ഈ സിസ്റ്റേഴ്സ് 135 വർഷങ്ങളായി വിശുദ്ധ കുർബാനയുടെ മുമ്പില്‍ പ്രാർത്ഥനയിലാണ്

പാരീസിലെ മോണ്ട്മാർട്രെയിലെ സേക്രഡ് ഹാർട്ട് ബസിലിക്കയിൽ ബെനഡിക്റ്റൈൻ സന്യാസിനിമാർ കഴിഞ്ഞ 135 വർഷങ്ങളായി ദിവ്യകാരുണ്യത്തിന്റെ മുൻപിൽ ആരാധന നടത്തുന്നു. 1885 ഓഗസ്റ്റ് 1 മുതൽ ആരംഭിച്ച ആരാധന ഇതുവരെയും മുടങ്ങിയിട്ടില്ല. ഇപ്പോൾ കൊറോണ വൈറസിന്റെ വ്യാപനത്തിലും ഇവർ തങ്ങളുടെ പ്രാർത്ഥന കൂടുതൽ തീക്ഷ്ണതയോടെ തുടരുന്നു. മുടക്കം വരുത്താതെ രാപ്പകൽ ഈ സന്യാസിനിമാർ മാറിമാറി ദിവ്യകാരുണ്യാരാധന നടത്തുന്നു.

“രണ്ട് ലോകമഹായുദ്ധങ്ങളുടെ കാലഘട്ടം ഉൾപ്പെടെ ഒരു നിമിഷം പോലും ഞങ്ങൾ ഈ ആരാധന അവസാനിപ്പിച്ചിട്ടില്ല. 1944-ലെ ബോംബാക്രമണത്തിനിടയിലും ഈ ബസിലിക്കയുടെ സമീപം ചില നാശനഷ്ടങ്ങൾ ഉണ്ടായി. എങ്കിലും ഇവിടെയുള്ള നിത്യാരാധനയ്ക്ക് യാതൊരു കുറവും സംഭവിച്ചില്ല” – സിസ്റ്റേഴ്സ് പറയുന്നു.

കൊറോണ വൈറസിന്റെ ഈ കാലഘട്ടത്തിൽ സാധാരണക്കാരായ ആളുകൾക്ക് പ്രാർത്ഥനയ്ക്ക് വരുവാനുള്ള അനുവാദം ഉണ്ടായിരുന്നില്ല. അതിനാൽ 14 സിസ്റ്റേഴ്സ് മാറിമാറി രാപകലില്ലാതെ ദിവ്യകാരുണ്യ സന്നിധിയിലിരുന്ന് പ്രാർത്ഥിച്ചു. കൊറോണ വൈറസിന്റെ യാതൊരു ബുദ്ധിമുട്ടും തങ്ങൾക്ക് ഉണ്ടായില്ലെന്നും ഈ സഹോദരിമാർ പറയുന്നു.

ഈ പകർച്ചവ്യാധിയുടെ സമയങ്ങളിൽ രോഗികളെ ശുശ്രൂഷിച്ച് അവരെ സഹായിക്കാനോ അവർക്ക് വാക്കുകളിലൂടെയുള്ള ആശ്വാസം പകരുവാനോ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ, രാപ്പകൽ ദിവ്യകാരുണ്യ സന്നിധിയിൽ ആയിരുന്നുകൊണ്ട് ലോകം മുഴുവനുമായി മാദ്ധ്യസ്ഥ്യം വഹിച്ച് പ്രാർത്ഥിക്കുവാൻ ഞങ്ങൾക്ക് സാധിച്ചു – ഈ സിസ്റ്റേഴ്സ് പറയുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.