ഇവർ സഹവൈദികരാണ്; ഒപ്പം സഹോദരങ്ങളും

ഫാ. ഏഞ്ചൽ പെരെസ് ലോപസ്, ഫാ. ഇസ്രായേൽ പെരെസ് ലോപസ്. ഇവർ രണ്ടുപേരും അമേരിക്കയിലെ ഡെൻവറിലെ സാൻ സയെന്റനോ ഇടവകയിലെ വൈദികരാണ്. സഹവൈദികർ എന്നതിനേക്കാളുപരി സഹോദരങ്ങളുമാണിവർ. സ്‌പെയിനിലെ ഒരു കത്തോലിക്കാ കുടുംബത്തിൽ ജനിച്ചുവളർന്ന ഇവരെ ദൈവം ഒരുമിച്ച് പൗരോഹിത്യത്തിലേക്ക് വിളിച്ചു.

ഫാ. ഏഞ്ചൽ തന്റെ എട്ടാം വയസ്സിൽ ദൈവവിളി തിരിച്ചറിഞ്ഞതാണ്. മാതാപിതാക്കളോടൊപ്പം ഒരു പ്രാർത്ഥനാ മീറ്റിംഗിൽ പങ്കെടുക്കുമ്പോൾ തന്റെ പൗരോഹിത്യത്തിലേക്കുള്ള വിളിയെക്കുറിച്ച് ആ എട്ടുവയസുകാരൻ മനസ്സിലാക്കി. പ്രായപൂർത്തിയായപ്പോഴും ആ ആഗ്രഹം മനസ്സിൽ ഉണ്ടായിരുന്നുവെങ്കിലും വിവാഹജീവിതമാണ് തനിക്ക് ചേരുന്നത് എന്നു കരുതി. എന്നാൽ കാര്യത്തോടടുത്തപ്പോൾ തന്റെ വിളി അതല്ല എന്ന് അദ്ദേഹം തിരിച്ചറിയുകയായിരുന്നു.

“ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് ദൈവത്തോട് ചോദിക്കുന്നതിനു പകരം ദൈവം ആവശ്യപ്പെടുന്നതെന്തും ചെയ്യുവാൻ ഞാൻ തയ്യാറായി എന്നതാണ് സത്യം” – ഫാ. ഏഞ്ചൽ പറയുന്നു. അങ്ങനെ പത്തൊൻപതാം വയസ്സിൽ സെമിനാരിയിൽ ചേർന്നു.

ഫാ. ഇസ്രേയലിന്റെ ദൈവവിളിയും പ്രത്യേകത നിറഞ്ഞതായിരുന്നു. തന്റെ അമ്മയുടെ ഉദരത്തിലായിരിക്കുമ്പോഴേ ദൈവം വിളിച്ചതാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഗർഭിണിയായിരിക്കെ അമ്മ കഴിച്ച ഒരു മരുന്ന് ഗർഭസ്ഥശിശുവിന് ദോഷം ചെയ്യുന്നതായിരുന്നു. ഒന്നുകിൽ കുഞ്ഞ് മരിക്കും അല്ലെങ്കിൽ വൈകല്യങ്ങളോടു കൂടിയ ജനനമായിരിക്കും എന്നായിരുന്നു ഡോക്ടർമാർ വിധിയെഴുതിയത്. എന്നാൽ ആ അമ്മയുടെ കണ്ണുനീരൊഴുക്കിയുള്ള പ്രാർത്ഥനയാൽ പൂർണ്ണ ആരോഗ്യവാനായ കുഞ്ഞിനെ നൽകി ദൈവം അനുഗ്രഹിച്ചു. അങ്ങനെ അവിടുത്തെ ജനമായ ഇസ്രയേലിന്റെ പേര് നൽകിക്കൊണ്ട് മാതാപിതാക്കൾ അവനെ വളർത്തി. തന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ കർത്താവ് ദാനമായി നൽകിയ തന്റെ ജനനത്തിനു പിന്നിലെ കഥകളറിഞ്ഞ ഇസ്രായേൽ, തന്റെ ജീവിതം ദൈവത്തിനു തന്നെ നൽകുമെന്ന് തീരുമാനിച്ചു. “എനിക്കുവേണ്ടി അത്ഭുതം പ്രവർത്തിച്ച ദൈവത്തിനല്ലാതെ എന്റെ ജീവിതം മറ്റാർക്കാണ് നൽകേണ്ടത്” – ഫാ. ഇസ്രായേൽ വെളിപ്പെടുത്തി.

രണ്ടു പുരോഹിതർക്കും പൗരോഹിത്യത്തെക്കുറിച്ചും തങ്ങളുടെ ദൗത്യത്തെക്കുറിച്ചും വ്യക്തമായ കാഴ്ച്ചപ്പാടുകളുണ്ട്. അതിനാൽ തന്നെ അവരുടെ വിളിയും ദൗത്യവും അവർക്ക് ഏറ്റവും മികച്ചതായി ചെയ്യുവാനും നിലനിർത്തുവാനും സാധിക്കുന്നു.

“എന്നേക്കാൾ അഞ്ച് വയസ്സ് ഇളയതാണ് ഫാ. ഇസ്രായേൽ. അദ്ദേഹം ഐ ഫോൺ പോലെയാണ്. എന്നേക്കാൾ മോഡേൺ. എന്നേക്കാൾ നൂറിരട്ടിയായി കാര്യങ്ങൾ ചെയ്യുവാൻ സാധിക്കുന്ന പുരോഹിതൻ. നിരവധി ആപ്പുകൾ ഒരേസമയം പ്രവർത്തിക്കുന്നതുപോലെ. ചുരുക്കത്തിൽ എന്റെ ഏറ്റവും മികച്ച വേർഷൻ ആണ് ഫാ. ഇസ്രായേൽ” – ഫാ. ഏഞ്ചൽ പറയുന്നു.

“കൂടാതെ നല്ല സൗഹൃദങ്ങൾ സാഹോദര്യത്തിൽ നിന്നും മാത്രമല്ല വരുന്നത്. ദൈവമാണ് അവരെ കൂട്ടായ്‌മയിൽ ജീവിപ്പിക്കുന്നത്. അത് രക്തമോ മാംസമോ അല്ല, സ്വാഭാവികബന്ധങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. രണ്ടുപേർക്കിടയിൽ കർത്താവ് പൊതുവായുണ്ടെങ്കിൽ അവിടുന്ന് നമ്മെ ഐക്യത്തിൽ ജീവിക്കുവാൻ പ്രേരിപ്പിക്കും” – ഫാ. ഇസ്രായേൽ കൂട്ടിച്ചേർത്തു.

ദൈവത്തെ സ്വന്തമാക്കുകയാണ് ഏറ്റവും പ്രധാനമെന്ന് ഇരുവരും ഒരേ സ്വരത്തിൽ പറയുന്നു. അവര്‍ക്ക് ലഭിച്ച ദൈവവിളിയെ ഏറ്റവും മനോഹരമാക്കുവാൻ നമുക്കും പ്രാർത്ഥിക്കാം.

വിവർത്തനം: സുനീഷ നടവയൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.