്‍ഷം വരെ സ്‌നേഹവീടില്‍ അഭയം നല്‍കിക്കൊണ്ടുള്ള ശുശ്രൂഷകളാണ് അച്ചന്‍ ഒരുക്കിയിട്ടുള്ളത്. പ്രാണയാമം, വിവിധ തെറപ്പികള്‍, കുടുംബ ചികിത്സ, ധ്യാനം, ലളിത ജോലികള്‍, കൗണ്‍സലിംഗ്, ബോധവല്‍ക്കരണ ക്ലാസ്സുകള്‍, ജീവിത പരിശീലനം തുടങ്ങിയ മാര്‍ഗങ്ങളാണ് സ്‌നേഹവീട്ടിലെത്തുന്ന അന്തേവാസികള്‍ക്കായി കരുതിവച്ചിട്ടുള്ളത്. താമസവും തെറപ്പികളും സൗജന്യമായാണ് ഏര്‍പ്പാടാക്കുന്നത്. സ്വയം തല്‍പരരായി ശുശ്രൂഷ ചെയ്യാനെത്തിയിട്ടുള്ള അല്മായ സഹോദരങ്ങളുടെയും നല്ല മനസ്സുള്ള വ്യക്തികളുടെയും കലവറയില്ലാത്ത സഹായങ്ങളുമാണ് സ്‌നേഹവീടിന് മുട്ടുകളൊന്നുമില്ലാതെ മുന്നേറാനാകുന്നത്. സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നവര്‍ക്ക് പറ്റിയ ജോലി കണ്ടെത്തി നല്‍കി അവര്‍ക്ക് ജീവിതമാര്‍ഗ്ഗം ഉണ്ടാക്കിക്കൊടു ക്കാനും സൈക്കിളച്ചന്‍ ശ്രദ്ധചെലുത്തുന്നുണ്ട്.

മദ്യ-ലഹരി ഉപഭോക്താക്കളും മാനസിക രോഗികളുമായവര്‍ക്കിടയില്‍ കഴിഞ്ഞ മൂന്നരപതിറ്റാ ണ്ടുകാലം ജീവിച്ചു പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്പത്തും ഇത്തരത്തിലുള്ള നാല്‍പ്പതില്‍പ്പരം കേന്ദ്രങ്ങളില്‍ താമസിച്ച് ശുശ്രൂഷകള്‍ നടത്തിയപ്പോഴുണ്ടായ അനുഭവങ്ങളുടെയും ചിന്തകളുടെയും പശ്ചാത്തലമാണ് ജോര്‍ജച്ചനെ സ്‌നേഹവീടിന്റെ രക്ഷകര്‍ത്താവാകാന്‍ പ്രചോദിപ്പിച്ചത്.

24 മണിക്കൂറും ഫോണ്‍ കൗണ്‍സിലിംഗിലൂടെ നന്മയുടെ കിരണങ്ങള്‍ വിതറാന്‍ സന്നദ്ധനാ യിരിക്കുന്ന ജോര്‍ജച്ചന് പകരം വയ്ക്കാന്‍ മറ്റൊരാള്‍ ഈ രംഗത്തുണ്ടാകാനിടയില്ല. മദ്യപന്‍മാര്‍ക്കും മാനസികരോഗികള്‍ക്കുമിടയില്‍ ഈ സൈക്കിളച്ചന്‍ ഒരു റൗണ്ട് ക്ലോക്കായി മാറുമ്പോള്‍ രക്ഷയുടെ പുതുവസന്തം വിടരുന്നത് ഒട്ടനവധിപേരിലാണ്. ഇവിടെ ജാതിയും മതവും ദേശവും ഭാഷയും അതിര്‍വരമ്പുകള്‍ തീര്‍ക്കാതെയാകുമ്പോള്‍ ജോര്‍ജ് പാറേമ്മാനച്ചന്‍ നുരയുന്ന ലഹരിക്കും തകരുന്ന ജീവിതങ്ങള്‍ക്കുംമേലെ രക്ഷയുടെ കവചമായി മാറുകയാണ്. അതുകൊണ്ടാണ് സ്‌നേഹവീടിലെ ശുശ്രൂഷകരെ അച്ചന്‍ തകരുന്നവരുടെ സഹോദരങ്ങള്‍ (Brothers for the Broken) എന്ന് പേരു ചൊല്ലിവിളിക്കുന്നത്.

ഫാ. ജോര്‍ജ് പാറേമ്മാന്‍ സിഎസ്ടി
സ്‌നേഹവീട്
നെടുങ്ങപ്ര പി. ഒ, കുറുപ്പംപടി – 683 545
മൊബൈല്‍: 94474 65414, 8593922182

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.