ആകുലത നിറഞ്ഞ മനസിനെ ശാന്തമാക്കാം ഈ വചനങ്ങളിലൂടെ

അനുദിന ജീവിതത്തിൽ പലതരത്തിലുള്ള ആകുലതകൾ നമ്മെ വലയ്ക്കാറുണ്ട്. ചിലത് നമ്മെ തളർത്തുകയും ജീവിതത്തിൽ മുന്നേറുന്നതിൽ നിന്ന് തടയുകയും ചെയ്യുന്നവ ആയിരിക്കാം. ആകുലതകൾ നമ്മെ വേട്ടയാടുന്നത് എപ്പോഴാണ്? പലപ്പോഴും ദൈവത്തിൽ നിന്ന് അല്പമെങ്കിലും അകലുമ്പോൾ തന്നെയാണ്. എന്നാൽ, ചില കാര്യങ്ങൾ ദൈവം നമ്മുടെ ജീവിതത്തിൽ അനുവദിക്കും. അത് നമ്മെ കഷ്ടപ്പെടുത്താനല്ല മറിച്ച്, ദൈവത്തിന്റെ സാമീപ്യം കൂടുതൽ അറിയിക്കുവാനും അത് ബോദ്ധ്യപ്പെടുത്താനും വേണ്ടിയാണ്.

ദൈവത്തിന്റെ സാന്നിധ്യത്തെ ഓർമ്മപ്പെടുത്തുന്നതും ഉത്കണ്ഠാകുലമായ മനസ്സിനെ ശാന്തമാക്കുന്നതിനും സഹായിക്കുന്ന നിരവധി ഉദ്ധരണികൾ ബൈബിളിലുണ്ട്. അവയിലൂടെ നമുക്ക് കടന്നുപോകാം.

1. “ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാ സ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍” (ഫിലി. 4:6).

2. “ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടു കൂടെയുണ്ട്; സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലതുകൈ കൊണ്ട് ഞാന്‍ നിന്നെ താങ്ങിനിര്‍ത്തും” (ഏശയ്യാ 41:10).

3. “നീതിക്കു വേണ്ടി കഷ്ടതകള്‍ സഹിക്കേണ്ടി വന്നാല്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍. അവരുടെ ഭീഷണി നിങ്ങള്‍ ഭയപ്പെടേണ്ടാ; നിങ്ങള്‍ അസ്വസ്ഥരാവുകയും വേണ്ടാ (1 പത്രോ. 3:14).

4. “ഭയപ്പെട്ടിരിക്കുന്നവരോടു പറയുവിന്‍. ഭയപ്പെടേണ്ടാ, ധൈര്യം അവലംബിക്കുവിന്‍. ഇതാ, നിങ്ങളുടെ ദൈവം പ്രതികാരം ചെയ്യാന്‍ വരുന്നു; ദൈവത്തിന്റെ പ്രതിഫലവുമായി വന്ന് അവിടുന്ന് നിങ്ങളെ രക്ഷിക്കും”(ഏശയ്യാ 35:4).

5. “ഞാന്‍ നിങ്ങള്‍ക്ക് സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു; ലോകം നല്‍കുന്നതു പോലെയല്ല ഞാന്‍ നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ” (യോഹ. 14:27).

6. “ശക്തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോടു ഞാന്‍ കല്‍പിച്ചിട്ടില്ലയോ? നിന്റെ ദൈവമായ കര്‍ത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടു കൂടെ ഉണ്ടായിരിക്കും”(ജോഷ്വ 1:9).

7. “എന്റെ ഹൃദയത്തിന്റെ ആകുലതകള്‍ വര്‍ദ്ധിക്കുമ്പോള്‍ അങ്ങ് നല്‍കുന്ന ആശ്വാസം എന്നെ ഉന്മേഷവാനാക്കുന്നു” (സങ്കീ. 94:19).