നന്മയുടെ പൂക്കളമൊരുക്കുന്നവര്‍ – 16

ജോസ് ക്ലെമന്റ്

ആരോഗ്യപരിപാലനത്തിനും ശാരീരിക സംരക്ഷണത്തിനുമായി കൂടുതല്‍ ശ്രദ്ധയും പണവും ചിലവാക്കുന്ന കാലഘട്ടമാണിത്. പുത്തന്‍ രോഗങ്ങളുടെ ആവിര്‍ഭാവത്തിലൂടെയും ഭക്ഷണക്രമങ്ങളുടെ താളപ്പിഴകളിലൂടെയും ആരോഗ്യം ക്ഷയിക്കുമ്പോള്‍ മരുന്നുകളേക്കാള്‍ വ്യായാമമുറകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നവരാണേറെപ്പേരും. അതാണല്ലോ നമ്മുടെ തെരുവുകള്‍ പുലര്‍കാലങ്ങളിലും സായാഹ്നങ്ങളിലും ‘നടത്തക്കാരെ’ കൊണ്ട് നിറഞ്ഞിരിക്കുന്നത്. ആരോഗ്യ സംരക്ഷണത്തിനായി ഇത്രയേറെ വ്യഗ്രത കൊള്ളുമ്പോള്‍ ആത്മീയാരോഗ്യത്തിനായി ഇത്തരത്തില്‍ എന്തെങ്കിലും വ്യായാമമുറകള്‍ നാം അനുഷ്ഠിക്കാറുണ്ടോ? ഒറ്റവാക്കില്‍ ഇല്ലായെന്ന മറുപടി മാത്രമല്ല, അത്തരത്തിലൊരു ചിന്തപോലും നമ്മുടെ ബോധതലങ്ങളില്‍ കടന്നുവന്നിട്ടുപോലുമുണ്ടാകില്ല. എന്നാല്‍ മാനസികാരോഗ്യത്തിന്റെ വില മനസിലാക്കിയിട്ടുള്ള വര്‍ഗീസ് കരിപ്പേരിയച്ചന്‍ ‘റോസറി വാക്കി’ (Rosary Walk) ലൂടെ ആരോഗ്യമുള്ള മനസുകളെ സജ്ജീകരിക്കുകയാണ്. മനസമാധാനം നഷ്ടമായാല്‍ ആരോഗ്യസംരക്ഷണത്തിനെന്തൊക്കെ ചെയ്താലും അത് ഫലപ്രദമാകില്ലായെന്നാണ് നമ്മുടെയൊക്കെ അനുഭവം. ഇവിടെയാണ് കരിപ്പേരിയച്ചന്റെ സ്പിരിച്വല്‍ എക്‌സര്‍സൈസിന് മൂല്യമേറുന്നത്. വയോജനങ്ങളെ അവരുടെ സായന്തനത്തില്‍ സംതൃപ്തരാക്കിയും അസംഘടിത തൊഴിലാളികളെ ശക്തീകരിച്ചും തെരുവോരവാസികള്‍ക്ക് സംരക്ഷകനുമായി മാറുമ്പോള്‍ വര്‍ഗീസ് കരിപ്പേരിയച്ചന്‍ ഒരു ജനതയുടെ അവധൂതനായി മാറുന്നു.

