നന്മയുടെ പൂക്കളമൊരുക്കുന്നവര്‍ – 15

ജോസ് ക്ലെമന്റ്

കച്ചവടം കപടമാണെങ്കിലും കച്ചവടക്കാരെല്ലാം കാപട്യമുള്ളവര്‍ ആകണമെന്നില്ല. ലോട്ടറി കച്ചവടക്കാരന്‍ ഭാഗ്യം സ്വന്തമാക്കാനല്ല, ഭാഗ്യം വില്‍ക്കാനാണ് ശ്രമിക്കുന്നത്. ബിസിനസുകാരനും ഭാഗ്യം വില്‍പനക്കാരനും പരസ്‌നേഹത്തിന്റെ തത്വശാസ്ത്രമോ ദൈവശാസ്ത്രമോ അറിയണമെന്നില്ല. അവര്‍ക്ക് മുഖ്യം വില്‍പനശാസ്ത്രമാണ്. ഇവിടെ കരുണയും കാരുണ്യവും പ്രതിബദ്ധതയുമൊക്കെ കടന്നുവരണമെന്നില്ല. പക്ഷേ ബ്രദര്‍ സ്റ്റീഫന്‍ മാങ്കുഴിയിലിന് ബിസിനസിലും ഭാഗ്യവില്‍പനയിലും മുഖ്യമായിട്ടുള്ളത് കരുണയും പ്രതിബദ്ധതയും തന്നെയായിരുന്നു. കാരണം, കരുണ വറ്റാത്ത ഒരു ജീവകാരുണ്യ ശുശ്രൂഷകനാണ് സ്റ്റീഫന്‍ ബ്രദര്‍. ഭാഗ്യം വിറ്റുനടന്നവന്‍ ശുശ്രൂഷകന്റെ മേലങ്കി ധരിച്ചപ്പോള്‍ 700 മക്കളുടെ പിതാവായി. നാം രണ്ട് നമുക്ക് രണ്ട് എന്ന ചിന്തയില്‍ നിന്നും നാം ഒന്ന് നമുക്ക് ഒന്ന് എന്ന മോഡേണ്‍ ചിന്തയിലെത്തിയിട്ടും മാതാപിതാക്കള്‍ക്ക് ഈ ‘ഒന്ന്’ ബാധ്യതയായാണ് ചിത്രീകരിക്കപ്പെടുന്നത്. ഈ വിചിത്രലോകത്താണ് 700 പേരുടെ വളര്‍ത്തച്ഛനായ മാങ്കുഴിയില്‍ സ്റ്റീഫന്‍ വീണ്ടും മക്കളെ തേടിയലയുന്നത്.

ഭാഗ്യവില്പനക്കാരന്റെ സ്‌നേഹക്കൂട്

രണ്ടുമക്കളുള്ള ഭാഗ്യാന്വേഷി നിര്‍ഭാഗ്യരെത്തേടി തെരുവിലെത്തിയപ്പോള്‍ ഭാഗ്യവാന്മാരായത് പതിനായിരത്തോളം പേര്‍. മക്കളായി സ്വന്തമായവര്‍ 700 പേര്‍. കണ്ണൂര്‍ ജില്ലയിലെ ആലഞ്ചേരിയില്‍ ടെക്‌സ്റ്റൈല്‍ ഷോപ്പുടമയായിരുന്ന മാങ്കുഴിയില്‍ സ്റ്റീഫന് ലോട്ടറി കച്ചവടവും ഉണ്ടായിരുന്നു. ഒരു ബിസിനസുകാരനെന്നതിലുപരി ഒരു മനുഷ്യസ്‌നേഹികൂടിയായിരുന്നു ഈ ഭാഗ്യവില്‍പ്പനക്കാരന്‍. കാരണം, ഒഴിവുസമയങ്ങള്‍ ലഭിക്കുമ്പോഴൊക്കെ സ്റ്റീഫന്‍ അനാഥാലയങ്ങളും വൃദ്ധസദനങ്ങളുമൊക്കെ സന്ദര്‍ശിക്കുക പതിവായിരുന്നു. ലോട്ടറി ബിസിനസില്‍ നിന്നും ലഭിക്കുന്ന ലാഭം ഇവര്‍ക്കായി വിനിയോഗിക്കാനും ശ്രദ്ധിച്ചിരുന്നു. എന്നാല്‍ പരസ്‌നേഹ പ്രവര്‍ത്തനങ്ങളുടെ പുത്തന്‍പാതയിലേക്കുള്ള വഴിത്തിരിവുണ്ടായ ദിനമാണ് 1993 ഡിസംബര്‍ 5!. ജീവിതനിയോഗത്തിന്റെ വിളി ശ്രവിച്ച ദിവസമായിരുന്നത്.

