2020 -ൽ ലോക ശ്രദ്ധയാകർഷിച്ച കത്തോലിക്കർ 

2020 കടന്നു പോകുകയാണ്. ഒരുപാട് പ്രതീക്ഷകളോടെ ആരംഭിച്ച ഈ വർഷം കടന്നു പോകുന്നത് ഏറെ വേദനയുടെ നടുവിലൂടെയാണ്. കോവിഡ് പകർച്ചവ്യാധിയും കലാപങ്ങളും മതപീഡനങ്ങളും ലോകത്തിൽ വര്‍ദ്ധിച്ച സാഹചര്യം. പ്രതിസന്ധികളും പ്രതികൂല സാഹചര്യങ്ങളും ഏറെയാണെങ്കിലും 2020 വർഷത്തെ പ്രത്യാശാഭരിതമാക്കിയ ചില വ്യക്തികൾ ഉണ്ട്. അത്തരത്തിൽ പ്രത്യാശയുടെ നക്ഷത്രങ്ങളായ ഏതാനും കത്തോലിക്കരെ പരിചയപ്പെടാം…

1. വാഴ്ത്തപ്പെട്ട കാർലോ അക്കൂത്തിസ്

2006 -ൽ മരണമടഞ്ഞ ഈ ഇറ്റാലിയൻ കൗമാരക്കാരൻ ഈ വർഷം ഒക്ടോബർ 10 -നാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ടത്. അദ്ദേഹത്തിന്റെ ജീവിതസാക്ഷ്യം ലോകമെമ്പാടും, പ്രത്യേകിച്ച് യുവ കത്തോലിക്കർക്കിടയിൽ വലിയ സ്വാധീനം ചെലുത്തി. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ആധുനിക യുവത്വത്തിന് അവരുടെ ജീവിത സാഹചര്യങ്ങളിൽ അവരെ പോലെ തന്നെ ജീവിച്ച ഒരു വിശുദ്ധനെ ലഭിച്ചു.

1991 മെയ് 3 -ന് ലണ്ടനിൽ ആണ് കാർലോ ജനിച്ചത്. തന്റെ വിശ്വാസത്തിലൂടെ മാതാപിതാക്കളെയും ആഴമായ ക്രൈസ്തവ വിശ്വാസത്തിലേയ്ക്ക് കൊണ്ടുവരുവാൻ അവനു കഴിഞ്ഞു. വിശുദ്ധ കുർബാനയുടെ സൈബർ അപ്പസ്തോലൻ എന്നറിയപ്പെടുന്ന ഈ കൗമാരക്കാരൻ തന്റെ ചുരുങ്ങിയ ജീവിതം ദിവ്യകാരുണ്യ ഭക്തിയിൽ ആഴപ്പെടുവാനും പ്രചരിപ്പിക്കുവാനും മാറ്റിവച്ചു.

2. ഫ്രാൻസിസ് പാപ്പാ 

പകർച്ച വ്യാധികളുടെ മദ്ധ്യേയും തനിക്കായി ഏൽപ്പിച്ച ദൈവജനത്തിന്റെ വിശ്വാസം സംരക്ഷിക്കുവാൻ ഫ്രാൻസിസ് പാപ്പാ പരിശ്രമിച്ചു. കോവിഡ് പകർച്ചവ്യാധി മൂലം വിജനമായ റോമിന്റെ തെരുവുകളിൽ കൂടെ പ്രാർത്ഥനാപൂർവം നടക്കുന്ന പാപ്പായുടെ ചിത്രം ലോകം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കിയത്. വേദനകളുടെയും പ്രയാസങ്ങളുടെയും ഇടയിൽ ലോകത്തിനു ആശ്വാസമായി മാറിയിരുന്നു പാപ്പായുടെ ‘ഉർബി എത്ത് ഓർബി’ ആശീർവാദം. വിശുദ്ധ യൗസേപ്പിതാവിന്റെ വർഷവും കുടുംബ വർഷവും പ്രഖ്യാപിച്ചുകൊണ്ട് വരുന്ന ഒരു വർഷവും പ്രതീക്ഷാ നിര്‍ഭരമാക്കുകയാണ് ഫ്രാൻസിസ് പാപ്പാ.

3. കർദിനാൾ ജോർജ്ജ് പെൽ

ലൈംഗികാരോപണ കേസിയിൽ വിചാരണയിൽ കഴിയുകയായിരുന്ന കർദ്ദിനാൾ ജോർജ്ജ് പെല്ലിനെ ഓസ്‌ട്രേലിയൻ കോടതി വെറുതെ വിടുമ്പോൾ ലോകം അദ്ദേഹത്തിലേയ്ക്ക് ഉറ്റുനോക്കുകയായിരുന്നു. ക്രിസ്തുവിന്റെ കുരിശിനോട് ചേർത്തു വച്ച് തന്റെ സഹനങ്ങളെ നേരിട്ട അദ്ദേഹം സഹനങ്ങളുടെ മദ്ധ്യേ കഴിയുന്നവർക്ക് പ്രതീക്ഷ പകർന്നു.