ഡിവൈന്‍ ബ്രിഡ്ജിന്റെ സാരഥി

സിസ്റ്റി (60) പ്ലസ്‌കാര്‍ ശക്തിപ്പെട്ടപ്പോള്‍ ക്രിസ് ഗോള്‍ഡ് പിറന്നു. തീരാവ്യാഥിക്കാരെ ദത്തെടുത്തപ്പോള്‍ ഡിവൈന്‍ ബ്രിഡ്ജ് യാഥാര്‍ത്ഥ്യമായി. തെരുവോരവാസികളെ സംരക്ഷിച്ചപ്പോള്‍ മദര്‍ തെരേസാ ഭവനും മിഷന്‍ ചൈതന്യം സന്നിവേശിപ്പിച്ചപ്പോള്‍ സ്പിരിച്വല്‍ ഹൈവേയും ഡ്രൈവേഴ്‌സ് അണിചേര്‍ന്നപ്പോള്‍ സാരഥിയും യാഥാര്‍ത്ഥ്യമായി. ഇതിന്റെയൊക്കെ ഗോഡ്ഫാദര്‍ ഒരു വികാരിയച്ചനാകുമ്പോള്‍ മനസില്‍ അമ്പരപ്പുളവാകുന്നു. ശ്രോതാക്കളേയും കാഴ്ചക്കാരേയും അമ്പരിപ്പിക്കുന്ന വര്‍ഗീസ് കരിപ്പേരിയച്ചന്‍ ഭൂമിയില്‍ സ്വര്‍ഗം പണിയുന്ന വൈദിക ശ്രേഷ്ഠനാണ്.

തൃശൂര്‍ ജില്ലയിലെ കുര്യച്ചിറ നിവാസികള്‍ക്ക് 2016 സെപ്തംബര്‍ നാല് പുത്തന്‍കാഴ്ചയുടെ ദിനമായിരുന്നു. ജില്ലയിലെ തെരുവീഥികളിലൂടെ പതിവില്ലാത്തവിധം 48 കാറുകള്‍ ചീറിപ്പാഞ്ഞത് നഗരവാസികളില്‍ കൗതുകവും അമ്പരപ്പും ഉളവാക്കി. തെരുവോരങ്ങളില്‍ കണ്ടെത്തിയ യാചകരെയും അലഞ്ഞുതിരിഞ്ഞു നടന്നവരെയുമൊക്കെ ഈ കാറുകളില്‍ കയറ്റി കുര്യച്ചിറ സെന്റ് ജോസഫ്‌സ് പള്ളിയിലെത്തിച്ചു. ഇങ്ങനെ എത്തിച്ചവരെ എണ്ണിതിട്ടപ്പെടുത്തിയപ്പോള്‍ 450 ഭിക്ഷാടകര്‍. ഇവരെയൊക്കെ ഭിക്ഷാടനം നടത്തിയതിന് ശിക്ഷാനടപടികളുടെ ഭാഗമായി കൊണ്ടുവന്നതല്ല; ചുംബനമേകി സ്വീകരിക്കാനായിരുന്നു. എല്ലാ യാചകരെയും മാലയിട്ട് മുത്തം നല്‍കി വരവേറ്റു. സ്വീകരിച്ചവരിലും സ്വീകരിക്കപ്പെട്ടവരിലും പുത്തനനുഭവമായിരുന്നു അത്. ഇവരെ ഓരോരുത്തരേയും ഇടവകാംഗങ്ങള്‍ ഓരോരുത്തര്‍ തങ്ങളുടെ വീടുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. മുടിവെട്ടി ഷേവ് ചെയ്ത്, കുളിപ്പിച്ച് പുത്തന്‍ വസ്ത്രങ്ങളണിയിച്ച് തിരിച്ചു പള്ളിയിലെത്തിച്ചപ്പോള്‍ യാചകരും അനാഥരുമൊക്കെ അതിഥികളും സനാഥരുമായി. ഇടവകമക്കള്‍ക്കൊപ്പം ഈ തെരുവോരവാസികളെ ഇരുത്തി സമൃദ്ധമായ വിരുന്നു നല്‍കിയപ്പോള്‍ ഇതെല്ലാം സ്വപ്നമാണോയെന്ന മുഖഭാവമായിരുന്നവര്‍ക്ക്. ഇവിടെയും കാര്യങ്ങള്‍ പര്യവസാനിച്ചില്ല. വിശപ്പ് മാറി സംതൃപ്തരായ തെരുവുമക്കളെ തിരിച്ചുകൊണ്ടുപോയപ്പോള്‍ ഗിഫ്റ്റായി 200 രൂപ വീതം കരുതലായി നല്‍കാനും മറന്നില്ല.

