നന്മയുടെ പൂക്കളമൊരുക്കുന്നവര്‍ – 12

ജോസ് ക്ലെമന്റ്

ലോകം അതിവേഗം വളരുകയും അതോടൊപ്പം കൈക്കുമ്പിളിലേക്ക് ചുരുങ്ങുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഫാസ്റ്റ് ട്രാക്ക് യുഗത്തിലാണ് നാമിന്ന് ജീവിക്കുക. പക്ഷേ ഇവിടെ മനുഷ്യമനസ്സുകള്‍ വളരുന്നില്ല; എന്നാല്‍ ചുരുങ്ങുന്നുണ്ട്; അവരവരിലേക്ക് മാത്രമായി. തന്റേതുമാത്രമായ ലോകത്തില്‍, സമൂഹത്തില്‍, കുടുംബത്തില്‍ കഴിയുന്നവരാണ് ഭൂരിഭാഗം പേരും. അപരിലേക്ക് നോക്കാനോ അവരുടെ ഇല്ലായ്മയിലും വല്ലായ്മയിലും ഒരു സഹതാപത്തിന്റെ നോട്ടം പോലും നല്‍കാനാകാതെ സ്വയം ഉള്‍വലിഞ്ഞുപോകുന്ന കാഴ്ച പരക്കേ കാണാം. എന്നാല്‍ മരുഭൂമികളില്‍ മരുപ്പച്ചകള്‍ പൂര്‍ണ്ണമായും അന്യമായിട്ടില്ലായെന്ന സത്യം വെളിപ്പെടുത്തുന്ന കുറേയേറെ മനുഷ്യമരുപ്പച്ചകള്‍ ഇപ്പോഴും ഇവിടെ അവശേഷിക്കുന്നുണ്ട്. സ്വയം മറന്ന് മറ്റുള്ളവര്‍ക്കായി ജീവിക്കുന്നവര്‍. മാറാരോഗികളിലും മനോരോഗികളിലും വ്രണിത ബാധിതരിലേക്കുമൊക്കെ ഇവരുടെ കണ്ണും കാതും മനസ്സും കരങ്ങളും എത്തിപ്പെടുമ്പോള്‍ ജീവിതത്തിന്റെ പച്ചത്തുരുത്ത് കണ്ടെത്തുന്നവര്‍ ഒത്തിരിയുണ്ട്. ഇത്തരത്തില്‍ പരോപകാരത്തിന്റെ പച്ചത്തുരുത്തും ആള്‍രൂപങ്ങളാണ് കണ്ണൂര്‍ പേരാവൂരിലെ കൃപാലയവും സന്തോഷും നിര്‍മല ടീച്ചറും.

കൃപാലയത്തിലെ കാരുണ്യപ്രവാഹം

തലശ്ശേരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു രോഗിയെ ശുശ്രൂഷിക്കാന്‍ ആരും എത്തിനോക്കുന്നില്ലെന്നറിഞ്ഞപ്പോള്‍ അയാളെ ഒന്നു സന്ദര്‍ശിക്കാനാണ് 2006-ല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ സന്തോഷ് എത്തുന്നത്. മനുഷ്യക്കോലമെന്നുപോലും വിശേഷിപ്പിക്കാനാകാത്ത ഒരു വികൃതരൂപമുള്ള മനുഷ്യന്‍. ശരീരത്തിലാകെ വ്രണങ്ങള്‍. സൂക്ഷിച്ചുനോക്കിയപ്പോള്‍ വ്രണങ്ങളിലൂടെ പുഴുക്കള്‍ നുളക്കുന്നു. ആശുപത്രി അധികൃതരോട് ഇയാളെക്കുറിച്ചു ചോദിച്ചപ്പോള്‍ പേര് കുഞ്ഞമ്പു എന്നാണെന്നും ആരും ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും അറിയിച്ചു. സന്തോഷ് അയാളെ സമീപിച്ച് വ്രണങ്ങളൊക്കെ വൃത്തിയാക്കാന്‍ തുടങ്ങി. അപ്പോഴാണ് പുഴുക്കളുടെ വലിയ വ്യൂഹത്തെ കണ്ട് സന്തോഷ് ഞെട്ടിയത്. ക്ഷമാപൂര്‍വ്വം സന്തോഷ് കുഞ്ഞമ്പുവിന്റെ വ്രണങ്ങളില്‍ നിന്നെടുത്തത് 900 പുഴുക്കളെയാണ്. അയാളെ ആശുപത്രിയില്‍ ഉപേക്ഷിക്കാന്‍ സന്തോഷിന്റെ മനസ്സ് അനുവദിച്ചില്ല. അധികൃതരുടെ അനുവാദത്തോടെ കുഞ്ഞമ്പുവിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. പേരാവൂരിലെ കൃപാഭവനില്‍ കുഞ്ഞമ്പു എത്തിയപ്പോള്‍ കൃപാവരങ്ങള്‍ പ്രവഹിക്കാന്‍ തുടങ്ങുകയായിരുന്നു.