ശരീരത്തിന്റെ ഒരു ഭാഗം പൂര്‍ണമായും തളര്‍ന്ന് അവശനിലയില്‍ തലശ്ശേരി ബസ്സ്റ്റാന്റില്‍ കിടന്നിരുന്ന ബഞ്ചമിന്‍ ഫ്രാങ്ക്‌ളിനെ കാണാനിടയായത് ഡിസംബര്‍ 5-നായിരുന്നു. ആ മനുഷ്യനെക്കുറിച്ച് തിരക്കിയപ്പോള്‍ അയാളൊരു അനാഥനാണെന്ന് ബോധ്യമായി. അയാളെ അവിടെ ഉപേക്ഷിച്ചുപോരാന്‍ വയ്യാത്തവിധം സ്റ്റീഫനില്‍ ഒരുള്‍വിളിയുണ്ടായി. രണ്ടാമതൊന്നാലോചിക്കാതെ സ്റ്റീഫന്‍ ബഞ്ചമിനെ സ്വന്തം വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു വന്നു. പാതി ചലനശേഷി മാത്രമുണ്ടായിരുന്ന അയാളുടെ സംരക്ഷണം സ്റ്റീഫനേറ്റെടുത്തത് ബധ്യതയായല്ല ഒരു ഭാഗ്യമായാണ് ഈ ഭാഗ്യവില്‍പ്പനക്കാരന്‍ ഉള്‍ക്കൊണ്ടത്. അതുകൊണ്ടാണ് ബഞ്ചമിന്‍ ഫ്രാങ്ക്‌ളിനു പിന്നാലെ അനാഥരായ മൂന്നുപേര്‍ കൂടി ഭാഗ്യഭവനം തേടിയെത്തിയത്. അവര്‍ക്കും സ്റ്റീഫന്‍ അഭയമേകിയപ്പോള്‍ തന്റെ ഭവനത്തില്‍ അസൗകര്യങ്ങളായി. ഇതറിഞ്ഞ അറയങ്ങാട് അസംപ്ഷന്‍ പള്ളിവികാരി പള്ളിയുടെ പഴയ കെട്ടിടം ഇത്തരക്കാര്‍ക്ക് സംരക്ഷണമേകുന്നതിനായി സ്റ്റീഫന് വിട്ടുനല്‍കി. ഇവിടേക്ക് അനാഥരും വൃദ്ധരും മാനസികരോഗികളുമായ എണ്ണമറ്റപേര്‍ ചേക്കേറിയപ്പോള്‍ അതൊരു സ്‌നേഹക്കൂടായി മാറുകയായിരുന്നു.

1991-ല്‍ തൊണ്ടിപ്പള്ളിയില്‍ നടന്ന ജോര്‍ജ് പനക്കലച്ചന്റെ ധ്യാനശുശ്രൂഷകളില്‍ പങ്കെടുത്തു കൊണ്ടിരിക്കേയാണ് സ്റ്റീഫന് പുതിയ തിരിച്ചറിവുകളുണ്ടാകുന്നത്. ബിസിനസല്ല ശുശ്രൂഷാദൗത്യമാണ് തന്റെ നിയോഗമെന്ന ബോധ്യം ഈ ഭാഗ്യാന്വേഷിക്കുണ്ടാകുന്നത്. കനത്ത മഴയുള്ള ഒരു രാത്രിയില്‍ അപസ്മാര രോഗബാധിതനായ ഒരാളെ ആശുപത്രിയിലാക്കി സ്റ്റീഫന്‍ മടങ്ങവേയാണ് ദാരുണമായ ആ കാഴ്ച ദൃഷ്ടിയില്‍പ്പെടുന്നത്. കാറ്റിലും മഴയിലുംപെട്ട് തന്റെ ടെക്‌സ്റ്റൈല്‍ ഷോപ്പ് നിലംപൊത്തിയിരിക്കുന്നു. ഈ വാര്‍ത്ത സ്റ്റീഫനെ ആദ്യം വേദനിപ്പിച്ചെങ്കിലും പിന്നീട് സ്റ്റീഫന്‍ സന്തോഷിച്ചു. കാരണം, തന്റെ മേഖല കച്ചവടമല്ല, ശുശ്രൂഷയാണെന്ന ബോധ്യം ദൈവം നല്‍കിയതിന്റെ അടയാളമാണതെന്ന് ഉറച്ചുവിശ്വസിച്ചു.

