ബൈബിളിനെ കുറിച്ചുള്ള ചില വസ്തുതകൾ

എല്ലാ ദിവസവും നാം ബൈബിൾ വായിക്കാറുണ്ടെങ്കിലും വിശുദ്ധ ഗ്രന്ഥത്തെക്കുറിച്ച് നമുക്കറിയാത്ത കാര്യങ്ങൾ ഒരുപാടുണ്ട്. ജീവിതത്തിന്റെ ഭാഗമായി മാറിയ ബൈബിളിനെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ട അടിസ്ഥാനപരമായ കാര്യങ്ങൾ:

1. എന്തുകൊണ്ടാണ് ബൈബിളിനെ ‘തിരുവെഴുത്തുകൾ’ എന്ന് വിളിക്കുന്നത്?

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന പുസ്തകം ബൈബിളാണ്. ലോകത്തിലെ ഇത്രയധികം ഭാഷകളിലേക്ക് തർജ്ജിമ ചെയ്യപ്പെട്ട മറ്റൊരു പുസ്തകം വേറെയില്ല. അതുപോലെ തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന മറ്റൊരു പുസ്തകവും വേറെയില്ല.

‘ബിബ്ലിയ’ എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് ബൈബിൾ എന്ന വാക്കിന്റെ ഉത്ഭവം. ‘ബിബ്ലിയ’ ജന്മംകൊണ്ടത് ഗ്രീക്ക് വാക്കായ ‘ബിബ്ലിയോൺ’ ൽ നിന്നാണ്. ഈ രണ്ടു വാക്കുകളുടെയും അർത്ഥം പുസ്തകം എന്നാണ്. ക്രിസ്തുമതത്തിന്റെ ഏറ്റവും പവിത്രമായ ഗ്രന്ഥമായി ബൈബിളിനെ കണക്കാക്കുന്നതിനാൽ ‘ബുക്ക് ഓഫ് ബുക്ക്സ്’ എന്ന വിശേഷണമുള്ള ബൈബിളിനെ വിശുദ്ധ ഗ്രന്ഥം എന്നതിന് പകരമായി ‘തിരുവെഴുത്ത്’ എന്ന് നാം വിളിച്ചു തുടങ്ങി.

2. ബൈബിളിന്റെ ജനനം

ബൈബിളില്ലാത്ത ക്രൈസ്തവ വിശ്വാസം സങ്കല്പിക്കുവാൻ നമുക്ക് പ്രയാസമാണ്. എന്നാൽ യഥാർത്ഥത്തിൽ ആദ്യത്തെ 300 വർഷക്കാലം ബൈബിൾ ഇല്ലായിരുന്നു. ഒരൊറ്റ ഗ്രന്ഥ സമാഹാരമായി ബൈബിൾ കൂട്ടിച്ചേർക്കപ്പെട്ടത് അതിനു ശേഷമാണ്. ബൈബിളിന്റെ സൃഷ്ടിയും സമാഹാരവും ഒരു നീണ്ട പ്രക്രിയയായിരുന്നു. സഭാ പിതാക്കന്മാരുടെ വിശദമായ പഠനങ്ങൾക്കും കണ്ടെത്തലുകൾക്കും ശേഷം ചരിത്രപരവും ഉപദേശപരവും ദൈവശാസ്ത്രപരവുമായ നിരവധി മാനദണ്ഡങ്ങൾ ഉപയോഗിച്ചുള്ള ഒരു നീണ്ട പ്രക്രിയയാണ് ബൈബിളിന്റെ ജനനത്തിനു പിന്നിലുള്ളത്.

3. എന്താണ് സപ്തജിത്

‘പഴയ നിയമം’ എന്ന് വിശേഷിപ്പിക്കുന്ന തിരുവെഴുത്തുകൾ യഹൂദ വിശുദ്ധ തിരുവെഴുത്തുകളുടെ ഒരു പുരാതന സമാഹാരമാണ്. ഇത് വികസിക്കുകയും ക്രമേണ വാ മൊഴിയായി തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകായും ചെയ്തു. യേശുവിന്റെ ജനനത്തിനു ഏകദേശം 200 വർഷങ്ങൾക്ക് മുൻപ് ഇതേ യഹൂദ തിരുവെഴുത്തുകളായ ഹെബ്രായ ഗ്രന്ഥങ്ങളുടെ ഗ്രീക്ക് തിരുവെഴുത്തുകൾ ഉണ്ടായി. ഇത് ആയിരുന്നു ആദ്യത്തെ വിവർത്തനമായി കണക്കാക്കിയിരുന്നത്. അതിനു ശേഷം ഈജിപ്തിലെ ടോളമി രാജാവ് ഒരു വിവർത്തനത്തിനു ഉത്തരവിട്ടെന്നും ജറുസലേമിൽ നിന്ന് പണ്ഡിതൻമാരെ ക്ഷണിച്ചുവെന്നും ചരിത്രം പഠിപ്പിക്കുന്നു. 12 ഗോത്രങ്ങളിൽ നിന്ന് ആറു വീതം 72 പണ്ഡിതൻമാർ ഈ അഭ്യർത്ഥന പ്രകാരം എത്തിച്ചേർന്നു. പിന്നീട് ഈ വിവർത്തകരെ എല്ലാവരെയും വ്യത്യസ്ത മുറിക്കുള്ളിലാക്കി തർജ്ജമ ചെയ്യുവാൻ അനുവദിച്ചുവെന്നു പറയപ്പെടുന്നു. അതിനു ശേഷം ഈ 72 വിവർത്തനങ്ങളും തമ്മിൽ വളരെയധികം സാമ്യമുള്ളതിനാൽ ഇതിനെ സപ്തജിത് എന്ന് വിളിക്കുവാൻ തുടങ്ങി. ഇത് പിന്നീട് ഒരു പ്രാഥമിക ഉറവിടമായി കണക്കാക്കി.