ഭക്ഷണവും മരുന്നും നല്‍കി കുഞ്ഞമ്പുവിനെ ശുശ്രൂഷിച്ചുകൊണ്ടിരിക്കേ സന്തോഷിന് ഇതേപോലെ രോഗാതുരരായവരെ വീണ്ടും കിട്ടി. എണ്ണം അഞ്ചായി, 26 ആയി, 30 ആയി. ഇപ്പോള്‍ 170 പേരുടെ രക്ഷകര്‍ത്താവാണ് സന്തോഷ്.

ജീവിതത്തിലേക്കു മടങ്ങിവന്ന് വിശ്വാസത്തിലേക്കു കടന്നുവന്ന ഒരു ഫ്‌ളാഷ്ബാക്കിനുടമയാണ് ഹൈന്ദവനായിരുന്ന സന്തോഷ്. കര്‍ണാടകയില്‍ മരക്കച്ചവടത്തില്‍ വ്യാപൃതനായിരുന്ന സന്തോഷിന് വലിയ സൗഹൃദങ്ങളോ വിശ്വാസജീവിതമോ ഒന്നുമില്ലായിരുന്നു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കണ്ണൂരിലെ ഒരാത്മാര്‍ത്ഥ പ്രവര്‍ത്തകനായിരുന്നു. കച്ചവട യാത്രയില്‍ ബൈക്കില്‍ നിന്ന് വീണ് തോളെല്ല് പൊട്ടിയിരിക്കവേയാണ് വീടിനടുത്ത സ്‌കറിയാചേട്ടന്‍ രോഗസൗഖ്യത്തിനായി സന്തോഷിനെ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലേക്കയക്കുന്നത്. അല്പ വിശ്രമത്തിനായി ഒരു സ്ഥലം മാറ്റം എന്നതില്‍ക്കവിഞ്ഞ ലക്ഷ്യങ്ങളൊന്നും ആ യാത്രയില്‍ സന്തോഷിനുണ്ടായിരുന്നില്ല. അവിടെ രോഗികള്‍ക്കുള്ള വാര്‍ഡിലാണ് സന്തോഷിന് ഇടം ലഭിച്ചത്. തനിക്ക് ചുറ്റും നോക്കിയപ്പോള്‍ ഇരുകൈകളും ഇല്ലാത്തവര്‍, കാലൊടിഞ്ഞവര്‍, അപസ്മാരരോഗികള്‍, മനോരോഗികള്‍, ആസ്ത്മ രോഗികള്‍ തുടങ്ങിയ വേദനയനുഭവിക്കുന്ന വലിയൊരു കൂട്ടത്തെയാണ് കണ്ടത്. ഇതില്‍ ഭേദപ്പെട്ടവന്‍ തോളെല്ല് പൊട്ടിയ താന്‍ തന്നെയാണെന്ന് സന്തോഷിന് ബോധ്യമായി. ശ്വാസം കിട്ടാതെ വലയുന്ന രോഗികളെ കണ്ടപ്പോള്‍ താനെത്രയോ ഭാഗ്യവാനെന്ന് സന്തോഷ് സ്വയം ആശ്വസിച്ചു. തനിക്ക് പ്രയാസപ്പെടാതെ ശ്വസിക്കാനെങ്കിലുമാകുന്നുണ്ടല്ലോ. 19 വര്‍ഷമായി അപസ്മാരം പിടിപെട്ട ഒരാളെ അയാളുടെ ഭാര്യ സ്‌നേഹത്തോടെ ശുശ്രൂഷിക്കുന്നതു കണ്ടപ്പോള്‍ സന്തോഷില്‍ എന്തൊക്കെയോ പരിവര്‍ത്തനങ്ങളുണ്ടായി. അപസ്മാര രോഗിയുടെ ഭാര്യയോട് സന്തോഷ് ചോദിച്ചു: ഇത്ര വര്‍ഷം ഇദ്ദേഹത്തെ എങ്ങനെ ഇങ്ങനെ ശുശ്രൂഷിക്കാനായി? അവള്‍ പറഞ്ഞു: ദൈവം നല്‍കിയ നിധിയാണെനിക്ക് ഇദ്ദേഹം. ഇത് ഞാന്‍ കാത്തുസൂക്ഷിക്കും. സ്‌നേഹത്തിന്റെയും ബന്ധങ്ങളുടെയും ഊഷ്മളത തിരിച്ചറിഞ്ഞ സന്തോഷ് ഒരു തീരുമാനമെടുത്തു. തന്റെ കൈ ശരിയായാല്‍ ഒരു മാസം താനും ഇവിടെ ശുശ്രൂഷകനായി സേവനമനുഷ്ഠിക്കും.