ഇതൊരംഗീകാരമായി ഉള്‍ക്കൊണ്ട ഇവരില്‍ പലരും പിറ്റേ പ്രഭാതം മുതല്‍ തെരുവോരങ്ങളിലെ യാചകരായി പ്രത്യക്ഷപ്പെട്ടില്ല. ഓരോരോ ജോലികള്‍ കണ്ടെത്തി ജീവിതത്തിനു പുതിയൊരു കാഴ്ചപ്പാടുണ്ടാക്കി. വൃദ്ധരായവര്‍ വൃദ്ധസദനങ്ങളിലേക്ക് ചേക്കേറിയപ്പോള്‍ വീടുവിട്ടിറങ്ങിയവര്‍ സ്വരചേര്‍ച്ചകളൊക്കെ മറന്ന് സ്വഭവനങ്ങളിലേക്ക് മടങ്ങി. സ്‌നേഹത്തിന്റെയും കരുതലിന്റെയും അംഗീകാരത്തിന്റെയും സുഖമനുഭവിച്ചപ്പോള്‍ തെരുവുപേക്ഷിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ഇതിന്റെ തുടര്‍പ്രക്രിയയായി കരിപ്പേരിയച്ചന്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിയ സംരക്ഷണാലയമാണ് ‘മദര്‍ തെരേസ ഹോം.’

താല്‍ക്കാലികമായി ഒരു വീട് വാടകയ്ക്ക് എടുത്താണ് മദര്‍ തെരേസ ഹോം പ്രവര്‍ത്തനമാരംഭിച്ചത്. നിത്യവും നാലോ അഞ്ചോ പേരെ തെരുവില്‍ നിന്നും കണ്ടെത്തി ഇവിടെ കൊണ്ടുവന്ന് കുളിപ്പിച്ച് പുതിയ വസ്ത്രങ്ങള്‍ ധരിപ്പിച്ച് ഭക്ഷണം നല്‍കി ഇവരോടൊത്ത് ഒരു പൂര്‍ണ്ണദിനം ചിലവഴിക്കുന്ന രീതിയാണ് മദര്‍ തെരേസ ഹോമില്‍ നടപ്പിലാക്കിയിരിക്കുന്നത്. കുര്യച്ചിറ ഇടവകയുടെ സഹകരണത്തോടെ തൊഴിലാളി ഗ്രൂപ്പായ ശാന്തി സമാജ് ആണ് ഇതിന് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നത്. ഒരാശ്രയവുമില്ലാത്ത തെരുവുമക്കളെ കാലതാമസം കൂടാതെ പുനരധിവസിപ്പിക്കാനുള്ള നടപടികളാവിഷ്‌ക്കരിക്കുകയാണ് കരിപ്പേരിയച്ചന്റെ ലക്ഷ്യം.

മകനായാലും മകളായാലും ഒരാള്‍ പോലും തെരുവിലലയുന്നവരായിട്ടുണ്ടാകരുതെന്ന കാഴ്ചപ്പാടാണ് കരിപ്പേരിയച്ചന്റേത്. അച്ചന്റെ തത്വശാസ്ത്രവും അതുതന്നെയാണ്. ‘കാഴ്ചപ്പാട് മാറിയാല്‍ കഷ്ടപ്പാട് മാറും.’ നമ്മുടെ കാഴ്ചപ്പാടുകള്‍ക്ക് മാറ്റമുണ്ടാകണം. അപ്പോള്‍ തെരുവുമക്കളുടെ കഷ്ടപ്പാടിന് ശാന്തിയുണ്ടാകും. കാരുണ്യത്തോടെ തെരുവു മക്കളെ സ്വീകരിക്കുക എന്നൊരു ശൈലി അച്ചന്‍ തൃശൂര്‍ അതിരൂപതയിലൊട്ടാകെ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുകയാണ്. ഈ മാതൃക കേരളത്തിലെ മറ്റിതര രൂപതകളിലും വ്യാപകമാക്കണമെന്നതാണ് കരിപ്പേരിയച്ചന്റെ സ്വപ്നം.