ഇതോടെ മുഴുവന്‍ സമയ ശുശ്രൂഷകനായി സ്റ്റീഫന്‍ മാറി. തന്റെ സ്‌നേഹക്കൂട് വിപുലീകരിക്കേണ്ടി വന്നു. ആശ്രയം തേടി ബ്രദര്‍ സ്റ്റീഫനെ സമീപിച്ചവരുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരുന്നപ്പോള്‍ ഒരു സ്‌നേഹഭവനം തുറക്കപ്പെടുകയായി. ഇന്നിപ്പോള്‍ അനാഥരും തെരുവോരവാസികളും മനോരോഗികളുമായ 280 പേര്‍ സ്‌നേഹഭവന്റെ മക്കളാണ്. ഇതില്‍ 110 പേര്‍ സ്ത്രീകളാണ്. ബ്രദര്‍ സ്റ്റീഫന്റെ ശുശ്രൂഷാ ദൗത്യം കാല്‍നൂറ്റാണ്ടോടടുക്കുമ്പോള്‍ സ്‌നേഹഭവനില്‍ പതിനായിരങ്ങളുടെ വാര്‍ധക്യപുരാണമാണ് മാറ്റൊലിക്കൊണ്ടത്. ഇതില്‍ നാലായിരത്തിലധികം പേരെ പൂര്‍ണ്ണ സൗഖ്യമുള്ളവരാക്കി ഉത്തരവാദിത്വപ്പെട്ടവരെ കണ്ടെത്തി ഏല്‍പ്പിക്കാനായിട്ടുണ്ട്. ആയിരത്തിലധികം പേര്‍ നിത്യ സൗഭാഗ്യത്തിലേക്കും കരേറിയിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹഭവന് പുറമേ കൂടപ്പുഴ, എടൂര്‍, ചരള്‍, കൂത്തുപ്പറമ്പ്, കോഴിക്കോട് ചാത്തന്‍കോട്ട് നട, ഇടുക്കി മുരിക്കാശ്ശേരി എന്നിവിടങ്ങളിലും കര്‍ണാടകയിലെ ഹെഗ്‌ളിയിലും ഡല്‍ഹിയിലെ സൂര്യാകുഞ്ചിലും സ്‌നേഹഭവന്റെ ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലും പുറത്തുമായി പത്തോളം സ്‌നേഹഭവനുകളിലായി ബ്രദര്‍ സ്റ്റീഫന് ഇന്ന് 700 മക്കളാണുള്ളത്. ഇതില്‍ എടൂരില്‍ പെണ്‍കുട്ടികള്‍ മാത്രവും ചാത്തന്‍കോട്ടില്‍ ആണ്‍കുട്ടികള്‍ മാത്രവുമാണുള്ളത്. ഇവരൊക്കെ വിദ്യാര്‍ത്ഥികളാണ്. സ്‌കൂള്‍ തലത്തിലും പ്ലസ് ടു തലത്തിലും നഴ്‌സിംഗ് വിഭാഗത്തിലുമൊക്കെയായി ഈ വിദ്യാര്‍ത്ഥികള്‍ അധ്യയനം നടത്തുന്നു. ഇവരുടെയൊക്കെ വല്യച്ഛനായി സ്റ്റീഫന്‍ ബ്രദര്‍ പിതൃസ്‌നേഹത്തോടെ ഈ മക്കളെയൊക്കെ പോറ്റി വളര്‍ത്തുകയാണ്.

കേരളത്തിലെ തെരുവോരവാസികള്‍ മാത്രമല്ല, ഭാരതത്തിലെ ഇതരസംസ്ഥാനങ്ങളിലെ അന്യഭാഷാക്കാരും നേപ്പാളിലെ അഗതികളും വരെ സ്‌നേഹഭവന്റെ തണലില്‍ സാന്ത്വനം അനുഭവിക്കുന്നവരായിട്ടുണ്ട്. ജാതിമതങ്ങളുടെയും ഭാഷാ-സംസ്‌കാരങ്ങളുടെയും വേലിക്കെട്ടുകളില്ലാത്ത സഹോദരങ്ങളെ പരിചരിച്ച് സ്‌നേഹവും കരുതലും നല്‍കുന്നതിനായി സഭയുടെ പ്രഥമ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫന്റെ നാമധേയത്തില്‍ ഒരു സന്യാസസമൂഹത്തെ പൂര്‍ണ്ണമായ ശുശ്രൂഷയ്ക്കായി രൂപപ്പെടുത്തിയെടുക്കുന്നതിനുള്ള പരിശ്രമത്തിലാണ് ബ്രദര്‍ മാങ്കുഴി സ്റ്റീഫനിപ്പോള്‍. ഔദ്യോഗികാംഗീകാരം ലഭിച്ചിട്ടില്ലെങ്കിലും ത്യാഗസമര്‍പ്പണത്തോടെ പൂര്‍ണസമയ സേവനത്തിനായി ഇപ്പോള്‍ നാല് സഹോദരിമാര്‍ ശുശ്രൂഷകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. മിഷണറി കോണ്‍ഗ്രിഗേഷന്‍ ഓഫ് സെന്റ് സ്റ്റീഫന്‍ (എം.സി.സി.എസ്.) എന്ന പേരില്‍ ഒരു സഭാകൂട്ടായ്മ സമീപഭാവിയില്‍ നിലവില്‍ വരും.

ഭാര്യ : ഡെയ്‌സി. മക്കള്‍ : ലിറ്റി, ലിജോ

ബ്രദര്‍ സ്റ്റീഫന്‍ മാങ്കുഴിയില്‍
സെന്റ് സ്റ്റീഫന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്
അറയങ്ങാട്, കണ്ണൂര്‍
മൊബൈല്‍ : 9847632507

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.