ഒരു മാസത്തെ ശുശ്രൂഷയെന്ന തീരുമാനത്തില്‍ നിന്നും രണ്ടുവര്‍ഷംവരെ സന്തോഷ് ശുശ്രൂഷകനായി അവിടെ കര്‍മനിരതനായി. അന്ധന്മാരുടെ സെന്റ് ആന്റണീസ് വാര്‍ഡാണ് സന്തോഷിന് ധ്യനകേന്ദ്രാധികൃതര്‍ ശുശ്രൂഷയ്ക്കായി നല്‍കിയത്. ഈയവസരത്തില്‍ അവിടെ നിന്നും ലഭിച്ച ബൈബിള്‍ കയ്യില്‍ സൂക്ഷിച്ചു. വായിക്കാനല്ല, പോരുന്നവഴി കളയാന്‍. റെയില്‍വേസ്റ്റേഷനിലേക്കുള്ള മടക്കയാത്രയിലോ ട്രെയിന്‍ യാത്രയിലോ ഇത് കളയാന്‍ സാധിച്ചില്ല. വീട്ടിലെത്തി കത്തിച്ചുകളയാമെന്നുറപ്പാക്കി. പക്ഷേ വീട്ടിലെത്തിയപ്പോഴും സാഹചര്യം അനുവദിച്ചില്ല. അതിനാല്‍ ആരും കാണാതെ ഭദ്രമായി പൊതിഞ്ഞു സൂക്ഷിച്ചു. ഇതിനിടയില്‍ പല രോഗികളെയും സൗഖ്യത്തിനായി സന്തോഷ് ധ്യാനകേന്ദ്രങ്ങളിലേക്കയച്ചുകൊണ്ടിരുന്നു. ഇതറിഞ്ഞ മാര്‍ക്‌സിസ്റ്റ് പ്രവര്‍ത്തകര്‍ വിലക്കുകയും ശാസിക്കുകയും ഒടുവില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ആയിടയ്ക്ക്തന്നെ ബിജെപി പ്രവര്‍ത്തകരും മതപ്രചരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടാന്‍ സന്തോഷിനെ കാണാന്‍ വീട്ടിലെത്തി. കൂട്ടമായെത്തിയ പ്രവര്‍ത്തകരെ അഭിമുഖീകരിക്കാന്‍ സന്തോഷ് ഭയപ്പെട്ടു. അപ്പോഴാണ് കട്ടിലിനടിയില്‍ വച്ചിരുന്ന ബൈബിള്‍ ആദ്യമായി തുറക്കാന്‍ തോന്നിയത്. തുറന്നപ്പോള്‍ ലഭിച്ച എസെക്കിയേല്‍ പ്രവാചകന്റെ വചനങ്ങള്‍ ശക്തി പകര്‍ന്നു. ധൈര്യസമേതം അവരെ അഭിമുഖീകരിച്ചു.