വിശുദ്ധ മദര്‍ തെരേസായുടെ തിരുനാള്‍ ദിനത്തില്‍ ഈ വര്‍ഷം മദര്‍ തെരേസ ഫെസ്റ്റ് സംഘടിപ്പിക്കുകയുണ്ടായി. വൃക്കരോഗികളായി ഡയാലിസിസിന് വിധേയരായിരിക്കുന്നവര്‍, കാന്‍സര്‍ രോഗികള്‍, ഹൃദയസംബന്ധമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ തുടങ്ങിയ 500 രോഗികളെയാണ് ഈ ഫെസ്റ്റില്‍ പങ്കെടുപ്പിച്ചത്. ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ സാന്നിധ്യത്തില്‍ മദര്‍ തെരേസയുടെ സന്യാസ വസ്ത്രമണിഞ്ഞ കുട്ടികള്‍ 2000 രൂപ വീതം എത്തിച്ചേര്‍ന്ന ഓരോ രോഗികള്‍ക്കും ചികിത്സാ ചെലവായി നല്‍കി. ഇതില്‍ നിന്നും ഏറ്റവും അര്‍ഹരായ 35 രോഗികളെ കണ്ടെത്തി കരിപ്പേരിയച്ചന്‍ ‘ഡിവൈന്‍ ബ്രിഡ്ജിന്’ രൂപം നല്‍കി. വിശുദ്ധമായ ഒരുപാലം തീര്‍ത്ത് അതില്‍ കൈവിരിയാക്കിയിരിക്കുന്ന ഈ രോഗികള്‍ക്ക് പ്രതിമാസം മുടക്കമില്ലാതെ 1000 രൂപ വീതം നല്‍കാന്‍ തക്കവിധം ഇടവകാംശങ്ങള്‍ ഓരോരുത്തരായി ഇവരെ ദത്തെടുത്തിരിക്കുകയാണ്. ഇത് 50 രോഗികള്‍ എന്ന സംഖ്യയിലേയ്ക്കുയര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

വയോജനങ്ങള്‍ ക്രിയാത്മകരല്ലാതാകുമ്പോഴാണ് വാര്‍ധക്യത്തിന്റെ അവശതകള്‍ അവരെ ഗ്രസിക്കുന്നത്. മുതിര്‍ന്ന പൗരന്മാരെ കര്‍മോത്സുകരാക്കുക എന്ന ദര്‍ശനവുമായി 2015-ല്‍ അമേരിക്കയിലെ മലയാളികള്‍ക്കിടയില്‍ കരിപ്പേരിയച്ചന്‍ ആവിഷ്‌ക്കരിച്ച ‘ക്രിസ് ഗോള്‍ഡ് പദ്ധതി’ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലും ഇതാരംഭിക്കാന്‍ അച്ചനെ പ്രേരിപ്പിച്ചത്. 2016-ലെ വിഷുക്കൈനീട്ടമെന്ന പോലെ ഏപ്രില്‍ 14-ന് കുര്യച്ചിറയിലെ വയോധികരെ സംഘടിപ്പിച്ച് ക്രിസ് ഗോള്‍ഡിന് രൂപം നല്‍കി. ജീവിത സായന്തനം സുഖകരവും ആനന്ദപ്രദവുമാക്കി ഒരു സുവര്‍ണ്ണാസ്തമനത്തിന് അവരുടെ ജീവിതത്തെ ഒരുക്കുകയെന്നതാണ് അച്ചന്‍ വിഭാവന ചെയ്തത്. അതിനായി അവരുടെ ശാരീരിക-മാനസിക അസ്വസ്ഥതകളെ ഉന്മൂലനം ചെയ്യുന്നതിനായി സ്പിരിച്വല്‍ എക്‌സര്‍സൈസുവരെ പ്രായോഗിക തലത്തിലാക്കി. അതിനായി ഇരട്ട ഗുണം പ്രദാനം ചെയ്യുന്ന ‘റോസറി വാക്കി’ന് അച്ചന്‍ തുടക്കം കുറിച്ചു. അതായത് ജപമാലയര്‍പ്പിച്ചുകൊണ്ടുള്ള നടത്തം. ഇത് ശാരീരിക-ആത്മീയ നിര്‍വൃതി പ്രദാനം ചെയ്യുന്നതാണ്. ഇത്തരക്കാര്‍ക്കായി പകല്‍വീടുകളും അണിയിച്ചൊരുക്കി. പകല്‍വീടുകളിലെ സംഗമം ഇവരുടെ സര്‍ഗശേഷികളെ ക്രിയാത്മകമാക്കുന്നതിനു യോജിച്ചതായിരുന്നു.