4. പുതിയ നിയമത്തിന്റെ രൂപീകരണം

യേശുവിന്റെ മരണത്തിനും ഉയിർപ്പിനും ശേഷം വിവിധ എഴുത്തുകാർ മിശിഹായെക്കുറിച്ച് നിരവധി കാര്യങ്ങൾ എഴുതിയിട്ടുണ്ട്. അപ്പസ്തോലന്മ്മാരും അതുപോലെതന്നെ യേശുവിനെ നന്നായി പരിചയമുള്ളതും അപ്പസ്തോലന്മ്മാരുടെ സുഹൃത്തുക്കളും ആയിരുന്നു. അവരെല്ലാം തന്നെ യേശുവിന്റെ ജീവിതത്തെ രേഖാമൂലം സംരക്ഷിക്കുവാൻ ശ്രമിച്ചു. കാലക്രമേണ ഈ കൃതികളുടെ പകർപ്പുകളായി വ്യാപിക്കുകയും വിവിധ ക്രൈസ്തവ സമൂഹങ്ങൾ ഞായറാഴ്ചത്തെ പ്രാർത്ഥനാ വേളയിൽ വായിക്കുവാൻ ആരംഭിക്കുകയും ചെയ്തു.

5. ബൈബിൾ എത്ര തവണ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്?

ഏകദേശം 670 ഭാഷകളിലേക്ക് ബൈബിൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. പുതിയ നിയമം ഏതാണ്ട് 1500 ഭാഷകളിലേക്കും പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും ഭാഗങ്ങൾ ഏകദേശം 3000 ഭാഷകളിലേക്കുമാണ് വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നത്. ലോകത്താകമാനം 7097 ഭാഷകൾ ഉള്ളതിൽ ഏകദേശം 4000 എണ്ണത്തിന് മാത്രമേ ലിപി ഉള്ളു. അതിൽ ഇനി 1000 ഭാഷകൾ കൂടി വിവർത്തനത്തിനായി ശേഷിക്കുന്നുണ്ട്.

6. എങ്ങനെ ബൈബിൾ വായിക്കണം

ഒരുപാട് വിശുദ്ധ ജീവിതങ്ങളുടെ ചരിത്രങ്ങൾ ബൈബിളിൽ പറയുന്നുണ്ട്. എല്ലാത്തിനും ഉപരിയായി ക്രിസ്തുവിന്റെ ജീവിതത്തെയും നാം കാണുന്നുണ്ട്. അതിനാൽ തന്നെ നമ്മുടെ ജീവിതത്തെ എപ്രകാരം മുൻപോട്ടു കൊണ്ടുപോകാമെന്ന് പ്രബോധനങ്ങളിലൂടെയും യേശുവിന്റെ ജീവിതത്തിലൂടെയും കാണിച്ചുതരുന്നുണ്ട്. ധാർമ്മികതയിലൂന്നിയ ഒരുപാട് ഉപമകൾ പറഞ്ഞിട്ടുള്ള യേശുവിന്റെ വാക്കുകളെ ഹൃദയത്തിൽ ചേർത്തുവെയ്ക്കുവാൻ ശ്രമിക്കുമ്പോളാണ് ബൈബിൾ വായനയ്ക്ക് പൂർണ്ണത കൈവരികയുള്ളൂ.

7. ബൈബിൾ എങ്ങനെ വായിക്കരുത്

ബൈബിളിലെ ചില വാക്യങ്ങളോ അധ്യായങ്ങളോ മാത്രമായി വായിക്കുകയാണെങ്കിൽ നമുക്ക് അതിൽ ചില അബദ്ധ ധാരണകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഉത്പത്തിയുടെ പുസ്തകം ഭാഗികമായി വായിക്കുന്നത് അത്ര ശരിയല്ല. കാരണം ഇടയിൽ വെച്ചുള്ള ചില വ്യാഖ്യാനങ്ങളെ തെറ്റിദ്ധരിക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഏവർക്കും ബൈബിൾ വചനങ്ങളൊക്കെ അറിയാമെങ്കിലും അത് തെറ്റായി വ്യാഖ്യാനിക്കാതിരിക്കുകയാണ് അഭികാമ്യം.

8. ബൈബിൾ വായന എവിടെ നിന്ന് തുടങ്ങണമെന്ന ആശയക്കുഴപ്പമുണ്ടോ?

സുവിശേഷങ്ങളിൽ നിന്ന് തുടങ്ങാം. ഏറ്റവും എളുപ്പവും മനസ്സിലാക്കുവാൻ ബുദ്ധിമുട്ടില്ലാത്തതുമായ കാര്യങ്ങളാണ് സുവിശേഷങ്ങളിൽ ഉള്ളത്. അതുപോലെ തന്നെ ഓരോ ദിനത്തിലും നമ്മുടെ ഈ വായന ‘ടൈം ലൈൻ’ പ്രകാരമായിരിക്കണം. അത് നമ്മുടെ ധ്യാനത്തിൽ ഉൾപ്പെടുത്തിക്കൊണ്ടായിരിക്കണം നമ്മുടെ വായന.

സുനീഷ നടവയല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.