4. എഡ്വേർഡോ വെറെസ്റ്റെഗുയി

മെക്സിക്കൻ നടനും നിർമ്മാതാവും ആണ് എഡ്വേർഡോ വെറെസ്റ്റെഗുയി. മെയ് പതിമൂന്നാം തീയതി മുതൽ പകർച്ചവ്യാധി അവസാനിക്കുന്നതിനായി പ്രത്യേക നിയോഗം വച്ച് അദ്ദേഹം ജപമാല പ്രാർത്ഥന സോഷ്യൽ നെറ്റ് വര്‍ക്കുകളില്‍ തത്സമയ പ്രക്ഷേപണം ചെയ്തു. ഇതുവഴി ദശലക്ഷക്കണക്കിന് ആളുകളാണ് ജപമാല പ്രാർത്ഥനയിൽ പങ്കെടുത്തത്. ജപമാല പ്രാർത്ഥനയുടെ തത്സമയ സംപ്രേക്ഷണം തുടങ്ങിയിട്ട് ഏഴുമാസങ്ങൾ പിന്നിടുകയാണ്.

ഇതു കൂടാതെ ജീവന്റെ സംരക്ഷണത്തിനായും മനുഷ്യക്കടത്തിനെതിരായും ഇദ്ദേഹം പ്രവർത്തിക്കുന്നു. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘സൗണ്ട് ഓഫ് ഫ്രീഡം’ -ത്തിന്റെ കേന്ദ്രവിഷയവും ഇതു തന്നെയാണ്.

5. ഫാ. ഒമർ സാഞ്ചസ് പോർട്ടിലോ

പെറുവിലെ ലൂറിനിലുള്ള അസോസിയേഷൻ ഓഫ് ബീറ്റിറ്റുഡ്സിന്റെ ഭവനത്തിലെ ഡയറക്ടർ ആണ് ഫാ. ഒമർ. നവജാത ശിശുക്കൾ, കുട്ടികൾ, കൗമാരക്കാർ, ചെറുപ്പക്കാർ, ബന്ധുക്കളാൽ ഉപേക്ഷിക്കപ്പെട്ട മുതിർന്നവർ, പ്രായമായവർ, ശാരീരിക, മാനസിക രോഗങ്ങൾ തുടങ്ങിയവയാൽ വലയുന്നവര്‍ എന്നിവരെ  സംരക്ഷിക്കുന്ന സ്ഥാപനമാണ് ഇത്. കൂടാതെ പഠിക്കുവാൻ സമർത്ഥരായ, എന്നാൽ സാമ്പത്തികം ഇല്ലാത്ത കുട്ടികളെയും ഇവർ പഠിപ്പിക്കുന്നു.

ഈ കോവിഡ് കാലത്ത് 1,43,000 ഭക്ഷണ കിറ്റുകൾ ആവശ്യക്കാരിലേയ്ക്ക് എത്തിക്കുവാൻ ഈ വൈദികന്റെ നേതൃത്വത്തിൽ കഴിഞ്ഞു. ഒപ്പം കോവിഡ് ബാധിതർക്ക് സഹായം, ഓക്സിജൻ ബലൂണുകൾ എന്നിവയും നൽകി. കൂടാതെ ഓക്സിജൻ സിലിണ്ടറുകൾ വാങ്ങിക്കുവാനുള്ള ധനസഹായവും ഈ അസോസിയേഷൻ നൽകി.

6. ആർസൂ രാജയും മരിയ ഷഹബാസും 

പാക്കിസ്ഥാനിൽ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളുടെ മുഖമാണ് ഈ പെൺകുട്ടികൾ. മധ്യവയസ്കരായ മുസ്ലീങ്ങൾ തട്ടിക്കൊണ്ടു പോവുകയും പീഡിപ്പിക്കുകയും നിർബന്ധിച്ചു മതം മാറ്റി വിവാഹം ചെയ്യുകയും ചെയ്ത അനേകം പെൺകുട്ടികളിൽ രണ്ടു പേർ. നീതിക്കായി അപേക്ഷിച്ച ഇവർക്ക് മുന്നിൽ പാക്കിസ്ഥാനിലെ കോടതി പോലും നല്ല ഭാര്യയാകുവാൻ നിർദ്ദേശിക്കുമ്പോൾ കണ്ണീരോടെ ഇറങ്ങി വരേണ്ടി വന്നവർ. എന്നാൽ ലോകം ഇവർക്കൊപ്പം നിന്നു. ആർസൂ രാജയ്ക്ക് വേണ്ടിയും മരിയ ഷഹബാസിന് വേണ്ടിയും ലോകമെമ്പാടും ശബ്ദം ഉയർന്നു. ഇവർ ഇപ്പോൾ ഒളിവിലാണ് കഴിയുന്നത്. കാരണം വധഭീക്ഷണിയുണ്ട് ഇവർക്ക് നേരെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.