തന്റെ അജപാലന പരിധിയില്‍ ഉള്‍പ്പെട്ടവരെങ്കിലും എല്ലാവരും മെഡിക്ലെയിമുള്ളവരായിരിക്കണമെന്ന് കരിപ്പേരിയച്ചന് നിര്‍ബന്ധമായിരുന്നു. അതിന്‍പ്രകാരം കുര്യച്ചിറ ഇടവകയെ സമ്പൂര്‍ണ്ണ മെഡിക്ലെയിം പദ്ധതിയുടെ ഭാഗഭാക്കാക്കി. 500 പേര്‍ക്ക് ഇതില്‍ അംഗത്വം നല്‍കി. അമേരിക്കയിലെ ക്രിസ് ഗോള്‍ഡ് ഗ്രൂപ്പുമായി എല്ലാ വ്യാഴാഴ്ചകളിലും കരിപ്പേരിയച്ചന്‍ ടെലികോണ്‍ഫ്രന്‍സിലൂടെ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്.

മിഷന്‍ ചൈതന്യം ജനങ്ങളില്‍ രൂഢമൂലമാക്കുക എന്ന ലക്ഷ്യവുമായി കരിപ്പേരിയച്ചന്‍ തുടക്കം കുറിച്ചിരിക്കുന്ന നൂതന പദ്ധതിയാണ് ‘കുര്യച്ചിറ കാസി പള്ളി സ്പിരിച്വല്‍ ഹൈവേ.’ അദിലാബാദ് രൂപതയിലെ കാസിക സെന്റ് ജോസഫ് മിഷന്‍ സെന്റര്‍ കുര്യച്ചിറ ഇടവക ദത്തെടുത്തുകൊണ്ടാണ് ഒരാധ്യാത്മിക ഹൈവേയ്ക്ക് രൂപം നല്‍കിയിട്ടുള്ളത്. കാസിയില്‍ ഒരു പള്ളി പണിത അവിടുത്തെ വിശ്വാസികളുടെ സമഗ്ര ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യം വച്ചിട്ടുള്ളത്. പള്ളി പണി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് ഇവിടെ നിന്നും വിശ്വാസികള്‍ അവിടെയെത്തി പ്രാര്‍ത്ഥനകളും സഹായങ്ങളും നല്‍കാനാരംഭിച്ചിട്ടുണ്ട്.

രാഷ്ട്രീയ സംഘടനകളും യൂണിയനുകളും ഒഴിവാക്കിയാല്‍ ഡ്രൈവേഴ്‌സിനായി കൂട്ടായ്മകളൊന്നും ഇല്ലാതിരിക്കേയാണ് മാര്‍ തോമസ് ചാക്യത്തിന്റെ നിര്‍ദ്ദേശാനുസരണം വര്‍ഗീസ് കരിപ്പേരിയച്ചന്‍ ‘സാരഥി’ എന്ന സംഘടനയ്ക്ക് രൂപം നല്‍കുന്നത്. വിജയത്തിന്റെ വളയം പിടിക്കുക എന്ന ലക്ഷ്യത്തോടെ 2000 മാര്‍ച്ച് 11-നാണ് പുതിയൊരു സൗഹൃദസംഘമായി സാരഥി പിറവി കൊള്ളുന്നത്.

