പാവങ്ങളുടെ സ്വന്തം പട്ടക്കാരന്‍- വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍

  പാവങ്ങളുടെ വേദനകളിലേയ്ക്ക് ദുരിത സ്ഥിതിയിലേയ്ക്ക് ഇറങ്ങി ചെന്ന, അവര്‍ക്കും നല്ല ജീവിത സാഹചര്യങ്ങള്‍ക്ക് അവകാശം ഉണ്ടെന്നു ഉറച്ചു വിശ്വസിച്ച വൈദികനായിരുന്നു വാഴ്ത്തപ്പെട്ട തേവര്‍ പറമ്പില്‍ കുഞ്ഞച്ചന്‍. പാവങ്ങളെ ചേര്‍ത്തു പിടിച്ചു ആ വിശുദ്ധനായ വൈദികന്‍ നടത്തിയ യാത്ര അനേകരുടെ ഹൃദയങ്ങളെ സ്വാധീനിച്ചു. അവര്‍ കുഞ്ഞച്ചനിലൂടെ തങ്ങളെ സ്‌നേഹിക്കുന്ന ഒരു ദൈവത്തെ കണ്ടു. ആ ദൈവത്തിലേയ്ക്ക് അവര്‍ കടന്നു വന്നു. വിശുദ്ധമായ ഒരു ജീവിത മാതൃക കേരളത്തിനു സമ്മാനിച്ച അദ്ദേഹം ജീവിച്ചിരിക്കുമ്പോഴേ വിശുദ്ധന്‍ എന്ന് വിളിക്കപ്പെട്ടിരുന്നു.

  പാലാ രൂപതയില്‍ രാമപുരം സെന്റ് അഗസ്റ്റിന്‍ ഫൊറോനാപ്പള്ളി ഇടവകയില്‍ തേവര്‍പറമ്പില്‍ വീട്ടില്‍ ഇട്ടിയേപ്പു മാണി, ഏലീശ്വാ ദമ്പതികളുടെ പുത്രനായി 1891 – ഏപ്രില്‍ 1 നു ആണ് കുഞ്ഞച്ചന്‍ ജനിക്കുന്നത്. വരാപ്പുഴ പുത്തന്‍ പള്ളി സെമിനാരിയില്‍ വൈദികപഠനം പൂര്‍ത്തിയാക്കിയ ശേഷം 1921 ഡിസംബര്‍ 17 – ന് ചങ്ങനാശേരി മെത്രാന്‍ മാര്‍ തോമസ് കുര്യാളശേരിയില്‍ നിന്നും വൈദികപട്ടം സ്വീകരിച്ച കുഞ്ഞച്ചന്റെ ജീവിതം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് അദ്ദേഹത്തിന്റെ മരണ ശേഷം ആയിരുന്നു. കാരണം താന്‍ ചെയ്യുന്നത് ഏറ്റവും രഹസ്യമായിരിക്കുവാനും അത് പ്രശസ്തിക്കു വേണ്ടി ആകാതിരിക്കുവാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല പ്രത്യേകമായും ദളിതരുടെ ഇടയിലായിരുന്നു. പറയര്‍, പുലയര്‍ തുടങ്ങിയ വിഭാഗങ്ങളിലെ ജനങ്ങള്‍ അന്ന് ഏറ്റവും താഴ്ന്ന നിലയിലാണ് ജീവിച്ചിരുന്നത്. അവരുടെ ജീവിതങ്ങളെ മികച്ച നിലവാരത്തിലേക്ക് കൊണ്ട് വരാന്‍ കുഞ്ഞച്ചന്‍ അക്ഷീണം പ്രവര്‍ത്തിച്ചു.

  തീണ്ടല്‍ തൊടീല്‍ തുടങ്ങിയ സാമൂഹിക ആചാരങ്ങള്‍ നില നിന്നിരുന്ന സമയമായിരുന്നു അത്. ഉന്നത കുല ജാതരായ ഹിന്ദുക്കള്‍ മാത്രമല്ല ക്രിസ്ത്യാനികള്‍ പോലും താഴ്ന്ന ജാതിയില്‍ ഉള്ളവരെ അടുപ്പിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ അവരുടെ ഇടയിലേക്ക് അഗസ്റ്റിന്‍ അച്ചന്‍ കടന്നു ചെന്നു. അപരിഷ്‌കൃതരും അജ്ഞരും ആയ ഈ സഹോദരങ്ങളും ദൈവത്തിന്റെ മക്കളാണെന്ന് ഉറച്ചു  വിശ്വസിച്ച അച്ചന്‍ അവരുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു. അവര്‍ക്കു അറിവും വിദ്യാഭ്യാസവും നല്‍കുവാനും അവര്‍ക്കുള്ളില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ നീക്കുവാനും അദ്ദേഹം പരിശ്രമിച്ചു. രാമപുരത്തും ചുറ്റുമുള്ള പ്രദേശങ്ങളിലും ഉള്ള ദളിതരായ ആളുകളുടെ വീടുകളിലൂടെ കടന്നു പോയി. സമൂഹം മാറ്റി നിര്‍ത്തിയ തങ്ങളെ സ്‌നേഹിച്ച ആ വൈദികനിലൂടെ അവര്‍ ക്രിസ്തുവിനെ അറിഞ്ഞു. അത് ധാരാളം ആളുകള്‍ ക്രിസ്തുമതത്തില്‍ ചേരുന്നതിനു കാരണമായി. തന്റെ ജീവിത കാലത്തിനിടയില്‍ അയ്യായിരത്തോളം ആളുകള്‍ക്കാണ് കുഞ്ഞച്ചന്‍ മാമ്മോദീസ നല്‍കിയത്. തങ്ങളുടെ ആശ്വാസമായി മാറിയ ആ അച്ചനെ അവര്‍ സ്‌നേഹപൂര്‍വ്വം കുഞ്ഞച്ചന്‍ എന്ന് വിളിച്ചു തുടങ്ങി.

  ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന കുഞ്ഞച്ചന്‍ തന്റെ പ്രവര്‍ത്തനങ്ങളുടെ എല്ലാം ശക്തി സ്രോതസായി കരുതിയിരുന്നത് പരിശുദ്ധ കുര്‍ബാന ആയിരുന്നു. അതിരാവിലെ എഴുന്നേറ്റു ദിവ്യകാരുണ്യ ഈശോയുടെ മുന്നില്‍ മണിക്കൂറുകള്‍ പ്രാര്‍ത്ഥനാ നിരതനാകുന്ന കുഞ്ഞച്ചന്‍ അതിനു ശേഷമാണു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരുന്നത്. തന്റെ എല്ലാ പ്രവര്‍ത്തികളും ദിവ്യകാരുണ്യ ഈശോയ്ക്ക് സമര്‍പ്പിച്ചിരുന്ന കുഞ്ഞച്ചന്‍ ബാക്കി എല്ലാം ദൈവം നോക്കിക്കോളും എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. മണിക്കൂറുകളോളം വിശ്വാസികളെ കുമ്പസാരിപ്പിക്കുവാനായി സമയം കണ്ടെത്തിയിരുന്ന കുഞ്ഞച്ചനെ വിയാനിയച്ചന്റെ മറ്റൊരു പതിപ്പായി ആളുകള്‍ കണ്ടിരുന്നു. അച്ചനെ കാണാന്‍ ദിവസേന അനേകം ആളുകളാണ് അച്ചന്റെ മുറിയില്‍ എത്തിയിരുന്നത്. തന്റെ പക്കല്‍ എത്തുന്നവരോട് ഒരു ഇടയന്റെ സ്‌നേഹത്തോടെ അച്ചന്‍ സംസാരിച്ചിരുന്നു. കുടുംബ കലഹം മൂലം ഓടിപ്പോയ ആളുകളെ അച്ചന്‍ തേടി പിടിച്ച് രമ്യതയില്‍ കൊണ്ടുവരുമായിരുന്നു. തന്റെ മുന്നിലെത്തുന്നവരെ മക്കളെ എന്നാണ് അച്ചന്‍ വിളിച്ചിരുന്നത്.

  വാര്‍ധക്യത്തിന്റെയും രോഗത്തിന്റെ വേദനകളിലും അദ്ദേഹം തന്നെ തേടി എത്തുന്നവരെ ഒരിക്കലും നിരാശരാക്കിയില്ല. ഒരിക്കല്‍ പോലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത് കുഞ്ഞച്ചന്‍ മുടക്കിയിരുന്നില്ല. 1973 ഒക്ടോബര്‍ 16 ന് തന്റെ എണ്‍പത്തി രണ്ടാം വയസില്‍  വാര്‍ദ്ധക്യസഹജമായ അവശത മൂലം അദ്ദേഹം നിര്യാതനായി. താന്‍ എന്നും ബലിയര്‍പ്പിച്ചിരുന്ന രാമപുരം ചെറിയ പള്ളിയുടെ അള്‍ത്താരയിലാണ് അദ്ദേഹത്തെ സംസ്‌കരിച്ചത്. കുഞ്ഞച്ചന്റെ മരണ ശേഷം അദ്ദേഹത്തോട് പ്രാര്‍ത്ഥിക്കുവാനായി അനേകര്‍ അവിടെ എത്തിത്തുടങ്ങി.

  1987 -ല്‍ കുഞ്ഞച്ചന്റെ വിശുദ്ധീകരണ നടപടികള്‍ ആരംഭിച്ചു. ധന്യന്‍ തേവര്‍ പറമ്പില്‍ കുഞ്ഞച്ചന്റെ മധ്യസ്ഥതയില്‍ പ്രാര്‍ഥിച്ചതിന്റെ ഫലമായി അടിമാലി സ്വദേശിയായ ഗില്‍സ എന്ന ബാലന്റെ ജന്മനാ വളഞ്ഞിരുന്ന കാല്‍പാദം അത്ഭുതകരമായി സാധാരണ നിലയിലായി എന്ന സാക്ഷ്യം കണക്കിലെടുത്ത് അദ്ദേഹത്തെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ബനഡിക്ട് പതിനാറാമന്‍ പാപ്പാ ഉയര്‍ത്തി. എന്നും അനേകായിരം ആളുകളാണ് ആ വിശുദ്ധ വൈദികന്റെ കബറിടത്തില്‍ വന്നു പ്രാര്‍ത്ഥിച്ചു കടന്നു പോകുന്നത്. സാമൂഹ്യ അനാചാരങ്ങള്‍ക്കിടയിലും പൗരോഹിത്യ ശുശ്രൂഷ അതിന്റെ പൂര്‍ണ്ണതയില്‍ നിര്‍വഹിച്ച അദ്ദേഹത്തിന്റെ ജീവിതം അനേകര്‍ക്ക് മാതൃകയാണ്.

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.