ഫാ. ജോസ് ചിറ്റിലപ്പിള്ളിയുമായി ധ്യാനകേന്ദ്രത്തില്‍ വച്ചുണ്ടായ സൗഹൃദം സന്തോഷിനെ ജ്ഞാനസ്‌നാനത്തിലേക്ക് നയിച്ചു. ആല്‍വിന്‍ എന്ന പേര് സ്വീകരിച്ച് സന്തോഷ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. അതോടെ തന്റെ ശുശ്രൂഷകള്‍ക്ക് അതിര്‍ത്തികളില്ലാതായി. പല ഭാഷക്കാര്‍, ദേശക്കാര്‍, ജാതിക്കാര്‍ ഒക്കെ സന്തോഷിന്റെ കൃപാലയത്തില്‍ കൃപകള്‍ കണ്ടെത്തി. കൊലപാതക ശിക്ഷകഴിഞ്ഞ് ജയില്‍വാസമവസാനിച്ചവര്‍, ജുവൈനല്‍ കോടതി ശിക്ഷിച്ചവര്‍ തുടങ്ങി ക്രിമിനലുകളായ ഒട്ടേറെപ്പേരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സന്തോഷിനും ഭാര്യ നിര്‍മലയ്ക്കും സാധിച്ചു. അധ്യാപികയായിരുന്ന ഭാര്യ ജോലി ഉപേക്ഷിച്ച് ഭര്‍ത്താവിനോടൊപ്പം ശുശ്രൂഷകളില്‍ പങ്കാളിയായി. മനോനിലതെറ്റി സ്വന്തം മലം തിന്നുകയും മൂത്രം കുടിക്കുകയും ചെയ്തിരുന്ന എത്രയോ പേരെയാണ് ജീവിതത്തിന്റെ പ്രസാദാത്മകതയിലേക്ക് സന്തോഷ് കൂട്ടിക്കൊണ്ടുവന്നിട്ടുള്ളത്. വീടില്ലാത്തവര്‍, സ്വന്തക്കാര്‍ ഉപേക്ഷിച്ചവര്‍, സ്വന്തവും ബന്ധവും കണ്ടെത്താനാകാതെ തെരുവിന്റെ സന്തതികളായി വളര്‍ന്നവര്‍ ഇങ്ങനെ ഇരുണ്ട ഭൂതകാലമുള്ളവരാല്‍ കൃപാലയത്തിലെ അന്തേവാസികളുടെ നിര നീളുകയാണ്. 160 പേരോളം ഇവിടുത്തെ ശുശ്രൂഷകളില്‍ സാന്ത്വനം കണ്ടെത്തി നല്ല മരണം പ്രാപിച്ചിട്ടുണ്ട്.

മാനസിക രോഗിയായ ഉമേഷ് എന്ന 29 കാരന്‍ കൃപാലയത്തിന്റെ നാലാംനിലയില്‍ നിന്ന് ചാടിയപ്പോള്‍ താഴെ വീണ് നട്ടെല്ലിന് താഴെ മലദ്വാരത്തിലേക്ക് കല്ലടിച്ചു കയറി മരിച്ച സംഭവം 13 വര്‍ഷത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ സന്തോഷിന്റെ മുറിവാണ്. ഉമേഷിന്റെ മരണത്തേക്കാളുപരി തുടര്‍ന്നുണ്ടായ പുകിലുകളായിരുന്നു അയാളെ വേദനിപ്പിച്ചത്. മരണാനന്തരം നിയമപ്രകാരം പോസ്റ്റുമോര്‍ട്ടം നടത്തിയതിനുശേഷം ഉമേഷിന്റെ സ്വന്തബന്ധമെന്നവകാശപ്പെട്ടിരുന്നവരെയൊക്കെ മൃതദേഹ സംസ്‌ക്കാരത്തിനെത്താന്‍ അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കുകയോ അവകാശം സ്ഥാപിക്കുകയോ ചെയ്തില്ല. സംസ്‌ക്കാരം കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ ദുരൂഹതയുടെ ലേബലുമായി സ്വന്തബന്ധങ്ങളൊക്കെ കൃപാലയത്തിനെതിരെ തിരിഞ്ഞു. എല്ലാം നിയമാനുസൃതമായതിനാല്‍ ഒന്നും വിലപ്പോയില്ല. പക്ഷേ ജീവിച്ചിരുന്നപ്പോള്‍ തിരിഞ്ഞു നോക്കാതിരുന്ന സമൂഹം മരണാനന്തരം ജീവന്റെ വിലയും മൂല്യവുമായി രംഗത്തെത്തുന്നത് വേദനാജനകം തന്നെയാണെന്ന് സന്തോഷും നിര്‍മ്മലയും പറയുന്നു.

പ്രശ്‌നങ്ങളില്‍ അടിപതറാത്ത വിശ്വാസവും ആത്മധൈര്യവുമാണ് ഈ കാരുണികര്‍ക്ക് സ്‌നേഹശുശ്രൂഷകളില്‍ മുന്നേറാനുള്ള കരുത്ത്.

മക്കള്‍: സോളമന്‍, ജോയേല്‍, സാവൂള്‍.

സന്തോഷ് കൃപാഭവന്‍
കൃപാലയം
പേരാവൂര്‍, കണ്ണൂര്‍, മൊബൈല്‍: 9744164919

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.