സമൂഹത്തില്‍ അവഗണിക്കപ്പെട്ട ഡ്രൈവര്‍മാര്‍ക്ക് അവരുടെ മാനസികവും ശാരീരികവുമായ പിരിമുറുക്കങ്ങളിലും സംഘര്‍ഷങ്ങളില്‍ നിന്നുമെല്ലാം ആശ്വാസവും സമാധാനവും ലഭ്യമാക്കുകയെന്നതായിരുന്നു സാരഥിയുടെ പ്രഖ്യാപിത നയം. പേരുപോലെ എല്ലാവര്‍ക്കും ഒരു കൂട്ടായി, തുണയായി കൂടെയുണ്ടാകുക എന്നതാണ് സാരഥിയുടെ ലക്ഷ്യം. ഇതൊരു കരുതല്‍ ശക്തിയായിട്ടാണ് ഡ്രൈവര്‍മാര്‍ക്കനുഭവവേദ്യമായത്. ആത്മീയ നവോത്ഥാനത്തോടൊപ്പം ഭൗതികമായ ഉന്നമനത്തിനും സാരഥി ശ്രദ്ധ പതിപ്പിച്ചു. ഡ്രൈവര്‍മാരുടെ ഇന്‍ഷ്വറന്‍സ്, ക്ഷേമനിധി തുടങ്ങിയ സമാശ്വാസ പദ്ധതികളിലൂടെ ഇവരുടെ എല്ലാവിധ ക്ഷേമപ്രവര്‍ത്തനങ്ങളിലും സാരഥി മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചു.

ടാക്‌സി-ഓട്ടോ മേഖലകളിലെ ഡ്രൈവര്‍മാരുടെ അവകാശങ്ങള്‍ നേടിയെടുക്കുകയും അവ സംരക്ഷിക്കുകയും ചെയ്യുക എന്നതുമാത്രമായിരുന്നില്ല സാരഥി മുന്നില്‍ കണ്ടത്. ഇവരുടെ കടമകളെ പൂര്‍ണ്ണമായി വിനിയോഗിക്കുന്നതില്‍ ബോധവാന്മാരാകുക എന്ന ഉന്നത ആദര്‍ശവും ഉണ്ടായിരുന്നു. തൊഴില്‍-സേവന സംതൃപ്തി തത്വമാണ് ഇവിടെ പരീക്ഷിക്കുന്നത്. അത് പൂര്‍ണ്ണ വിജയമായിരുന്നു. ഇപ്പോള്‍ അഖില കേരളാടിസ്ഥാനത്തില്‍ പതിനയ്യായിരത്തില്‍പ്പരം ഡ്രൈവര്‍മാര്‍ സാരഥിയുടെ മക്കളാണ്. ഡ്രൈവര്‍മാര്‍ സാമൂഹിക പ്രതിബദ്ധതയുള്ളവരും പരോപകാരികളുമാണെന്ന സദ്വാര്‍ത്ത വിളംബരം ചെയ്യാന്‍ സാരഥിയിലൂടെ കഴിയുന്നുണ്ട്. ഇതിന്‍ പ്രകാരം ചാലക്കുടിയിലെ ഡ്രൈവര്‍മാര്‍ തങ്ങളുടെ വരുമാനത്തിന്റെ 10 ശതമാനം ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കുകയാണിപ്പോള്‍ സാരഥി ഇപ്പോള്‍ കെ.സി.ബി.സി.യുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു.

ഫാ. വര്‍ഗീസ് കരിപ്പേരി
വികാരി, സെന്റ് ജോസഫ്‌സ് ചര്‍ച്ച്
കുര്യച്ചിറ, തൃശൂര്‍
മൊബൈല്‍ – 9447269995

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.